Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറുപതാണ്ടിന്‍െറ...

അറുപതാണ്ടിന്‍െറ ചരിത്രപ്രയാണത്തിന്  ഹൃദ്യമായ പിറന്നാള്‍ മധുരം

text_fields
bookmark_border
അറുപതാണ്ടിന്‍െറ ചരിത്രപ്രയാണത്തിന്  ഹൃദ്യമായ പിറന്നാള്‍ മധുരം
cancel

തിരുവനന്തപുരം: ആഹ്ളാദാരവം നിറഞ്ഞ ചടങ്ങില്‍  അറുപതാണ്ടിന്‍െറ ചരിത്രപ്രയാണത്തിന് ഹൃദ്യമായ പിറന്നാള്‍ മധുരം. നിയമസഭാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നവകേരളപ്പിറവിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങിയത്. ജനപ്രതിനിധികള്‍ക്ക് പുറമേ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ നീണ്ട നിര കൂടിയായതോടെ വേദിക്ക് പുറമേ സദസ്സും സമൃദ്ധം. 

മലയാളത്തിന്‍െറ സംഗീതവഴികളിലെ തിളങ്ങുന്ന അധ്യായങ്ങളുടെ പുനരാവിഷ്കാരവും കേരളീയ കലാപാരമ്പര്യങ്ങളുടെ നൃത്തഭാഷ്യവും കണ്ണിനും കാതിനും ഇമ്പമായി. കേരളത്തിന്‍െറ തനത് സംസ്കാരവും പാരമ്പര്യവും പുനരവതരിപ്പിക്കുന്നതായിരുന്നു വേദി സജ്ജീകരണം.  സ്വാഗതഗാനത്തിന് പകരം കേരളത്തിന്‍െറ സാംസ്കാരിക  വളര്‍ച്ചയും പോരാട്ട ചരിത്രവും ഉള്‍ക്കൊള്ളുന്ന നൃത്താവിഷ്കാരവും ചടങ്ങിനെ ശ്രദ്ധേയമാക്കി.  രാവിലെ 10.30 നാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഒമ്പതോടെതന്നെ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു. ചടങ്ങിനത്തെിയവര്‍ക്കായി രാവിലെ 9.30 മുതല്‍ 60 ഗായകരുടെ സംഗീതപരിപാടിയും ഒരുക്കിയിരുന്നു. 

കെ. ശങ്കരനാരായണന്‍, സി.കെ. നാണു, സ്വാമി ശുഭാംഗാനന്ദ, നടന്‍ മധു, നടി കെ.പി.എ.സി ലളിത, എസ്.എം. വിജയാനന്ദ്, എം. വിജയകുമാര്‍, ഡി. ബാബുപോള്‍, എം. മുകുന്ദന്‍, പി.പി. തങ്കച്ചന്‍, റസൂല്‍ പൂക്കുട്ടി, മേയര്‍ വി.കെ. പ്രശാന്ത്, ശശി തരൂര്‍ എം.പി, പാലോളി മുഹമ്മദ് കുട്ടി, ഡോ.കെ. രാധാകൃഷ്ണന്‍, ഡോ. കെ.എന്‍. പണിക്കര്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, എം.ജി. രാധാകൃഷ്ണന്‍, പി.വി. ചന്ദ്രന്‍, എം.എസ്. രവി,  ഉണ്ണി ബാലകൃഷ്ണന്‍, ഡോ.ജി. മാധവന്‍ നായര്‍, എം.സി. ദത്തന്‍, പി. ഗോപിനാഥന്‍ നായര്‍, കെ.അയ്യപ്പന്‍പിള്ള, ആദിത്യവര്‍മ, ഷാജി എന്‍. കരുണ്‍, ശ്രീകുമാരന്‍ തമ്പി, ജി. ശങ്കര്‍, ഗോപിനാഥ് മുതുകാട്, ഡോ. ജോര്‍ജ് ഓണക്കൂര്‍, പത്മിനി തോമസ്, കെ.പി. രാമനുണ്ണി, കെ. മോഹനന്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ടി.കെ. രാജീവ് കുമാര്‍, പെരുവനം കുട്ടന്‍മാരാര്‍, പാറശ്ശാല പൊന്നമ്മാള്‍, ഡോ. കെ. ഓമനക്കുട്ടി, പി.കെ. മേദിനി, കാനായി കുഞ്ഞിരാമന്‍, കമല്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോസ് ബേബി, ഭാര്‍ഗവി തങ്കപ്പന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, നടന്‍ മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ പങ്കെടുത്തു.


മാതൃഭാഷ പഠിക്കാതെ ഡിഗ്രി എടുക്കാവുന്ന അവസ്ഥ മാറണം –മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളം ശ്രേഷ്ഠഭാഷയായി എന്നുപറഞ്ഞ് വിശ്രമിക്കാനാവില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവി 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാതൃഭാഷ പഠിക്കാതെ ഡിഗ്രി എടുക്കാവുന്ന അവസ്ഥ ഇവിടെയല്ലാതെ മറ്റെവിടെയുമില്ല. പി.എസ്.സിക്ക് മലയാളം മ്ളേച്ഛമായി തോന്നുന്ന സ്ഥിതി വേറൊരിടത്തുമില്ല. മലയാളത്തെ അധ്യയനഭാഷയാക്കാനും ഭരണഭാഷയാക്കാനും കോടതിഭാഷയാക്കാനും കഴിഞ്ഞോ എന്ന ചോദ്യത്തിന് ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിതസത്യങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയം സാധ്യമാക്കാന്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചവരുണ്ട്. അവര്‍ക്ക് ഭാവിയെക്കുറിച്ചൊരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചോ? ആ നിലക്കുള്ള ആത്മപരിശോധന നടത്തേണ്ട സമയമാണിത്. കാര്‍ഷികബന്ധനിയമം, ഭൂപരിഷ്കരണം, വിദ്യാഭ്യാസനിയമം എന്നിവയിലൂടെ കേരളത്തിന്‍െറ മുഖച്ഛായ നമ്മള്‍ ഏറെ മാറ്റി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ മുന്നോട്ടുപോയി. അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയവയൊക്കെ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയിലെ നാഴികക്കല്ലുകളാണ്. ഹിന്ദുക്കളുടെ രാഷ്ട്രം, മുസ്ലിംകളുടെ രാഷ്ട്രം എന്നീ മുറവിളികളുയര്‍ന്നുവന്ന ഘട്ടത്തില്‍ വിവിധ ദേശീയ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന രാഷ്ട്രം എന്ന സങ്കല്‍പം കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുന്നോട്ടുവെച്ചത്. ഇതിന്‍െറ തുടര്‍ച്ചയായാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്കരണ ആശയം രൂപപ്പെട്ടത്. പുതിയ കേരളം എങ്ങനെയുള്ളതാവണമെന്ന കാര്യത്തില്‍ ഐക്യകേരളത്തില്‍ രൂപപ്പെട്ടുവന്ന ഇ.എം.എസ് മന്ത്രിസഭക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 

1957 ഏപ്രില്‍ 11ന് എല്ലാ ഒഴിപ്പിക്കലും നിര്‍ത്തിവെച്ചുള്ള ഓര്‍ഡിനന്‍സ് ഇറക്കിയതിലും കാര്‍ഷികബന്ധനിയമം കൊണ്ടുവന്നതിലുമൊക്കെ അതാണ് പ്രതിഫലിച്ചത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. അരുവിപ്പുറം പ്രതിഷ്ഠയുടെയും മലയാളി മെമ്മോറിയലിന്‍െറയും ക്ഷേത്രപ്രവേശനസമരത്തിന്‍െറയുമൊക്കെ പൈതൃകം മങ്ങാതെ മുന്നോട്ടുകൊണ്ടുപോയാലേ സമഭാവനയിലധിഷ്ഠിതമായ സമൂഹത്തെ സൃഷ്ടിക്കാനാവൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 


‘വെട്ടിനിരത്തല്‍സമര’ത്തിന്‍െറ പിന്നിലെ ദീര്‍ഘവീക്ഷണം കാണാതെപോയത് ദുരവസ്ഥക്ക് കാരണം –വി.എസ്
തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് മുമ്പ് കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ നെല്‍വയല്‍സംരക്ഷണസമരത്തിനുപിന്നിലെ മനുഷ്യസ്നേഹപരമായ ദീര്‍ഘവീക്ഷണം പലരും കാണാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് വി.എസ്. അച്യുതാനന്ദന്‍. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രതിലോമശക്തികളും പല പണ്ഡിതശ്രേഷ്ഠരും വരെ ‘വെട്ടിനിരത്തല്‍സമരം’ എന്ന് പറഞ്ഞ് അതിനെ ആക്ഷേപിക്കുകയായിരുന്നു. ആ സമരത്തിന്‍െറ ഉദ്ദേശ്യശുദ്ധിയെ മാനിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കുടിവെള്ളം കിട്ടാക്കനിയാകുന്ന ഇന്നത്തെ അവസ്ഥ ഇത്രത്തോളം ഭീകരമാകുമായിരുന്നില്ല.

വലിയ കുതിപ്പുകളിലേക്ക് തയാറായിനില്‍ക്കുന്ന കേരളത്തില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതും നീതിയും ന്യായവും നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ മാധ്യമങ്ങളെ ആട്ടിയോടിക്കുന്നതും വിരോധാഭാസമാണ്. നമ്മുടെ സഭയിലെ ഒന്നോരണ്ടോ സാമാജികര്‍ മാധ്യമങ്ങളുമായി തര്‍ക്കമുണ്ടാക്കിയാല്‍ അതിന്‍െറ പേരില്‍ സഭയിലെ പ്രസ്ഗ്യാലറിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റില്ളെന്ന് തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥ. അതുപോലെ അസംബന്ധമല്ളേ ചുരുക്കം ചില അഭിഭാഷകരുടെ കാര്‍ക്കശ്യത്തിനുമുന്നില്‍ നമ്മുടെ നീതിനിര്‍വഹണസംവിധാനത്തിന്‍െറ വാതിലുകള്‍ പൂര്‍ണമായും കൊട്ടിയടക്കുന്നത്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തിലെ നന്മകള്‍ ഉള്‍ക്കൊണ്ട് ഈ അസംബന്ധപ്രവണത അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസും മറ്റ് ന്യായാധിപന്മാരുമടക്കം തയാറാകണം. ഒരുപാട് മനുഷ്യരുടെ സഹനത്തിന്‍െറയും ത്യാഗത്തിന്‍െറയും പോരാട്ടങ്ങളുടെയും ഒടുവിലാണ് കേരളപ്പിറവിയുടെ പുലര്‍കാലത്തേക്ക് നാം എത്തിപ്പെട്ടത്.  ജാതിമത കാര്‍ക്കശ്യങ്ങളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതിപരാജയപ്പെടുത്തിയാണ് നാം സഞ്ചരിച്ച് മുന്നേറിയത്. ഇതിനെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണാതിരുന്നുകൂടാ. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം മന്ത്രി കെ.ടി. ജലീല്‍ ശബരിമലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് ചിലരുയര്‍ത്തിയ അസംബന്ധ ആക്ഷേപങ്ങള്‍ ഇതിന് തെളിവാണെന്നും വി.എസ് പറഞ്ഞു.


മറ്റുള്ളവരുടെ ആവശ്യങ്ങള്‍ സ്വന്തം കടമയായി കാണാന്‍ കഴിയണം –മാര്‍ ക്രിസോസ്റ്റം 
തിരുവനന്തപുരം: മറ്റുള്ളവരുടെ ആവശ്യങ്ങള്‍ സ്വന്തം കടമയായി കാണാന്‍ കഴിയണമെന്നും അപ്പോഴേ പുതിയ ആകാശവും പതിയ ഭൂമിയുമുണ്ടാകൂവെന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. നവകേരളപ്പിറവിയുടെ 60ാം വാര്‍ഷിക ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താന്‍ രാഷ്ട്രീയപ്രവര്‍ത്തകനല്ല. പക്ഷേ, രാഷ്ട്രീയത്തെക്കുറിച്ച് താന്‍ മനസ്സിലാക്കിയിട്ടുണ്ട്. മനുഷ്യത്വം വീണ്ടെടുത്ത് മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാകണം. ദൈവത്തെ കാണുന്നത് മറ്റുള്ളവരിലൂടെയും പ്രകൃതിയിലൂടെയുമാണ്. പ്രസംഗിച്ച് നടന്നത് കൊണ്ട് കാര്യമില്ല, ഓഫിസില്‍ ഇരുന്ന് ജോലി ചെയ്യണമെന്ന് പറഞ്ഞത് മദര്‍ തെരേസയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഈ വാചകം കേള്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍െറ വായില്‍നിന്നാണെന്നും അദ്ദേഹം  പറഞ്ഞു.

തുരുമ്പിച്ച പ്രത്യയശാസ്ത്ര തടവറയില്‍നിന്ന് കേരളം പുറത്തുവരണം -ചെന്നിത്തല
തിരുവനന്തപുരം: പഴകിത്തുരുമ്പിച്ച പ്രത്യയശാസ്ത്രങ്ങളുടെ തടവറയില്‍നിന്ന് കേരളം പുറത്തുവരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  പുതിയ കേരളത്തിന് രൂപംകൊടുക്കാന്‍ നമുക്ക് കഴിയണം. ‘കേരള മോഡലി’ന് നിറംമങ്ങി. പുതിയ കേരള മോഡലിന്‍െറ സൃഷ്ടിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും  ചെന്നിത്തല പറഞ്ഞു. 


ഗള്‍ഫ് സ്വദേശിവത്കരണം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണം-കുഞ്ഞാലിക്കുട്ടി 
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണത്തെ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കാന്‍ കേരളം തയാറാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ചെയ്ത കാര്യങ്ങള്‍ അഭിമാനത്തോടെ പറയാന്‍ കഴിയുമായിരുന്നില്ല. പ്രവാസി മലയാളിയുടെ അശ്രാന്ത പരിശ്രമങ്ങള്‍ നാടിന്‍െറ വളര്‍ച്ചയില്‍ പ്രധാനമാണ്. അതെല്ലാം അടയുകയാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


നിയമങ്ങള്‍ രൂപപ്പെടേണ്ടത് ജനാഭിലാഷങ്ങളില്‍ നിന്നാവണം –സ്പീക്കര്‍ 
തിരുവനന്തപുരം: നിയമങ്ങള്‍ രൂപപ്പെടേണ്ടത് ഫയലുകളില്‍ നിന്നല്ളെന്നും ജനാഭിലാഷങ്ങളില്‍ നിന്നായിരിക്കണമെന്നും അതിന് അവസരമൊരുങ്ങണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരളപ്പിറവിയുടെ 60ാം വാര്‍ഷികദിനത്തില്‍ നടന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ റഫറന്‍സ് നടത്തുകയായിരുന്നു അദ്ദേഹം. കാലം പിന്നിടുന്തോറും നിയമനിര്‍മാണത്തിന്‍െറ പ്രാമുഖ്യവും പ്രാധാന്യവും കുറഞ്ഞുവരുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇത് നിയമനിര്‍മാണസഭയുടെ ദൗര്‍ബല്യമായി കാണണം. സമൂഹത്തില്‍ ഭരണഘടനയുടെ സംരക്ഷണം ലഭിക്കേണ്ട പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഉണ്ട്. 

അത്തരം വിഭാഗങ്ങളെ കണ്ടത്തെി നിയമസംരക്ഷണത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുക എന്ന ദൗത്യം നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന ആത്മവിമര്‍ശനം വേണം. വിപ്ളവകരവും മാതൃകാപരവുമായ നിയമനിര്‍മാണങ്ങളാണ് കേരള മോഡല്‍ സാധ്യമാക്കിയത്. ഈ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനും തുടര്‍ച്ചയും വികാസവുമുണ്ടാക്കാനും യാഥാര്‍ഥ്യബോധത്തിലൂന്നിയ നിയമനിര്‍മാണങ്ങള്‍ നടത്തുകയെന്ന ചരിത്രദൗത്യം 14ാം നിയമസഭ നിര്‍വഹിക്കും.
 
നവോത്ഥാനം, ദേശീയപ്രസ്ഥാനം, കര്‍ഷക-തൊഴിലാളി പ്രസ്ഥാനം എന്നിങ്ങനെ വിവിധ ധാരകളിലൂടെ വളര്‍ന്നുവന്ന ജനപക്ഷ രാഷ്ട്രീയമാണ് കേരളത്തെ പുരോഗമനോന്മുഖമായി നിലനിര്‍ത്തുന്നത്. ഐക്യകേരള പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറ നല്‍കിയത് ഇ.എം.എസ് ആയിരുന്നു. മലയാളിദേശീയത എന്ന ആശയത്തെ അവതരിപ്പിച്ച് യുക്തിഭദ്രമായി അതിനെ വളര്‍ത്തിയെടുത്ത അദ്ദേഹത്തിന്‍െറ സംഭാവനയെ കേരളം സ്മരിക്കുന്നു.

ഭൂപരിഷ്കരണ, വിദ്യാഭ്യാസ നിയമങ്ങളിലൂടെ കേരളത്തിന്‍െറ തലവര ആദ്യസര്‍ക്കാര്‍ മാറ്റിയെഴുതിയെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍, സഭയില്‍ അംഗങ്ങളായ മുന്‍മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സംസാരത്തിനുശേഷം മറ്റ് നടപടികളൊന്നുമില്ലാതെ സഭ പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala 60 years oldkerala60
News Summary - Kerala is 60 years old
Next Story