Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇത് ഉണിത്തിരിയല്ല,...

‘ഇത് ഉണിത്തിരിയല്ല, ഏതോ ഉണിക്കോയയാണ് എന്ന പിറുപിറുക്കലുകൾ ഇന്ന് മുഴക്കമുള്ള അലർച്ചകളായി മാറി’ -കെ.ഇ.എൻ

text_fields
bookmark_border
‘ഇത് ഉണിത്തിരിയല്ല, ഏതോ ഉണിക്കോയയാണ് എന്ന പിറുപിറുക്കലുകൾ ഇന്ന് മുഴക്കമുള്ള അലർച്ചകളായി മാറി’ -കെ.ഇ.എൻ
cancel

കോഴിക്കോട്: ആശയസമരത്തെ വളരെ സമർഥമായി വർഗീയതയിലേക്ക് വഴിതിരിച്ചുവിടുന്ന ഫാഷിസ്റ്റ്തന്ത്രം സംവാദമൂല്യങ്ങളെയാകെ തകിടം മറിക്കും വിധം ശക്തിയാർജിച്ചു കഴിഞ്ഞതായി ഇടതു ചിന്തകൻ​ കെ.ഇ.എൻ കുഞ്ഞഹമ്മദ്. ബാബരി മസ്ജിദ് ഇന്ത്യൻ ഫാഷിസ്റ്റുകൾ തകർത്തതിനെതിരെ കേരളം മുഴുവൻ പ്രഭാഷണം നടത്തിയ സംസ്കൃത പണ്ഡിതൻ ഡോ. എൻ.വി.പി. ഉണിത്തിരി മാഷിനെതിരെ അന്നുയർന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.ഇ.എന്നി​ന്റെ നിരീക്ഷണം.

‘ഇത് ഉണിത്തിരിയൊന്നുമല്ല, ഏതോ ഉണിക്കോയയാണ് എന്ന് അന്ന് മാഷിനെതിരെ ഉയർന്ന പിറുപിറുക്കലുകൾ, ഇന്ന് അതിനേക്കാളെത്രയോ മുഴക്കമുള്ള അലർച്ചകളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനായത്തവാദികൾ അറിയാതെ പോകരുത്. നീതിയുടെ പക്ഷം നിൽക്കുന്ന ഏത് നമ്പൂതിരിയെയും മാപ്പിളയാക്കുന്ന മാന്ത്രികദണ്ഡ് ബാബരി മസ്ജിദ് തകർക്കപ്പെട്ടതോടനുബന്ധിച്ചാണ് കേരളത്തിൽ സ്വന്തം അത്ഭുതപ്രകടനം നടത്താൻ തുടങ്ങിയത്. ഫാഷിസ്റ്റുകളുടെ ആശയങ്ങളെ അവരുടെതന്നെ മടകളിൽ കടന്നുചെന്ന് അഭിമുഖീകരിക്കുകയാണ് അന്നൊക്കെ മാഷ് ചെയ്തത്. ബാബരി പള്ളി പൊളിച്ചതിനെതിരെ മാഷ് നടത്തിയ പ്രസംഗങ്ങൾ ഫാഷിസ്റ്റുകളെ മാത്രമല്ല, ലിബറൽ സെക്കുലറിസ്റ്റുകളിൽ പലരെയും അസ്വസ്ഥമാക്കിയത് പലതവണ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്’ -‘വാരാദ്യ മാധ്യമ’ത്തിൽ ഇടപെടൽ എന്ന പംക്തിയിൽ കെ.ഇ.എൻ എഴുതുന്നു.

‘മാഷിനൊപ്പം ഒരുപാട് വേദികൾ പങ്കിടാൻ തുടങ്ങുന്നത് 1992 ഡിസംബർ ആറിനു ശേഷമാണ്. ബാബരി മസ്ജിദ് ഇന്ത്യൻ ഫാഷിസ്റ്റുകൾ ഇടിച്ചുപൊളിച്ച് ആനന്ദനൃത്തമാടിയതിലെ ഭീകരതകളാണ്, സർവവേദികളിലും മാഷ് പങ്കുവെച്ചത്. ‘നടന്നുവന്ന വഴികൾ’ എന്ന മാഷിന്റെ ശ്രദ്ധേയമായ ആത്മകഥയിൽ ആ കാലം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അന്ന് കേരളം മുഴുവൻ പ്രഭാഷണം നടത്തിയ മാഷിനും ആദരണീയനായ ബിഷപ് പൗലോസ് മാർ പൗലോസ്അച്ചനുമൊപ്പം പലകാരണങ്ങളാൽ അവർക്കൊപ്പം നിൽക്കാനാവാത്ത ഞാനുമുണ്ടായിരുന്നു എന്നുള്ളത്, അന്നെന്നപോലെ ഇന്നും ഊർജം നൽകുന്നു. ആത്മകഥയിൽ മാഷ് ഇക്കാര്യം എഴുതിയത് പത്മിനി, രാഗിണി, ലളിത എന്ന ട്രിവാൻഡ്രം സഹോദരിമാർ എന്നറിയപ്പെട്ട കലാപ്രതിഭകളെപ്പോലെ, ഞങ്ങൾ മൂന്നുപേർ അക്കാലത്ത് ഒരുമിച്ചായിരുന്നു എന്നാണ്.

ഞാൻ നടക്കുന്നതുപോലും ഒരൽപം ഇടത്തോട്ട് ചാഞ്ഞുകൊണ്ടാണ് എന്ന് തമാശയായി പറയാറുണ്ടായിരുന്ന ബിഷപ് മാർ പൗലോസ് അച്ചൻ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം വെട്ടിയ വിസ്തൃതമായ മതസൗഹാർദത്തിന്റെ വഴി അടക്കാനുള്ള ശ്രമങ്ങളിൽ ചിലർ വ്യാപൃതരാണെങ്കിലും അന്ന് അദ്ദേഹം ആവിഷ്കരിച്ച മതനിരപേക്ഷ ആശയങ്ങൾ ഇന്നും സജീവമാണ്; ഇരുട്ടിനിടയിൽ പലപ്പോഴുമത് കരയിൽ പിടിച്ചിട്ട മീൻപോലെ പിടയുകയാണെങ്കിലും! പ്രഭാഷണവേദികളിൽ ഇന്നും ഉണിത്തിരി മാഷിന്റെയും ബിഷപ് മാർ പൗലോസച്ചന്റെയും വാക്കുകൾ കെടാത്ത തീനാളങ്ങളായി കത്തുന്നുണ്ട്. പുതിയ തലമുറ അതിൽനിന്നുള്ള പിടയുന്ന വെളിച്ചത്തെ വർധിത വീര്യമാക്കി മുന്നേറുന്നുണ്ട്.

സനാതനികൾ സംസ്കൃതത്തിന്റെ നെറ്റിയിൽ ഫിറ്റുചെയ്ത കൊമ്പാണ് ജനസഹസ്രങ്ങളെ സാക്ഷിയാക്കി തെരുവുകളിൽവെച്ച് ഉണിത്തിരി മാഷ് പിഴുതെറിഞ്ഞത്. സംസ്കൃതത്തിനും അനിവാര്യമായാൽ ഫാഷിസത്തിനെതിരെ സമരം ചെയ്യാനാവുമെന്ന് മലയാളം അന്നാണ് മനസ്സിലാക്കിയത്. ഫാഷിസ്റ്റുകളുടെ ആശയങ്ങളെ അവരുടെതന്നെ മടകളിൽ കടന്നുചെന്ന് അഭിമുഖീകരിക്കുകയാണ് അന്നൊക്കെ മാഷ് ചെയ്തത്. ബാബരി പള്ളി പൊളിച്ചതിനെതിരെ മാഷ് നടത്തിയ പ്രസംഗങ്ങൾ ഫാഷിസ്റ്റുകളെ മാത്രമല്ല, ലിബറൽ സെക്കുലറിസ്റ്റുകളിൽ പലരെയും അസ്വസ്ഥമാക്കിയത് പലതവണ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇത് ഉണിത്തിരിയൊന്നുമല്ല, ഏതോ ഉണിക്കോയയാണ് എന്ന് അന്ന് മാഷിനെതിരെ ഉയർന്ന പിറുപിറുക്കലുകൾ, ഇന്ന് അതിനേക്കാളെത്രയോ മുഴക്കമുള്ള അലർച്ചകളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനായത്തവാദികൾ അറിയാതെ പോകരുത്. നീതിയുടെ പക്ഷം നിൽക്കുന്ന ഏത് നമ്പൂതിരിയെയും മാപ്പിളയാക്കുന്ന മാന്ത്രികദണ്ഡ് ബാബരി മസ്ജിദ് തകർക്കപ്പെട്ടതോടനുബന്ധിച്ചാണ് കേരളത്തിൽ സ്വന്തം അത്ഭുതപ്രകടനം നടത്താൻ തുടങ്ങിയത്. ആശയസമരത്തെ വളരെ സമർഥമായി വർഗീയതയിലേക്ക് വഴിതിരിച്ചുവിടുന്ന ആ ഫാഷിസ്റ്റ്തന്ത്രം സംവാദമൂല്യങ്ങളെയാകെ തകിടം മറിക്കും വിധം ശക്തിയാർജിച്ചു കഴിഞ്ഞിരിക്കുന്നു.

1982 മുതൽ 18 കൊല്ലം നിലനിന്ന സയണിസ്റ്റ് ആധിപത്യം ലബനാനിൽ രണ്ടായിരാമാണ്ടിൽ വൻ പ്രക്ഷോഭങ്ങളെ തുടർന്ന് ഇസ്രായേലിന് അവസാനിപ്പിക്കേണ്ടി വന്നു. ഇസ്രായേലിന്റെ ലബനാൻ പിന്മാറ്റത്തിൽ ആഹ്ലാദഭരിതരായ ജനത, കഫർകില്ലയിലെ ഇസ്രായേൽ വാച്ച്ടവറിനു നേരെ ചെറുകല്ലുകൾ എറിഞ്ഞുകൊണ്ടാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. അവർക്കൊപ്പം അന്ന് കല്ലെറിയാൻ സർവകലാശാലാ പ്രഫസറും നമ്മുടെ കാലത്തെ ഏറ്റവും വലിയ ധൈഷണികനുമായ എഡ്വേർഡ് സൈദുമുണ്ടായിരുന്നു. ഫലസ്തീൻ ജനതക്കൊപ്പം, നീതിക്കൊപ്പം നിന്നതിന്റെ പേരിൽ, അദ്ദേഹത്തിന് സയണിസ്റ്റ് സാമ്രാജ്യത്വ അനുകൂല മാധ്യമങ്ങൾ വഞ്ചകനായ പ്രഫസർ, ഭീകരപ്രഫസർ എന്നെല്ലാമുള്ള ബിരുദങ്ങൾ മുമ്പേ നൽകിയിരുന്നു. കഫർകില്ലയിൽ വെച്ച് ഇസ്രായേൽ വാച്ച്ടവറിനുനേരെ ഒരു ചെറിയ കല്ല് എറിഞ്ഞതോടെ അദ്ദേഹം, ഒരു കൊടുംഭീകരനായി!(Rock throwing terrorist). എഡ്വേർഡ് സൈദിനുണ്ടായ അതേ അനുഭവമാണ് വേറൊരുവിധത്തിൽ, ഉണിക്കോയയായി തീർന്ന ഉണിത്തിരി മാഷിനും ഉണ്ടായത്’ -കെ.ഇ.എൻ അഭിപ്രായപ്പെട്ടു.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjidkenfascismnvp unithiri
News Summary - KEN about fascism and dr nvp unithiri
Next Story