വീണ്ടും വെളിച്ചം
text_fieldsമഹാപ്രളയം ദുരിതംവിതച്ച കേരളം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. മാനത്ത് വെയിൽ പരന്ന തിങ്കളാഴ്ച രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ. പ്രളയത്തിൽ മുങ്ങിയ നാടും നഗരവും ദുരിതക്കയത്തിൽ തുടരവെ നാടിെൻറ വീണ്ടെടുപ്പിന് പ്രതീക്ഷയേകി ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നും സഹായം പ്രവഹിക്കുകയാണ്. തിങ്കളാഴ്ച മഴ മാറിനിന്നതോടെ വെള്ളം പൂർണമായി ഇറങ്ങുകയും ഡാമുകളിൽ ജലനിരപ്പ് കുറയുകയും ചെയ്തത് അപകട ഭീഷണി ഇല്ലാതാക്കി. എന്നാൽ, പ്രളയം കാര്യമായി ബാധിച്ചയിടങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നു. തിങ്കളാഴ്ച കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും നൂറുകണക്കിന് പേരെ ബോട്ടുകളിലും വള്ളങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു.
ഷോളയാറിൽ വൈദ്യുതിനിലയത്തിൽ കുടുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരിൽ മൂന്നുപേരെ തിങ്കളാഴ്ച ഹെലികോപ്ടർ വഴി രക്ഷിച്ചു. തൊഴിലാളികൾ ഉൾപ്പെടെ അമ്പതിലധികം പേർ ഇനിയുമുണ്ട്. സൈന്യം ഒഴിപ്പിക്കൽ നടപടിയുടെ വേഗം വർധിപ്പിച്ചു. ഭക്ഷണമടക്കം എല്ലാ സംവിധാനത്തോടെയും തുടരുന്ന രക്ഷാദൗത്യം മിക്കവാറും ചൊവ്വാഴ്ച അവസാനിപ്പിച്ചേക്കും. അതേസമയം, കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വേമ്പനാട്ടുകായലിൽ ജലനിരപ്പ് ഇനിയും താഴ്ന്നിട്ടില്ല. മീനച്ചിലാർ, മണിമല, അച്ചൻകോവിൽ, പമ്പ നദികളിൽ ശക്തമായ ഒഴുക്കാണ്.
ഇനി കനത്ത മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. എല്ലായിടങ്ങളലും ജാഗ്രതാനിർദേശം പിൻവലിച്ചു. ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ മടങ്ങിത്തുടങ്ങിയെങ്കിലും 3686 ക്യാമ്പുകളിൽ ഇേപ്പാഴും 9,28,015 പേരുണ്ട്. ആലപ്പുഴയിൽ മാത്രം മൂന്നുലക്ഷത്തോളം പേർ ക്യാമ്പുകളിലുണ്ട്. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിെലയും 20 പഞ്ചായത്തിൽനിന്നുള്ള 90,000 പേർ കോട്ടയം ജില്ലയിലെ ക്യാമ്പുകളിലുണ്ട്. മൊത്തം ഒന്നരലക്ഷത്തോളം വരുമിത്. അതിനിടെ, പുനരധിവാസത്തെക്കുറിച്ച ചർച്ചകളും ആരംഭിച്ചു.
ഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാത്തതിനാൽ ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കുന്നതാണ് സർക്കാറിനെ അലട്ടുന്ന പ്രധാന പ്രശ്നം. തൃശൂരിലെ മാളയിൽ രക്ഷാപ്രവർത്തനത്തിനിടെ കഴിഞ്ഞദിവസം കാണാതായ എൻജിനീയറിങ് വിദ്യാർഥി ലിജോ, ആമ്പല്ലൂരിൽ ഒഴുക്കിൽപെട്ട ഗോപിനാഥൻ എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. വെള്ളം കയറി സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട അന്നമനട കല്ലൂർ വലിയവീട്ടിൽ അലി ജീവനൊടുക്കി.
ചെങ്ങന്നൂരിൽ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കുട്ടനാട്ടിലെ രാമങ്കരിയിലും വേഴപ്രയിലും രണ്ടു മൃതദേഹങ്ങൾകൂടി ലഭിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വയനാട്ടിൽ വയോധികനെ വീടിനു സമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശിലേരി മുത്തുമാരി പുല്പറമ്പില് ജോണാണ് (72) മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 220 ഒാളം പേരാണ് മരിച്ചത്. നിരവധി പേർ ചികിത്സയിലാണ്. റോഡ്, റെയിൽ ഗതാഗതം ഏറക്കുറെ പൂർവസ്ഥിതിയിലായി.
ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഏതാനും ദിവസങ്ങളെടുക്കും. കൊച്ചി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ 19 വർഷത്തിനുശേഷം നേവൽ ബേസിൽനിന്ന് ചെറുവിമാനങ്ങൾ സർവിസ് തുടങ്ങി. തിരുവനന്തപുരത്തും കരിപ്പൂരിലും കൂടുതൽ സർവിസുകൾ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
