എസ്.ഐ.ആറിനെതിരെ കേരളവും നിയമപ്പോരിന്; ബുധനാഴ്ച സർവകക്ഷി യോഗം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ കേരളവും കോടതിയെ സമീപിക്കും. സർക്കാറും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒരേ വികാരത്തിലാണ്. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും തുടർനടപടി തീരുമാനിക്കാനും ബുധനാഴ്ച മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എസ്.ഐ.ആറിനെതിരെ തമിഴ്നാട് നിയമപോരാട്ടത്തിലേക്ക് കടന്നത് സർക്കാർ നീക്കങ്ങൾക്ക് ഊർജം പകർന്നിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾക്കൊപ്പം പൗരത്വ നിയമം കുറുക്കുവഴിയിലൂടെ നടത്താനുള്ള ശ്രമമാണിതെന്ന വിമർശനവും ഇടതുപക്ഷവും യു.ഡി.എഫും ഉന്നയിക്കുന്നു. എസ്.ഐ.ആറിനെതിരെ നിയമസഭ ചേർന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും കമീഷൻ മുഖവിലക്കെടുക്കാത്തതിന്‍റെ അമർഷവും മുന്നണികൾക്കുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ വികാരം മാനിച്ച് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ കേന്ദ്ര കമീഷനെ സമീപിച്ചെങ്കിലും തീയതി മാറ്റം പരിഗണിച്ചിട്ടില്ല. പിന്നാലെ കഴിഞ്ഞയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഇക്കാര്യത്തിൽ വലിയ പ്രതിഷേധമാണുയർന്നത്. ഈ സാഹചര്യത്തിലാണ് നിയമനടപടിക്കുള്ള ആലോചന സജീവമാകുന്നത്.
നിയമസഭ പ്രമേയം പാസാക്കിയ സാഹചര്യത്തിൽ മുന്നണികൾ വെവ്വേറെ ഹരജി നൽകുന്നതിന് പകരം സർക്കാർ ഔദ്യോഗികമായി കോടതിയെ സമീപിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. വീടുകളിൽ എന്യൂമറേഷൻ ഫോം എത്തിക്കുന്നതിന് ബി.എൽ.ഒമാർക്കൊപ്പം (ബൂത്ത് ലെവൽ ഓഫിസർ) രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച ബൂത്ത് ലെവൽ ഏജന്‍റുമാരും (ബി.എൽ.എ) ഉണ്ടാകണമെന്നാണ് നിർദേശം. രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക പ്രവർത്തകരിൽ ഏറ്റവും സജീവമായവരാണ് ബി.എൽ.എമാരാവുക. തദ്ദേശ തെരഞ്ഞെടുപ്പ് പോലെ താഴേത്തട്ടിൽ സജീവമായി പ്രവർത്തിക്കേണ്ട സമയത്തെ എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് ബി.എൽ.എമാർ ഇറങ്ങുന്നത് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

