തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ച് യു.ഡി.എഫ്
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വർധിപ്പിച്ച് യു.ഡി.എഫ്. വയനാട്ടിൽ ആകെയുള്ള മൂന്ന് നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽതന്നെ യു.ഡി.എഫിന് വ്യക്തമായ ആധിപത്യം ലഭിച്ചിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിനേക്കാൾ വലിയ ഭൂരിപക്ഷത്തിനാണ് മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചുകയറിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ ആകെ 10,682 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ നാലു മാസം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ അതിന്റെ നാലിരട്ടിയാണ് ടി. സിദ്ദീഖിന് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്. മണ്ഡലത്തിൽ ആകെ 79,050 വോട്ട് യു.ഡി.എഫ് നേടിയപ്പോൾ 68,368 വോട്ടാണ് എൽ.ഡി.എഫ് കരസ്ഥമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപറ്റ മുനിസിപ്പാലിറ്റി യു.ഡി.എഫിന് നഷ്ടപ്പെട്ടെങ്കിലും മണ്ഡല പരിധിയിലെ 10 പഞ്ചായത്തുകളിൽ എട്ടിലും അവർക്കായിരുന്നു ആധിപത്യം. മണ്ഡലം പരിധിയിൽ ആകെയുള്ള 173 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സ്വതന്ത്രരടക്കം 107 സ്ഥലത്തും യു.ഡി.എഫ് ജയിച്ചുകയറി.
എൽ.ഡി.എഫിനാകട്ടെ സ്വതന്ത്രരടക്കം 61 ഇടങ്ങളിൽ മാത്രമായിരുന്നു വിജയം. കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യം നേടാനായിരുന്നു. ആകെയുള്ള 16 ഡിവിഷനുകളിൽ 14 ഇടത്തും യു.ഡി.എഫാണ് വെന്നിക്കൊടി പാറിച്ചത്. കൽപറ്റ നിയോജക മണ്ഡലം പരിധിയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ഒന്നിൽപോലും എൽ.ഡി.എഫിന് വിജയിക്കാനായില്ലെന്നതും അന്ന് ഏറെ ചർച്ചയായിരുന്നു.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 2781 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉണ്ടായിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലാം തവണയും ജനവിധി തേടിയ ഐ.സി. ബാലകൃഷ്ണന്റെ ഭൂരിപക്ഷം ഉയർന്നു. 75,911 വോട്ട് യു.ഡി.എഫും 73,130 വോട്ട് എൽ.ഡി.എഫുമാണ് ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തങ്ങളുടെ പെട്ടിയിലാക്കിയത്. 10 വർഷമായി ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തത് യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ കരുത്തായി മാറിയിരുന്നു.
മണ്ഡല പരിധിയിലെ ഏഴു പഞ്ചായത്തുകളിൽനിന്നുള്ള 74 വാർഡുകളും യു.ഡി.എഫ് കൈക്കലാക്കിയപ്പോൾ എൽ.ഡി.എഫിന് 53 വാർഡുകളാണ് ലഭിച്ചത്. ജില്ല പഞ്ചായത്ത് ഡിവിഷനിൽ ഒന്നിൽ മാത്രമാണ് എൽ.ഡി.എഫിന് ഈ മണ്ഡലത്തിൽ ജയിക്കാനായത്. മാനന്തവാടി മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ ലഭിച്ചിരുന്നു. എൽ.ഡി.എഫിനെക്കാളും 11,548 വോട്ട് മണ്ഡലത്തിൽ യു.ഡി.എഫ് അധികം നേടിയിരുന്നു. 73,680 വോട്ടാണ് യു.ഡി.എഫിന് മൊത്തം ലഭിച്ചത്. എൽ.ഡി.എഫിനാകട്ടെ 62,132ഉം. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ഉഷാ വിജയൻ 10,543 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിൽ തിരുനെല്ലി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തൂക്കിയിരുന്നു. പഞ്ചായത്തിലെ 89 വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ 34 ഇടത്ത് മാത്രമായിരുന്നു എൽ.ഡി.എഫ് വിജയം. 1120 വോട്ടിന്റെ മേൽക്കൈ മാനന്തവാടി നഗരസഭയിൽ മാത്രം യു.ഡി.എഫ് നേടിയിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 14 ഡിവിഷനുകളിൽ 10ലും യു.ഡി.എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

