കേളകം: കണ്ണൂർ കൊട്ടിയൂരിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊട്ടിയൂർ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയെ കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് പെരുവ സ്വദേശി പാലുമ്മി വിപിനെയാണ് (25) 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
മരിച്ച ശോഭയുടെ ആഭരണങ്ങള്‍ പ്രതി പണയം വെച്ചതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 24 നാണ് ശോഭയെ കാണാതാവുന്നത്. ബന്ധുക്കൾ കേളകം പോലീസിൽ നല്കിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ മാലൂർ പുരളി മല കുറിച്യ കോളനിക്ക് സമീപം ആഗസ്ത് 28നാണ് ശോഭയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശോഭയുടെ സ്വർണ്ണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും അന്വേഷണമാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെരുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും വിശദമായ ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു.