കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിൽ: നീതിക്കായി കാത്തിരിപ്പ്
text_fieldsകോഴിക്കോട്: പരാതികൾക്ക് പരിഹാരം വൈകുന്നതുമൂലം സർക്കാർ ജീവനക്കാരുടെ നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ദീർഘിക്കുന്നു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിൽ (കാറ്റ്) ആറായിരത്തിലധികം പരാതികളാണ് കെട്ടിക്കിടക്കുന്നത്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ (കാറ്റ്) നൽകിയ സർവിസ് പരാതികൾക്ക് പരിഹാരമാകുന്നില്ലെന്ന ആക്ഷേപവും വർധിക്കുകയാണ്.
സംസ്ഥാന ജീവനക്കാരുടെ സേവന-വേതന പ്രശ്നങ്ങൾ സംബന്ധിച്ച കേസുകൾ കേരള ഹൈകോടതിയിൽ കുന്നുകൂടിയപ്പോൾ ബാഹുല്യം കുറക്കാൻ ആരംഭിച്ച ട്രൈബൂണലിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാരുടെ പരാതികൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അവരുടെ സർവിസ് പ്രശ്നങ്ങൾക്ക് യഥാസമയം നീതിന്യായവ്യവസ്ഥയുടെ സഹായം ലഭ്യമാക്കുന്നതിനാണ് 1985ലെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണൽ ആക്ടിന്റെ പിൻബലത്തിൽ 2010ൽ പ്രത്യേക അർധ-ജുഡീഷ്യൽ അധികാരത്തോടുകൂടിയ അതിവേഗ നീതിന്യായ പരിഹാര സംവിധാനമായ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥാപിച്ചത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിയമനം, പ്രമോഷൻ, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ, ഇതര സേവന-വേതന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികളിൽ അടിയന്തര ഇടപെടലുകളും പരിഹാരവുമാണ് ലക്ഷ്യമിട്ടിരുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരം കേന്ദ്രമായും എറണാകുളം ഉപകേന്ദ്രമായും രണ്ട് ബെഞ്ചുകളാണ് പ്രവർത്തിച്ചുവരുന്നത്. ഒരു ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്ന ഈ സംവിധാനത്തിൽ ചെയർമാൻ റിട്ട. ഹൈകോടതി ജഡ്ജിയും അംഗങ്ങളിൽ ഒരാൾ ജുഡീഷ്യൽ അംഗവും ഒരാൾ അഡ്മിനിസ്ട്രേറ്റിവ് അംഗവുമാണ്. ചെയർമാൻ, അംഗങ്ങൾ എന്നിവയിലുണ്ടാകുന്ന ഒഴിവുകൾ സർക്കാർ യഥാസമയം നികത്താത്തതിനാൽ ഫുൾബെഞ്ച് ചേർന്ന് തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതാണ് അനിയന്ത്രിതമായ കാലതാമസത്തിന് പ്രധാന കാരണമെന്നാണ് അറിയാൻ കഴിയുന്നത്.
കാലതാമസം കാരണം സർവിസ് പ്രമോഷനുകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ജീവനക്കാർക്ക് മറ്റൊരു നീതിന്യായ സംവിധാനത്തെ സമീപിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാറും നിയമവകുപ്പും അടിയന്തരമായി ഇടപെട്ട് അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണൽ കേസുകൾക്ക് നിശ്ചിത കാലപരിധി നിശ്ചയിക്കുകയും സമയബന്ധിതമായി അദാലത്തുകൾ, സ്പെഷൽ സിറ്റിങുകൾ എന്നിവ സംഘടിപ്പിച്ച് ജീവനക്കാർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
ട്രൈബ്യൂണൽ ആരംഭിച്ചപ്പോൾ ഹൈകോടതിയിൽ പെന്റിങ് ആയിരുന്ന നിരവധി സർവിസ് കേസുകൾ ട്രൈബ്യൂണലിലേക്ക് മാറ്റുകയും സമയബന്ധിതമായി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, 10 വർഷത്തോളമായി കെട്ടിക്കിടക്കുന്ന പരാതികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

