തെക്കും പിടിച്ച് സ്വപ്നക്കുതിപ്പ്
text_fieldsകോട്ടയത്തു നിന്നും ജയിച്ച യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ
കോട്ടയം: പ്രവചനങ്ങളും തുടർ ഭരണ കണക്കുകൂട്ടലുകളും തൂത്തെറിഞ്ഞു വീശിയടിച്ച ഭരണവിരുദ്ധ ചുഴലിയിൽ ഇടതു കോട്ടകൾ തരിപ്പണമാക്കി സീറ്റെണ്ണം നാലിരട്ടിയാക്കി തെക്കൻ കേരളത്തിൽ യു.ഡി.എഫിന്റെ സ്വപ്നസമാന തേരോട്ടം. ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് അടപടലം കടപുഴകി സംപൂജ്യരായപ്പോൾ കാൽ നൂറ്റാണ്ട് നിയമസഭാംഗങ്ങളായിരുന്ന കെ.ബി. ഗണേഷ് കുമാറിന്റെയും കോവൂർ കുഞ്ഞുമോന്റെയും പതനം കേരള കോൺഗ്രസ് ബിയുടെയും ആർ.എസ്.പി ലെനിനിസ്റ്റിന്റെയും നിയമസഭ പ്രാതിനിധ്യം ഇല്ലാതാക്കി. ദേവസ്വം മന്ത്രിയുടെയും മുൻ മന്ത്രിയുടെയും മണ്ഡലങ്ങളും ശബരിമല ഉൾക്കൊള്ളുന്ന റാന്നിയും എൽ.ഡി.എഫിനെ കൈവിട്ടത് സ്വർണക്കൊള്ള വിവാദം വോട്ട്ബാങ്ക് പിളർത്തുന്ന തീപ്പൊരിയാണെന്ന്വീണ്ടും വ്യക്തമാക്കി. കഴിഞ്ഞ തവണ മറുപക്ഷം പോയ മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചുപിടിച്ചതിനൊപ്പം പരമ്പരാഗത വോട്ട്ബാങ്ക് നിലനിർത്താനും യു.ഡി.എഫിനു കഴിഞ്ഞു.
മേഖലയിൽ ജനവിധി തേടിയ ഒമ്പതിൽ അഞ്ചു മന്ത്രിമാരും ദയനീയ തോൽവി ഏറ്റുവാങ്ങി. എൽ.ഡി.എഫിന്റെ 22 സിറ്റിങ് എം.എൽ.എമാരെ മലർത്തിയടിച്ച് യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തപ്പോൾ 11 പേർക്കു മാത്രമാണ് യു.ഡി.എഫ് തരംഗം അതിജീവിച്ചു മണ്ഡലം നിലനിർത്താനായത്.
വടക്കൻ കേരളത്തിൽ യു.ഡി.എഫ് വൻ മുന്നേറ്റം ഉണ്ടാക്കിയാലും തലസ്ഥാനത്ത് അടക്കം തെക്കൻ മേഖലയിൽ സിറ്റിങ് സീറ്റുകൾ നിലനിർത്തി ഭരണത്തുടർച്ച ഉറപ്പിക്കാമെന്ന ഇടതു കണക്കുകൂട്ടലുകളുടെ വേരറുക്കുന്നതായിരുന്നു വീശിയടിച്ച വിരുദ്ധ തരംഗം. സംസ്ഥാനത്താകെ ബി.ജെ.പി പിടിച്ച മൂന്നു സീറ്റും ഇടത് സിറ്റിങ് സീറ്റുകളായതും മുന്നണിയുടെ നഷ്ടത്തിന് ആക്കം കൂട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 48ൽ 40 സീറ്റും നേടിയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണം പിടിച്ചത്. യു.ഡി.എഫ് എട്ടിൽ നിന്ന് 34 ആയി സീറ്റ് നാലിരട്ടിയിലധികമാക്കി.
തലസ്ഥാനം പിടിച്ചാൽ സെക്രട്ടറിയേറ്റ് പിടിക്കുമെന്ന കീഴ്വഴക്കം ഇത്തവണയും യു.ഡി.എഫിന്റെ കൂടെ നിന്നു. മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെ പോലും കടത്തിവെട്ടി തിരുവനന്തപുരത്തെ 14ൽ ഏഴു സീറ്റും യു.ഡി.എഫ് നേടി. മുതിർന്ന നേതാവ് സി.പി ജോൺ തിരുവനന്തപുരത്തുനിന്ന് ഇതാദ്യമായി നിയമസഭയിലേക്ക് ടിക്കറ്റെടുത്തു. രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും മാസങ്ങളായി മണ്ഡലത്തിൽ തമ്പടിച്ചു നടത്തിയ പ്രവർത്തനം നേമത്തും കഴക്കൂട്ടത്തും താമര വിരിയിക്കാൻ സഹായകമായി. അനുകൂല ഘടകങ്ങളുണ്ടായിരുന്നിട്ടും അരുവിക്കരയിൽ മുതിർന്ന നേതാവ് വി.ശിവകുമാറിന്റെ തോൽവി വിജയമധുരത്തിനിടയിലും യു.ഡി.എഫിന് കയ്പ്പുനീരായി.
ചാത്തന്നൂരിലെ ബി.ജെ.പി ജയമാണ് യു.ഡി.എഫിന്റെ വൻ കുതിപ്പിനേക്കാൾ കൊല്ലം ഫലത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും രണ്ടാമതെത്തിയ ബി.ബി. ഗോപകുമാർ മികച്ച മുന്നേറ്റം നടത്തുമെന്നു പ്രതീക്ഷിച്ചതാണെങ്കിലും ഇടതിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ താമര വിളഞ്ഞത് പ്രചാരണത്തിനിടെ മുഴങ്ങിക്കേട്ട ഡീൽ വിവാദത്തിനിടയിലും അമ്പരപ്പിക്കുന്നതായി. 2021ൽ കുണ്ടറയിലും കരുനാഗപ്പള്ളിയിലും ഒതുങ്ങിയ യു.ഡി.എഫ് കൊല്ലം, ചവറ, ഇരവിപുരം, കുന്നത്തൂർ, പത്തനാപുരം, ചടയമംഗലം സീറ്റുകൾ പിടിച്ചെടുത്തു. കഴിഞ്ഞ തവണ സംപൂജ്യരായ പത്തനംതിട്ടയിൽ അഞ്ചിൽ നാലു സീറ്റും യു.ഡി.എഫിന്റെ കൂടെ നിന്നു. ശ്രദ്ധേയമായ ആറൻമുള മണ്ഡലത്തിൽ തകർപ്പൻ ഭൂരിപക്ഷത്തിലാണ് അബിൻ വർക്കി മന്ത്രി വീണ ജോർജിനെ വീഴ്ത്തിയത്.
മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ ‘രക്ഷാപ്രവർത്തന’ത്തിന് ഇരയായ കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസ് നടത്തിയ തകർപ്പൻ അട്ടിമറിയും നാലു മത്സരങ്ങളിൽ ജയം ഒഴിഞ്ഞുനിന്ന എം. ലിജു കായംകുളത്തു നേടിയ വൻ ജയവുമാണ് ആലപ്പുഴ ജില്ലയിൽ യു.ഡി.എഫിന്റെ തിളക്കം കൂട്ടുന്നത്. അമ്പലപ്പുഴയിൽ മുൻ മന്ത്രി ജി. സുധാകരന്റെ സ്വതന്ത്ര അട്ടിമറി സമീപ മണ്ഡലങ്ങളിലും ഇടതു കോട്ടകളിൽ വിള്ളൽ വീഴ്ത്തി.
എല്ലാ കണക്കുകൂട്ടലും തെറ്റിച്ച യു.ഡി.എഫ് പടയോട്ടത്തിൽ എൽ.ഡി.എഫ് അടപടലം മൂക്കുകുത്തുകയായിരുന്നു കോട്ടയത്ത്. കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലും രാജീവ് തരംഗം ആഞ്ഞടിച്ച 1991ലും ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാർട്ടികൾക്കൊപ്പം ചുവപ്പ് അണിഞ്ഞുനിന്ന വൈക്കം ത്രിവർണം പുതച്ചത് മേഖലയിലെ തന്നെ വൻ അട്ടിമറിയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നേ മന്ത്രി വി.എൻ. വാസവൻ ജയം ഉറപ്പിച്ച ഏറ്റുമാനൂരിൽ വമ്പൻ ഭൂരിപക്ഷത്തിലാണ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ അട്ടിമറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

