Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെൽട്രോൺ, കെൽട്രാക്ക് പുനരുദ്ധാരണം; പ്രത്യേകം പദ്ധതികൾ തയാറാക്കാൻ തീരുമാനം

text_fields
bookmark_border
അരൂർ കെൽട്രോൺ കൺട്രോൾസ് സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കറും ഉദ്യോഗസ്ഥരും
കെൽട്രോൺ, കെൽട്രാക്ക് പുനരുദ്ധാരണം; പ്രത്യേകം പദ്ധതികൾ തയാറാക്കാൻ തീരുമാനം
cancel
camera_alt

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ കെൽട്രാക്കിൽ സന്ദർശനം നടത്തിയപ്പോൾ

അരൂർ: കെൽട്രോണിന്റെയും കെൽട്രാക്കിന്റെയും വികസനത്തിനായി പ്രത്യേകം പദ്ധതി രേഖകൾ തയാറാക്കാൻ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. കെൽട്രോണിന്റെ ഭാവി പദ്ധതികൾ, കെൽട്രാക്കിന്റെ പുനരുദ്ധാരണം എന്നിവ ലക്ഷ്യമാക്കിയാണ് എം.എൽ.എയും ഉദ്യോഗസ്ഥരും അരൂർ കെൽട്രോൺ ഫാക്ടറി സന്ദർശിച്ച് മാനേജ്മെൻറ് പ്രതിനിധികളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയത്.

കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ (കെൽട്രോൺ) കീഴിലുളള കെൽട്രോൺ കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിഭാഗമാണ് അരൂരിൽ പ്രവർത്തിക്കുന്നത്. അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ അധികം നിക്ഷേപം നടത്തി കേരളത്തിലെ ഇലക്ട്രോണിക് സാങ്കേതികവിദ്യയിലെ പ്രമുഖ സ്ഥാപനമാക്കി ഉയർത്താനാണ് ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ നിർദേശാനുസരണം യോഗം വിളിച്ച് ചേർത്തത്.

കെൽട്രോൺ കമ്പനി കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്ന സ്വാശ്രയ ടൂൾ റൂം ഗവേഷണ പരിശീലന സ്ഥാപനമായ കെൽട്രാക്ക് നിലവിൽ നടത്തിവരുന്ന ഡിപ്ലോമ കോഴ്സ് അനാകർഷകമായതിനാൽ പഠിതാക്കളെ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ആദ്യസമയങ്ങളിൽ നന്നായി പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനം അധികാരികളുടെ അവഗണനയിൽ ദുരവസ്ഥയിലാണ്. സ്ഥാപനത്തിന് മേൽ അധികാരികൾ ഇല്ലാത്ത സ്ഥിതിയുണ്ട്.

അധ്യാപകർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയും ഉണ്ട്. എന്നാലും കെൽട്രാക്കിന്റെ ടൂൾ റൂമുകൾ ഉപയോഗിച്ച് വി.എസ്.എസ്.സി പോലുള്ള സ്ഥാപനങ്ങൾക്ക് കെൽട്രോൺ മുഖേന ഉപകരണങ്ങൾ നിർമിച്ചുനൽകിവരുന്നുണ്ട്. മാനേജ്മെന്റ് പ്രതികളുമായും തൊഴിലാളികളുടെ പ്രതിനിധികളുമായും പ്രത്യേകം ചർച്ചകൾ നടത്തി. 2026 സെപ്റ്റംബർ 15ന് മുമ്പായി മാനേജ്മെന്റും തൊഴിലാളികളും സംയുക്തമായി ചർച്ച ചെയ്ത് കെൽട്രോണിന്റെയും കെൽട്രാക്കിന്റെയും വികസനത്തിനായി പ്രത്യേകം പദ്ധതി രേഖകൾ തയാറാക്കും.

കെൽട്രോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ഹേമചന്ദ്രൻ, ബി.പി.ടി ചെയർമാൻ അജയകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ ഹസീബ്, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായ അഡ്വ. കെ. ഉമേശന്‍, കെ.ടി. സാരഥി, അരൂർ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. പുഷ്പൻ, മെമ്പർ അജയൻ ചാണിയിൽ, ബ്ലോക്ക് മെംബർ വി.കെ. ഗൗരീശൻ, കെൽട്രോൺ കൺട്രോൾ ജീവനക്കാർ, കെൽട്രാക് ജീവനക്കാർ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keltron and Keltrac Revival: Decision to Prepare Separate Project Reports
Next Story