വോട്ടര്‍ പട്ടിക പുനപരിശോധനക്കും വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും പ്രത്യേക ഡ്രൈവ്
text_fieldsതിരുവനന്തപുരം: വോട്ടര്‍ പട്ടിക പുനപരിശോധനക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.ഡി. സജിത്ത് ബാബു അറിയിച്ചു. 15 മുതല്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റല്‍ ഹെല്പ് ഡെസ്കുകളും രൂപവത്കരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷകര്‍ ഫോം (6) സമര്‍പിച്ചാല്‍ മതിയാകും. സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് എന്നിവയിലൂടെ ഓണ്‍ലൈനായും അപേക്ഷ നല്‍കാം.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പിക്കണം.
ആധാര്‍ രേഖയായി സമര്പിക്കുന്നവര് മറ്റൊരു സപ്പോര്‍ട്ടിങ് ഡോക്യുമെന്റ് കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) തങ്ങളുടെ പോളിങ് സ്റ്റേഷനുകളുടെ പരിധിയിലെ വീടുകളിലെത്തും.
2025 ജനുവരി ഒന്നിന് നിലവിലുണ്ടായിരുന്ന വോട്ടര്‍ പട്ടികയും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്ന വോട്ടര്‍ പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് (ഇ.ആര്.ഒ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.ഐ.ആര് സമയത്ത് തിരികെ ലഭിക്കാത്ത അപേക്ഷകളില്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാത്തവ സംബന്ധിച്ചും ഇആര്‍ഒ തലത്തില്‍ പരിശോധന നടത്തും.
യുവവോട്ടര്‍മാരില്‍ വോട്ടര്‍ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോളജ്, ഹയര്‍ സെക്കന്ററി, സ്കൂള്‍ തലങ്ങളില്‍ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരില്‍ പ്രത്യേക എന്‍ റോള്‍മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
‘സ്റ്റെപ് ഫോര്‍വേഡ്, ഗെറ്റ് കൗണ്ടഡ്’ എന്ന ടാഗ് ലൈനോടെ നവംബര്‍ രണ്ടുമുതല്‍ ഒരാഴ്ച നീളുന്ന കാമ്പയിനാണ് നടത്തുക. ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍ വഴി പരമാവധി വിദ്യാർഥികളെ തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനുള്ള നടപടി ബന്ധപ്പെട്ട ജില്ല കലക്ടര്‍മാര്‍ സ്വീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

