കേന്ദ്രീയ വിദ്യാലയങ്ങളിൽ പാഠപുസ്തകം എത്തിക്കാത്തത് കേന്ദ്രത്തിന്റെ വീഴ്ച -ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ എട്ടാം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ എന്നിവ എത്തിയില്ലെന്ന വാർത്തകൾ കേന്ദ്രസർക്കാറിന്റെ കടുത്ത വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തകങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സമഗ്ര ശിക്ഷ കേരളയിൽ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.ഇ.ആർ.ടിയുടെ പുതുക്കിയ പാഠപുസ്തകങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല. സ്കൂൾ അടക്കുംമുമ്പ് അടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ വിദ്യാർഥികളുടെ കൈകളിലെത്തിച്ച കേരള സർക്കാറിനെ പരിഹസിക്കുന്നതിനുള്ള തിരിച്ചടിയാണിത്. കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിൽ പോലും പുസ്തകങ്ങൾ എത്തിക്കാൻ കഴിയാത്തവരാണ് കേരളത്തിന്റെ വികസനം പോരാ എന്ന് ആക്ഷേപിക്കുന്നത്.
പദ്ധതിയിൽ 2023-2024, 2024-2025 വർഷങ്ങളിൽ ആർ.ടി.ഇ വ്യവസ്ഥ പ്രകാരം സൗജന്യ പാഠപുസ്തകം, യൂനിഫോം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സഹായം എന്നിവക്കായി സംസ്ഥാനം ചെലവഴിച്ച തുകയിൽ കേന്ദ്രവിഹിതമായി ലഭിക്കേണ്ട 256.52 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ തുകക്ക് പകരം വെറും 6.86 കോടി രൂപ മാത്രം അനുവദിച്ച് വിവേചനപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. 2023-2024 മുതൽ ഇതുവരെ 1158.13 കോടിയാണ് കേന്ദ്രവിഹിതമായി കേരളത്തിന് ലഭിക്കാനുള്ളത്. ഈ അനീതിക്കെതിരെ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ശക്തമായ ഭാഷയിൽ കത്തുനൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

