Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എനിക്ക് 5,000...

‘എനിക്ക് 5,000 ഭാര്യമാരില്ല, ഭാര്യയോ നാട്ടുകാരോ തല്ലിയിട്ടില്ല, ഞാൻ തിരിച്ചും തല്ലിയിട്ടില്ല’ -ഗണേഷ് കുമാറിനെതിരെ ​ജ്യോതികുമാർ ചാമക്കാല

text_fields
bookmark_border
‘എനിക്ക് 5,000 ഭാര്യമാരില്ല, ഭാര്യയോ നാട്ടുകാരോ തല്ലിയിട്ടില്ല, ഞാൻ തിരിച്ചും തല്ലിയിട്ടില്ല’ -ഗണേഷ് കുമാറിനെതിരെ ​ജ്യോതികുമാർ ചാമക്കാല
cancel

പത്തനാപുരം: പൊതുപ്രവർത്തകന് സ്വഭാവശുദ്ധി നിർബന്ധമാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല. സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയരാകുന്നവരാണ് പൊതുപ്രവർത്തകർ. അങ്ങനെയിരിക്കെ തനിക്ക് എന്തുമാകാമെന്നും 5000 കാമുകിമാർ ഉണ്ട് എന്നുമൊക്കെ പരസ്യമായി ഒരു ജനപ്രതിനിധി പറയുന്നത് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി. ഗണേഷ്‍കുമാർ ഉൾപ്പെട്ട സമീപകാല വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് 5000 ഭാര്യമാരൊന്നുമില്ല. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ്. നല്ല സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു പോകുന്നു. എന്നെ ഭാര്യ തല്ലിയിട്ടില്ല. എന്നെ നാട്ടുകാരും തല്ലിയിട്ടില്ല. ഞാൻ തിരിച്ചും തല്ലിയിട്ടില്ല. പൊതുപ്രവർത്തകർക്ക് ഉണ്ടാകേണ്ട അടിസ്ഥാനപരമായ മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് തന്നെയാണ് ഞാൻ ഈ ​തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

വിവാദ വിഷയങ്ങൾ ചർച്ചയാകും എന്ന കാര്യത്തിൽ തർക്കമില്ല. നമ്മൾ ആരും പറയേണ്ടതില്ല, ജനങ്ങൾ തന്നെ ചർച്ച ചെയ്യുന്നുണ്ട്. ഫലം വരുമ്പോൾ ആളുകൾ എന്നെ ചേർത്തു നിർത്തുമെന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ജയിച്ചാലും ഈ മണ്ഡലത്തിൽ സജീവമായി ഉണ്ടാകുമെന്ന് കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി സജീവമായി മണ്ഡലത്തിൽ നിന്നയാളാണ്. അവരുടെ സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. അത് അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. വിവാഹത്തിന് ക്ഷണിച്ചാൽ ഞാൻ അവിടെ പോയിട്ടുണ്ട്. മരണവീടുകളിൽ ബന്ധുക്കളെ ആശ്വസിപ്പിച്ച് അനുശോചനം രേഖപ്പെടുത്തുക എന്നത് പൊതുപ്രവർത്തകൻ അടിസ്ഥാനമായി ചെയ്യേണ്ട ഒരു കർത്തവ്യമാണ്. പക്ഷേ അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ എതിർസ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ശവപ്പെട്ടി കച്ചവടക്കാരന്റെ മനസ്സുള്ള ആളെന്നും ശവംതീനി എന്നും എന്തെല്ലാം തരത്തിലാണ് നമ്മുടെ എംഎൽഎ ആക്ഷേപിച്ചിട്ടുള്ളത്. ഞാൻ ഒരു ഘട്ടത്തിലും പ്രതികരിച്ചിട്ടില്ല. അതിനൊക്കെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. മരണവീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് തെറ്റാണെങ്കിൽ ആ തെറ്റ് ഞാൻ ഇനിയും ആവർത്തിക്കും.

ഞങ്ങളുടെ മുദ്രാവാക്യം തന്നെ അരികിലുണ്ട് ചാമക്കാല എന്നാണ്. അരികിലോ കയ്യാലപ്പുറത്തോ ഒന്നുമല്ല, ജനങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഇന്നലെ എതിർസ്ഥാനാർഥി പൊതുയോഗത്തിൽ പറയുന്നത് കേട്ടു. ജനങ്ങളുടെ ഇടയിൽ ഇല്ല, വേറെ സ്ഥലങ്ങളിലുണ്ട്. എന്നെകൊണ്ട് അത് പറയിക്കാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പായതുകൊണ്ട് ഞാൻ മറ്റൊന്നും പറയുന്നില്ല. ജനങ്ങൾ തീരുമാനിക്കട്ടെ, ജനങ്ങളാണ് യജമാനന്മാർ. ഞാൻ ജനങ്ങളോടൊപ്പം ചേർന്നു നിന്നിട്ടുണ്ട്. ഈ നിയോജകമണ്ഡലത്തിലെ വോട്ടർമാരെ എനിക്ക് പരിപൂർണ വിശ്വാസമുണ്ട്. അവർ എന്നോടൊപ്പം ചേർന്ന് നിൽക്കും, യുഡിഎഫിനോടൊപ്പം ചേർന്നു നിൽക്കും -അദ്ദേഹം പറഞ്ഞു.

‘എനിക്ക് പത്തനാപുരം നിയോജകമണ്ഡലത്തിലെ വോട്ടർമാരെ പരിപൂർണമായ വിശ്വാസമാണ്. കഴിഞ്ഞ തവണ ഞാൻ ഈ മണ്ഡലത്തിലേക്ക് കടന്നു വരുമ്പോൾ മുൻകാല സ്ഥാനാർഥികളെ പോലെ ഒരു വരത്തനായി വന്ന് അതുപോലെ മടങ്ങി പോകുമെന്നാണ് കരുതിയത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷവും സജീവമായി ഈ മണ്ഡലത്തിൽ നിന്ന ആളെന്ന നിലയിൽ, ഈ മണ്ഡലത്തിലെ ജനങ്ങളുടെ സുഖദുഃഖങ്ങളിൽ സജീവമായി നിന്ന ആളെന്ന നിലയിൽ എനിക്ക് അവരിൽ നല്ല വിശ്വാസമാണ്. അവർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയും. അതുകൊണ്ടുതന്നെ യുഡിഎഫിന് അനുകൂലമായ ഒരു വിധിയെഴുത്ത് ഉണ്ടാകും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

വലിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും ഒരു തർക്കവും വേണ്ട. ആർ ബാലകൃഷ്ണ പിള്ള സാറും വി എസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും ഇല്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. ഉമ്മൻചാണ്ടി സാറുമായി ബന്ധമുള്ള കേരളീയരുടെ വികാരം വ്രണപ്പെടുത്തിയ പ്രതിനിധിയുള്ള മണ്ഡലമാണ് പത്തനാപുരം. ഈ മൂന്ന് മഹാമേരുക്കളുടെ അഭാവത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അവരോട് നീതി പുലർത്തണം. പ്രത്യേകിച്ച് ഉമ്മൻചാണ്ടിയോട്. അതിന് ഈ മണ്ഡലത്തിലെ വോട്ടർമാർ സജ്ജരാണ് എന്ന കാര്യത്തിൽ സംശയമില്ല’ -​േജ്യാതികുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jyothikumar chamakkalaKB Ganesh KumarKerala Assembly Election 2026
News Summary - kerala assembly election 2026: jyothikumar chamakkala against kb ganeshkumar
Next Story