മുഖ്യമന്ത്രി മറുപടി പറയേണ്ട സാഹചര്യം ഇന്നും ഒഴിവായി; ഒമ്പത് മിനിറ്റിൽ നിയമസഭ പിരിഞ്ഞു
text_fieldsസൂചനാ ചിത്രം
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ മൂന്നാം ദിനവും നിയമസഭ സ്തംഭിച്ചു. സ്പീക്കർ ആവശ്യപ്പെട്ടിട്ടും പ്രതിഷേധത്തിൽനിന്ന് അംഗങ്ങൾ പിന്മാറാൻ തയാറാകാതെ വന്നതോടെ നടപടി വേഗത്തിലാക്കി ഒമ്പത് മിനിറ്റിനുള്ളിൽ സഭ പിരിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യോത്തരവേള പ്രതിപക്ഷം സ്തംഭിപ്പിച്ചത്.
വെള്ളിയാഴ്ച ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ എം.എൽ.എമാർ പ്ലക്കാർഡുകളുമായി എഴുന്നേറ്റു. വാദിയെ പ്രതിയാക്കുന്ന സാഹചര്യമാണെന്നും ഏഴ് എം.എൽ.എ മാർക്കെതിരെ ജാമ്യമില്ലാ കേസാണ് എടുത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
വാദം വ്യക്തമാണെന്നുപറഞ്ഞ് സ്പീക്കർ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്തു. ഇതോടെ, പ്രതിഷേധം ശക്തമായി. പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി. സ്പീക്കർക്കുമുന്നിൽ പ്ലക്കാർഡുയർത്തി മുഖ്യമന്ത്രിക്കെതിരെയും സ്പീക്കർക്കെതിരെയും മുദ്രാവാക്യം മുഴക്കി.
പ്രതിഷേധം വകവെക്കാതെ ആദ്യ ചോദ്യത്തിന് ഉത്തരം പറയാൻ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയെ ക്ഷണിച്ചു. കെ. കൃഷ്ണൻകുട്ടി ഭരണപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു. നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കർ പലതവണ അഭ്യർഥിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടർന്ന്, ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ തുടർ നടപടികളിലേക്ക് കടന്നു. പ്രതിപക്ഷ നിലപാട് നിരാശജനകമെന്ന് സ്പീക്കർ പറഞ്ഞു.
സബ്മിഷനുകളുടെയും ശ്രദ്ധക്ഷണിക്കലുകളുടെയും മറുപടി മന്ത്രിമാർ മേശപ്പുറത്ത് വെച്ചു. റിപ്പോർട്ടുകളും സമർപ്പിച്ചു. 9.09 ഓടെ സമ്മേളനം പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ സഭാ ടി.വി സംപ്രേഷണം ചെയ്തില്ല. ഇനി തിങ്കളാഴ്ച സഭ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

