ഇനി വെറും 24 ദിവസം! വരാനിരിക്കുന്നത് കൂട്ടപ്പൊരിച്ചിൽ; പത്രിക നൽകി പിറ്റേന്ന് സൂക്ഷ്മ പരിശോധന, പിൻവലിക്കാൻ രണ്ടുദിവസം
text_fieldsന്യൂഡൽഹി: 24 ദിവസങ്ങൾക്കപ്പുറം, ഏപ്രിൽ ഒമ്പതിന് നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം പോളിങ് ബൂത്തിലേക്ക്. ഈ മാസം 23 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. പത്രികകളുടെ സൂക്ഷ്മ പരിശോധന 24ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 26 ആണ്. കേരളത്തിൽ എട്ടു ദിവസത്തിനകം പത്രിക സമർപ്പിച്ച് മാർച്ച് 26ന് ചിത്രം തെളിഞ്ഞുകഴിഞ്ഞാൽ രണ്ടാഴ്ച മാത്രമേ പിന്നീട് വോട്ടെടുപ്പിന് ബാക്കിയുള്ളൂ.
ഫലം മറ്റു നാല് നിയമസഭകൾക്കൊപ്പം മേയ് നാലിന് പ്രഖ്യാപിക്കും. കേരളത്തോടൊപ്പം പുതുച്ചേരിയിലും അസമിലും ഒമ്പതിന് വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിൽ ഏപ്രിൽ 23നും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23നും 29 നുമാണ് തെരഞ്ഞെഞടുപ്പ്. ആദ്യഘട്ടത്തിൽ 152ഉം രണ്ടാംഘട്ടത്തിൽ 142ഉം മണ്ഡലങ്ങൾ ബൂത്തിലേക്ക് നീങ്ങും. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് കേരളമടക്കം അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച ഇറങ്ങും. കഴിഞ്ഞതവണ എട്ടു ഘട്ടങ്ങളിലായി നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഇക്കുറി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. എല്ലാവരുമായും കൂടിയാലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് എട്ടിൽനിന്ന് രണ്ടാക്കി ചുരുക്കിയതെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. കേരളത്തിലെ 2.70 കോടി വോട്ടർമാരിൽ 1.31 കോടി സ്ത്രീ വോട്ടർമാരും 1.25 കോടി പുരുഷ വോട്ടർമാരുമാണ്. 4.24 ലക്ഷം കന്നി വോട്ടർമാരാണ്. ഇവർക്കായി 30,471 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.
വോട്ടർമാർക്ക് സ്ഥാനാർഥികളെ എളുപ്പത്തിൽ തിരിച്ചറിയാൻ അവരുടെ കളർ ഫോട്ടോ വോട്ടുയന്ത്രത്തിൽ പതിപ്പിക്കും. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും കൂടി 17.4 കൂടി വോട്ടർമാർ 824 നിയമസഭാ മണ്ഡലങ്ങളിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ആകെ 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. 25 ലക്ഷം ഉദ്യോഗസ്ഥരെയാണ് അഞ്ചിടങ്ങളിൽകൂടി നിയോഗിച്ചിരിക്കുന്നത്. ഒരു ബൂത്തിൽ ശരാശരി 750 - 900 വോട്ടർമാർ എത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

