ചാത്തന്നൂരിൽ ബി.ജെ.പിക്ക് അട്ടിമറി ജയം; തുടക്കംമുതൽ ഡീൽ സംശയം ഉയർന്ന മണ്ഡലം
text_fieldsകൊല്ലം: കേരളത്തിന്റെ രാഷ്ട്രീയ റഡാറിൽ അധികമാരും ശ്രദ്ധിക്കാത്ത ചാത്തന്നൂർ മണ്ഡലത്തിൽ അട്ടിമറി വിജയം നേടി ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ബി. ഗോപകുമാറാണ് നാലായിരത്തിലേറെ വോട്ടിന് ജയിച്ചത്. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റും ബി.ജെ.പി മുൻ ജില്ല പ്രസിഡന്‍റുമാണ് ഗോപകുമാർ.
സി.പി.ഐ കുത്തക മണ്ഡലമായ ഇവിടെ ഇത്തവണ ത്രികോണ പോരിനാണ് സാക്ഷ്യം വഹിച്ചത്. എന്നാൽ, സി.പി.ഐ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും പ്രചാരണ പ്രവർത്തനങ്ങളിലെ മാന്ദ്യവും നേരത്തെ തന്നെ അട്ടിമറിയിലേക്കുള്ള സൂചന നൽകിയിരുന്നു.
അതേസമയം, എ ക്ലാസ് മണ്ഡലമായി ബി.ജെ.പി ലിസ്റ്റ് ചെയ്ത ഇവിടെ ഉത്തരേന്ത്യയിൽനിന്നുള്ള എം.എൽ.എമാരടക്കം ക്യാമ്പ് ചെയ്ത് വീടുകൾ കയറിയിറങ്ങുയിരുന്നു. നേമത്ത് പരാജയപ്പെട്ടാലും ചാത്തന്നൂർ നേടുമെന്ന് ബി.ജെ.പി ഉറപ്പിച്ചിരുന്നു. സ്ഥാനാർഥികളിൽ മണ്ഡലത്തിൽ നിന്നുള്ള വ്യക്തി ഗോപകുമാർ മാത്രമായതും ബി.ജെ.പിക്ക് തുണയായി.
കഴിഞ്ഞ രണ്ടു തവണയായി രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി ഇത്തവണ ആത്മവിശ്വാസത്തോടെ പ്രചാരണത്തിൽ മുന്നേറി. എന്നാൽ, പ്രതിരോധിക്കാത്ത പ്രവർത്തന ശൈലി ഇടതിനെയടക്കം സംശയ നിഴലിലാക്കിയിരുന്നു. സാമുദായിക സമവാക്യങ്ങളാണ് മണ്ഡലത്തിന്‍റെ ഗതിവിഗതികൾ നിശ്ചയിക്കുന്നത്. ഈഴവ, നായർ വോട്ടുകളിൽ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുന്നവരെല്ലാം ഒരേ സമുദായത്തിൽപ്പെട്ടവരാണ്. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റും ബി.ജെ.പി മുൻ ജില്ല പ്രസിഡന്‍റുമായ ബി.ബി. ഗോപകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഇദ്ദേഹത്തിനായിരുന്നു ഇവിടെ രണ്ടാംസ്ഥാനം.
കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ച ജി.എസ്. ജയലാൽ പാർട്ടി കെട്ടുറപ്പിന്‍റെ വോട്ടിനൊപ്പം തന്‍റെ സമുദായമായ നായർ വോട്ടുകൂടി സമാഹരിച്ചാണ് വിജയിച്ചിരുന്നത്. ബി.ജെ.പിയെ തോൽപിക്കാൻ ന്യൂനപക്ഷ വോട്ടും ജയലാലിനാണ് ലഭിച്ചിരുന്നത്. ജയലാലിന് പിൻഗാമിയായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആർ. രാജേന്ദ്രനെ കളത്തിലിറക്കിയപ്പോൾ പാർട്ടിയോ മുന്നണിയോ വേണ്ടരീതിയിൽ ഗൃഹപാഠം ചെയ്തില്ലെന്നുവേണം കരുതാൻ.
ഇടക്കാലത്ത് പാർട്ടിയിൽനിന്ന് പിണങ്ങി സി.എം.പിയിൽ പ്രവർത്തിച്ച് തിരികെ വന്ന രാജേന്ദ്രനെ സ്ഥാനാർഥിയായി നിശ്ചയിച്ചതടക്കം സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പ്രവർത്തനം മറ്റേതെങ്കിലും മണ്ഡലത്തിൽ ആരെങ്കിലുമായി ഡീൽ ഉറപ്പിച്ചതിന്‍റെ ഭാഗമായാണോ എന്ന സംശയം ജനിപ്പിച്ചിരുന്നു. യു.ഡി.എഫിന്‍റേതുപോലെതന്നെ പാർട്ടി മിഷനറി തീർത്തും ദുർബലമായാണ് പ്രവർത്തിക്കുന്നത്. സ്ഥാനാർഥിയാകട്ടെ ജനങ്ങളിലേക്ക് സജീവമായി ഇറങ്ങിയതുമില്ല.
കെ.പി.സി.സി സെക്രട്ടറി കൂടിയായ യു.ഡി.എഫിന്‍റെ സൂരജ് രവി മികച്ച സ്ഥാനാർഥിയായിരുന്നെങ്കിലും മണ്ഡലത്തിൽ നേരത്തേതന്നെ ദുർബലമായ പാർട്ടി അടിത്തറയിൽനിന്ന് കരകയറിയില്ല. കെട്ടിയിറക്കിയ സ്ഥാനാർഥിയെന്ന പേരുദോഷവും കൂടിയായതോടെ പരാജയം ഉറപ്പിച്ച മട്ടിലായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

