ഇനി കീഴാറ്റൂരിൽ നിന്ന് കേരളമാകെ
text_fieldsകണ്ണൂർ: കേരളം കീഴാറ്റൂരിലേക്ക് ഒഴുകിയെത്തിയതിെൻറ സമരാവേശം കേരളമാകെ തിരിച്ചൊഴുക്കാൻ സമരമുന്നണിയിൽ ഒരുക്കം. ഇതിനായി വിവിധ വികസന പ്രവർത്തനങ്ങളുടെ പേരിൽ വയലും വെള്ളവും മണ്ണും നശിപ്പിക്കുന്ന എല്ലാ സമരങ്ങളെയും കണ്ണിചേർക്കും. കീഴാറ്റൂർ സമരം ഉണർത്തിയ പരിസ്ഥിതി അവബോധം സമാനമായ മറ്റു പ്രാദേശികസമരങ്ങൾക്കും പരിസ്ഥിതി നാശത്തിനെതിരായ പ്രതിരോധപ്രവർത്തനങ്ങൾക്കും ഉൗർജമാക്കിമാറ്റാനാണ് നീക്കം.
മുംബൈ കർഷകമാർച്ചിെൻറ മാതൃകയിൽ തിരുവനന്തപുരത്തേക്ക് ‘ലോങ് മാർച്ച്’ ഉൾപ്പെടെയുള്ള ആലോചനയാണ് നടക്കുന്നത്. വയൽക്കിളികളുടെ മാർച്ചിൽ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതികൂട്ടായ്മ പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു. പലരും കൂട്ടമായാണ് കീഴാറ്റൂരിലെത്തിയത്. വയൽക്കിളി മാർച്ചിനായി സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പരിസ്ഥിതിപ്രവർത്തകർ വലിയതോതിലുള്ള കാമ്പയിനാണ് നടത്തിയത്.
പരിസ്ഥിതി വിഷയത്തിൽ സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജനകീയമുന്നേറ്റമാണ് കീഴാറ്റൂരിൽ ഞായറാഴ്ച കണ്ടത്. ഇതോടെയാണ് കീഴാറ്റൂരിലെ സമരാവേശം സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ആലോചന തുടങ്ങിയത്. കീഴാറ്റൂർ സമരത്തിെൻറ അടുത്തഘട്ടമെന്നനിലക്കാണ് അതിെൻറ ആസൂത്രണം. കീഴാറ്റൂരിൽ അഗ്നിക്കിരയാക്കപ്പെട്ട സമരപ്പന്തൽ വയൽക്കിളികൾ ഞായറാഴ്ച പുനഃസ്ഥാപിച്ചുവെങ്കിലും വയലിന് കാവൽ കിടന്നുള്ള സമരം ഇനി വേണ്ടെന്നാണ് വയൽക്കിളി സമരക്കാരുടെ തീരുമാനം.
അതിനാൽ ഇന്നുമുതൽ കീഴാറ്റൂർ വയലിൽ വയൽക്കിളികളുടെ സമരപ്പന്തലും സമരക്കാരുമുണ്ടാവില്ല. കീഴാറ്റൂർ വയൽ സംരക്ഷണത്തിനായുള്ള സമരം ഇനി കീഴാറ്റൂർ വയലിലല്ല, മറിച്ച് കേരളമാകെയാണ് നടക്കുകയെന്ന് വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. വയൽക്കിളികളും അവർക്ക് പിന്തുണയുമായി രംഗത്തുള്ളവരും സമരത്തിെൻറ അടുത്തഘട്ടത്തെക്കുറിച്ചുള്ള ആലോചനയിലാണ്. വയൽക്കിളി സമരത്തെ സി.പി.എമ്മും സർക്കാറും തുടക്കത്തിൽ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല.
പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കാർ നയിച്ച സമരം കണ്ണുരുട്ടി അവസാനിപ്പിക്കാനാണ് സി.പി.എം നേതൃത്വം ആദ്യം ശ്രമിച്ചത്. നേതൃത്വത്തിെൻറ സമ്മർദത്തിൽ വലിയൊരു വിഭാഗം പാർട്ടിക്കാർ പിന്മാറി. എന്നാൽ, അവശേഷിക്കുന്നവർ വർധിതവീര്യത്തോടെ സമരത്തിൽ നിലയുറപ്പിച്ചതാണ് വയൽക്കിളി സമരം ഇന്നത്തെ നിലയിലേക്ക് വളർന്നത്. ഇപ്പോൾ സർക്കാറും സി.പി.എമ്മും പ്രതിരോധത്തിലാണ്. കീഴാറ്റൂർ സമരത്തിന് ലഭിച്ച പിന്തുണ കേരളത്തിലുടനീളമുള്ള പരിസ്ഥിതിപ്രശ്നങ്ങളെ മുഖ്യധാരാ ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള അനുകൂലസാഹചര്യമായാണ് പരിസ്ഥിതി പ്രവർത്തകർ കാണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.