കീഴാറ്റൂർ ബൈപാസ്: വിദഗ്ധ സംഘത്തെ നിയോഗിക്കും -കേന്ദ്രം
text_fieldsന്യൂഡൽഹി: നിർദിഷ്ട കീഴാറ്റൂർ ബൈപാസുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ. തുരുത്തി, വേളാപുരം എന്നിവിടങ്ങളിലെ പ്രശ്നങ്ങളും സംഘം പരിശോധിക്കും. ബദൽപാത അടക്കമുള്ള കാര്യങ്ങളും പരിഗണിക്കാമെന്നും വെള്ളിയാഴ്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായി ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.
വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് വയൽകിളി, തുരുത്തി സമരസമിതി നേതാക്കൾ പ്രതികരിച്ചു. അതേസമയം, തളിപ്പറമ്പ് ടൗണിലൂടെ മേൽപ്പാലം നിർമിക്കാമെന്ന നിർദേശം നിതിൻ ഗഡ്കരി തള്ളി. നിലവിൽ തന്നെ റോഡിന് ആവശ്യമായ വീതിയില്ല. ഇത് ഭാവിയിൽ വികസനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതി എന്നുവരും, നിർദിഷ്ട ബൈപാസിെൻറ വിജ്ഞാപനം പിൻവലിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തത വരുത്തിയില്ല. എന്നാൽ, സമിതിക്കു റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് അൽഫോൻസ് കണ്ണന്താനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുരുത്തിയിൽ വ്യവസായിക്കു വേണ്ടി സംസ്ഥാന സർക്കാർ അലൈൻമെൻറിൽ മാറ്റംവരുത്തി എസ് മോഡലിൽ ആക്കി. ഇതുപ്രകാരം 27 ദലിത് കുടുംബങ്ങളുടെ വീടും അവരുടെ ആരാധനാലയവും ഇല്ലാതാവും. കൂടാതെ, നന്തി^ കൊഴിലാണ്ടി ബൈപാസ് വന്നാൽ 600 വീടുകൾ പൊളിക്കേണ്ടിവരുമെന്നും ബി.ജെ.പി നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചു.
എം.പിമാരായ വി. മുരളീധരൻ എം.പി, റിച്ചാർഡ് ഹേ, വയൽകിളി നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പ്രടത്ത് ജാനകി, നോബിൾ പൈക്കട, പി. ലക്ഷ്മൺ, തുരുത്തി സമരസമിതി നേതാക്കളായ നിഷിൽ കുമാർ, രാജൻ സി.പി, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, പി. സത്യപ്രകാശ്, കെ. രഞ്ജിത്ത് എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
