മന്ത്രിമാരെ മത്സരിപ്പിക്കാൻ സി.പി.ഐ; ഭൂരിപക്ഷം എം.എൽ.എമാർക്കും അവസരം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ വിലയിരുത്താൻ ചേർന്ന സി.പി.ഐ നേതൃയോഗത്തിൽ പാർട്ടിയുടെ നാല് മന്ത്രിമാരെയും വീണ്ടും മത്സരരംഗത്തിറക്കാൻ പൊതുധാരണ. കെ. രാജൻ (ഒല്ലൂർ), ജി.ആർ. അനിൽ (നെടുമങ്ങാട്), പി. പ്രസാദ് (ചേർത്തല), ജെ. ചിഞ്ചുറാണി (ചടയമംഗലം) എന്നിവർ അതാത് മണ്ഡലങ്ങളിൽ തന്നെയായിരിക്കും വീണ്ടും ജനവിധി തേടുക. എം.എൽ.എമാരിൽ വിജയസാധ്യതയുള്ളവരെ മുഴുവൻ വീണ്ടും പരിഗണിക്കും. അതിനായി രണ്ട് ടേം വ്യവസ്ഥയിൽ ഇളവനുവദിക്കും. അതേസമയം മൂന്ന് ടേം പൂർത്തിയാക്കിയ ഇ. ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), വി. ശശി (ചിറയൻകീഴ്), ചിറ്റയം ഗോപകുമാർ (അടൂർ), ജി.എസ്. ജയലാൽ (ചാത്തന്നൂർ), ഇ.കെ. വിജയൻ (നാദാപുരം) എന്നിവർക്കുപകരം പുതിയവർ എത്തും. ഇവിൽ ചിലരെ മാറ്റുന്നത് സീറ്റ് നഷ്ടമാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ജയത്തിനായിരിക്കും എല്ലായിടത്തും മുഖ്യപരിഗണന.
എ.ഐ.വൈ.എഫ്, മഹിള സംഘം, എ.ഐ.ടിയു.സി അടക്കമുള്ള വർഗ ബഹുജന സംഘടനകൾക്കെല്ലാം സീറ്റുകളിൽ പ്രതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം യുവത്വത്തിനും പരിഗണന നൽകും. പാർട്ടി കഴിഞ്ഞ തവണ മത്സരിച്ച 25 സീറ്റുകളിൽ രണ്ടെണ്ണം വെച്ചുമാറുന്നതും ആലോചനയിലുണ്ട്. എൽ.ഡി.എഫിലെ ഉഭയകക്ഷി ചർച്ചയിലാവും ഇക്കാര്യത്തിൽ ധാരണയാവുക.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറ്റുമുട്ടുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

