കെനിയ വാഹനാപകടം: അമ്മയുടെ വിയോഗവാർത്തയിൽ നടുങ്ങി മകൻ ഡോ. ജുവൽ
text_fieldsമകൻ ഡോ. ജുവൽ, മരിച്ച ഗീത സോജി ഐസക്
കൊച്ചി: അപ്രതീക്ഷിതമായെത്തിയ ആ വിയോഗവാർത്തയുടെ നടുക്കത്തിലാണ് മകൻ ജുവൽ. കെനിയയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ ഗീത സോജി ഐസകിന്‍റെ മകൻ ഡോ. ജുവലിന് ആ വാർത്ത ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്ന് പിതാവും സഹോദരനും പറഞ്ഞതായി കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജുവൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവ സ്ഥലത്ത് തന്നെ അമ്മക്ക് ജീവൻ നഷ്ടമായി. പിതാവും സഹോദരനും പരിക്കേറ്റ് ആശുപത്രിയിലാണ്. സഹോദരന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് അറിയിച്ചത്. തങ്ങൾ വളർന്നത് ഖത്തറിലാണ്. അവിടെ നിന്ന് ഒരാഴ്ചത്തെ യാത്രക്കാണ് അവർ പുറപ്പെട്ടത്. എംബസിയിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പിതാവിന്‍റെ സഹോദരൻ എമർജൻസി വിസയെടുത്ത് കെനിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ജുവൽ പറഞ്ഞു.
ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്നും കെനിയയിലേക്ക് പോയ 28 പേർ അടങ്ങിയ വിനോദയാത്രാസംഘമാണ് മധ്യ കെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. നയ്റോബിയിൽ നിന്നും 200ഓളം കിലോമീറ്റർ ദൂരെയാണ് സംഭവം.
കനത്ത മഴയിൽ വിനോദ സഞ്ചാരികളുടെ ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ നിയന്ത്രണംവിട്ട് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസിന്‍റെ മേൽകൂരകൾ തകർന്ന നിലയിലാണ് താഴെ പതിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടു പോവുകയായിരുന്നു ബസ്. ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ ജൂൺ ആറിനാണ് വിനോദയാത്രാ സംഘം ട്രാവൽ ഏജൻസിക്ക് കീഴിൽ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയിൽ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.