വടക്കൻ കാറ്റിൽ കടപുഴകി ഇടത് കോട്ടകൾ
text_fieldsകൊയിലാണ്ടിയിൽ നിന്ന് വിജയിച്ച അഡ്വ. കെ. പ്രവീൺ കുമാർ, എലത്തൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച അഡ്വ. വിദ്യ ബാലകൃഷ്ണൻ, എം.കെ. രാഘവൻ എം.പി തുടങ്ങിയവർ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
കോഴിക്കോട്: വടക്കൻ കാറ്റിൽ തകർന്നുവീണത് എൽ.ഡി.എഫിന്റെ കോട്ടകൊത്തളങ്ങൾ. അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെ എട്ടിൽ ഒതുക്കാൻ കഴിഞ്ഞത് യു.ഡി.എഫിന് സ്വപ്ന തുല്യം. അതിൽതന്നെ കോഴിക്കോട് നേടിയ നേട്ടം എടുത്തുപറയേണ്ടതും. കഴിഞ്ഞതവണ 13ൽ രണ്ട് മണ്ഡലങ്ങൾ മാത്രം കൈവശംവെച്ചിരുന്ന സ്ഥാനത്ത് നേരത്തെയുള്ളത് നിലനിർത്തിയതിനൊപ്പം 10 മണ്ഡലങ്ങൾ തിരിച്ചുപിടിച്ചത് സംസ്ഥാനത്തിന്റെ ഗതി നിർണയിക്കുന്ന വിജയമായി. കോഴിക്കോട് പിടിച്ചാൽ സംസ്ഥാനം വഴിക്കുവരുമെന്ന നേരത്തെയുള്ള യു.ഡി.എഫിന്റെ കണക്കുകൂട്ടൽ അക്ഷരംപ്രതി പുലർന്നു.
എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്നെ മലർത്തിയടിച്ച ഫാത്തിമ തഹ്ലിയയുടെ വിജയം പലനിലക്കുമുള്ള മധുരപ്രതികാരമായി. ഷാഫി പറമ്പിലിനെതിരെ പ്രയോഗിച്ച കാഫിർ സ്ക്രീൻ ഷോട്ട് ‘ഖൗമിലെ കുട്ടി’യാക്കി തഹ്ലിയക്കെതിരെ പ്രയോഗിച്ചപ്പോൾ വോട്ടർമാർ സി.പി.എമ്മിന് നൽകിയ കനത്ത പ്രഹരമായി ടി.പി. രാമകൃഷ്ണന്റെ പരാജയം. ടി.പി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ പത്നി കെ.കെ. രമയെ വൻ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിപ്പിച്ച് വടകരയിലെ വോട്ടർമാരും സി.പി.എമ്മിനെ പ്രഹരിച്ചു.
കണ്ണൂരിലും കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് സി.പി.എമ്മിനുണ്ടായത്. ഇരിക്കൂറും പേരാവൂരും നിലനിർത്തുന്നതിനൊപ്പം കണ്ണൂർ പിടിച്ചെടുക്കുമെന്ന പ്രതീക്ഷ മാത്രമേ യു.ഡി.എഫിനുണ്ടായിരുന്നുള്ളൂ. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ സി.പി.എമ്മിൽനിന്ന് പുറത്തുവന്ന ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും ചേർത്തുപിടിച്ച് നടത്തിയ പരീക്ഷണം പ്രതീക്ഷിക്കാത്ത വിജയം യു.ഡി.എഫിന് സമ്മാനിച്ചപ്പോൾ സി.പി.എമ്മിന് അടുത്തകാലത്തൊന്നും നിന്നുനിവരാൻ കഴിയാത്ത പ്രഹരമാവുകയും ചെയ്തു. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനും വെന്നിക്കൊടി പാറിച്ചപ്പോൾ മുമ്പ് വി.ഡി. സതീശൻ പറഞ്ഞ വിസ്മയം പിറക്കുകയായിരുന്നു. ഇവിടെ പാർട്ടി വോട്ടുകൾ കുത്തിയൊലിക്കുന്നത് തടയുന്നതിൽ സി.പി.എം നേതൃത്വം അമ്പേ പരാജയപ്പെട്ടു. ഭീതിയുടെ നിഴലിൽ ആവേശകരമായ പരസ്യപ്രചാരണം പോലും അസാധ്യമായ മണ്ഡലങ്ങളിലാണ് ഗോവിന്ദനും കുഞ്ഞികൃഷ്ണനും വിജയിച്ചതെന്നത് സി.പി.എമ്മിനേറ്റ തിരിച്ചടിയുടെ ആഴം വർധിപ്പിക്കുന്നു.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ആറു റൗണ്ട് പിന്നിട്ടപ്പോഴും പിന്നിൽ നിൽക്കേണ്ടി വന്നതിലും, ‘വിജയ’ത്തിന്റെ ക്രെഡിറ്റ് എം.വി. ഗോവിന്ദൻ മാസ്റ്റർക്കും ഭാര്യ പി.കെ. ശ്യാമളക്കും നൽകിയുള്ള പോരാളി ഷാജിമാരുടെ ട്രോളിലും അടങ്ങിയിട്ടുണ്ട് നേതൃത്വത്തിനെതിരെയുള്ള പ്രവർത്തകരുടെ രോഷം. കാസർകോട് മൂന്നര പതിറ്റാണ്ടായി കൈവശംവെച്ച ഉദുമയും ഇക്കാലമത്രയും കൈവിടാത്ത തൃക്കരിപ്പൂരും നഷ്ടപ്പെട്ടത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. ഭീഷണി സൃഷ്ടിക്കുമെന്ന് കരുതിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയപ്പോൾ മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് എം.എൽ.എ ആയി തുടരാനാണ് ജനവിധി. തൃക്കരിപ്പൂർ പിടിച്ചെടുത്ത സന്ദീപ് വാര്യരാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന താരങ്ങളിലൊരാൾ.
വയനാട്ടിൽ മൂന്നിൽ മൂന്നും നൽകി യു.ഡി.എഫിന് ‘ക്ലീൻ സ്വീപ്’ സമ്മാനിച്ച വോട്ടർമാർ ഉരുൾദുരന്തത്തിന്റെ ഇരകളോട് സർക്കാർ കാണിച്ച അവഗണനക്കെതിരായ പ്രതിഷേധം കൂടി രേഖപ്പെടുത്തി. മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളു അടിതെറ്റി വീണു. മലപ്പുറം നേരത്തെ പ്രവചിച്ചപോലെ യു.ഡി.എഫ് തൂത്തുവാരി. എൽ.ഡി.എഫ് പ്രതീക്ഷ വെച്ചുപുലർത്തിയ പൊന്നാനിയിൽ കെ.പി. നൗഷാദലിയുടെയും തവനൂരിൽ വി.എസ്. ജോയിയുടെയും വിജയമാണ് എടുത്തുപറയേണ്ടത്. മുസ്ലിം ലീഗിന്റെ സ്ഥാനാർഥികൾക്ക് ലഭിച്ച വൻ ഭൂരിപക്ഷം സമുദായം സി.പി.എമ്മിനെ കൈവിട്ടതിന്റെ വ്യക്തമായ സൂചനയായി. വർഗീയവിഷം ചീറ്റിയ വെള്ളാപ്പള്ളിയെ എഴുന്നെള്ളിച്ചും മലപ്പുറത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സംശയമുനയിൽ നിർത്തിയുമുള്ള പിണറായി വിജയനോടുള്ള രോഷ പ്രകടനം കൂടിയാണ് ലീഗിന്റെ മിന്നുന്ന വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

