കീഴാറ്റൂർ: ബൈപാസോ ആകാശപ്പാതയോ സർക്കാർ ആശയക്കുഴപ്പത്തിൽ
text_fieldsകണ്ണൂർ: കീഴാറ്റൂരിൽ പുതിയ ബൈപാസ് വേണോ? പകരം ആകാശപ്പാത പരിഹാരമാണോ..? ആശയക്കുഴപ്പത്തിലാണ് സംസ്ഥാന സർക്കാർ. കീഴാറ്റൂർവയൽ അളന്ന് ഏറ്റെടുത്തശേഷം സംസ്ഥാന സർക്കാർ ആകാശപ്പാതക്ക് അനുമതി തേടി കേന്ദ്രത്തിന് കത്തെഴുതിയത് അതുകൊണ്ടാണ്. ദേശീയപാത 66 (പഴയ NH 17) നാലുവരിപ്പാതയായി വികസിപ്പിക്കുേമ്പാൾ തളിപ്പറമ്പ് നഗരത്തിരക്ക് ഒഴിവാക്കുന്നതിനാണ് പദ്ധതി. ആദ്യം നിർദേശിക്കപ്പെട്ടത് കുറ്റിക്കോൽ മുതൽ പ്ലാത്തോട്ടം കുപ്പം വഴിയുള്ള ബൈപാസാണ്. ഇൗ അലെയിൻമെൻറ് മാറ്റിയാണ് ഇപ്പോൾ വിവാദമായ കീഴാറ്റൂർവയൽ വഴിയുള്ള കുറ്റിക്കോൽ-കൂവോട് -കീഴാറ്റൂർ ബൈപാസ് നിർദേശിച്ചിരിക്കുന്നത്. സമരക്കാരുടെ എതിർപ്പിനൊടുവിലാണ് നിലവിലുള്ള റോഡിന് മുകളിൽ ആകാശപ്പാത പണിയാമെന്ന മൂന്നാമത് നിർദേശം ഉയർന്നുവന്നത്.
കുറ്റിക്കോൽ - പ്ലാത്തോട്ടം - കുപ്പം ബൈപാസ്
5.47 കി.മീ. ആണ് ദൈർഘ്യം. 26.17 ഏക്കർ സ്ഥലം ഏറ്റെടുക്കണം. ഇതിൽ 17.48 സ്വകാര്യ കരഭൂമിയാണ്. 8.19 ഹെക്ടർ തണ്ണീർത്തടം നികത്തണം. ജനവാസം ഏറെയുള്ള പ്രദേശമാണിത്. ഇതുവഴി 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് ബൈപാസ് നിർമിക്കണമെങ്കിൽ 116 വീടുകളും നാല് വ്യാപാരസമുച്ചയങ്ങളും പൊളിക്കണം.
കുറ്റിക്കോൽ - കൂവോട് - കീഴാറ്റൂർ ബൈപാസ്
ഇപ്പോൾ നാഷനൽ ഹൈവേ അേതാറിറ്റി അംഗീകരിച്ച് വിജ്ഞാപനമിറക്കി ഭൂമി അളന്ന് തിട്ടപ്പെടുത്തിയ റൂട്ട് ഇതാണ്. ആറു കി.മീ. ആണ് ദൈർഘ്യം. 29.11 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഇതിൽ 22 ഹെക്ടറോളം വയൽ അല്ലെങ്കിൽ തണ്ണീർത്തടമാണ്. ജനവാസം കുറവാണ് എന്നതാണ് ഇൗ അലെയിൻമെൻറ് സ്വീകരിക്കാൻ സർക്കാർ മുന്നോട്ടുവെക്കുന്ന ന്യായം. 30 വീടുകളും നാല് വ്യാപാരസ്ഥാപനങ്ങളും മാത്രമാണ് പൊളിക്കേണ്ടിവരുക.
ഇൗ അലെയിൻമെൻറ് വഴി 45 മീറ്റർ റോഡ് വന്നാൽ കൂവോട്, കീഴാറ്റൂർ പ്രദേശങ്ങളിലെ വയൽ പൂർണമായും ഇല്ലാതാകും. കാരണം, ഇവിെട വയലിന് വീതി കുറവാണ്. വയൽ ഇല്ലാതാകുേമ്പാഴുള്ള പരിസ്ഥിതിനാശം വളരെ വലുതാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മഴക്കാലത്ത് ഒന്നര മീറ്റർ വരെ ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമാണിത്. മേഖലയിലെ ഭൂഗർഭ ജലനിരപ്പ് സംരക്ഷിക്കുന്നതിൽ കീഴാറ്റൂരിലെ വയൽഭൂമിക്ക് വലിയ പങ്കുണ്ട്. റോഡിനായി വയൽ മണ്ണിട്ടുമൂടിയാൽ മഴവെള്ളം ഭൂമിയിലേക്ക് റീചാർജ് ചെയ്യുന്നത് മുടങ്ങും. അത് ജലനിരപ്പിനെ ബാധിക്കും. വരൾച്ചയിലേക്ക് നയിക്കും. ആറു കി.മീ. ദൂരം 45 മീറ്റർ വീതിയിൽ മൂന്നരമീറ്റർ ഉയരത്തിൽ മണ്ണിട്ട് നികത്തണം. ഇതിന് 1,30,000 ലോഡ് മണ്ണ് വേണ്ടിവരും. അതിനായി മണ്ണെടുത്താൽ സമീപത്തെ കുന്നുകൾ ഇല്ലാതാകും. കീഴാറ്റൂർ ബൈപാസിൽ കണ്ണുവെച്ച് ഭൂമാഫിയ സമീപത്തെ കുന്നുകൾ വാങ്ങിക്കൂട്ടിയെന്നും ആക്ഷേപമുണ്ട്.
ആകാശപ്പാത
മേൽപറഞ്ഞ രണ്ടു ബൈപാസുകളും ഒഴിവാക്കി പകരം നിലവിലുള്ള ദേശീയപാതയിൽ തളിപ്പറമ്പ് ടൗണിൽ ആകാശപ്പാത നിർമിക്കാമെന്നതാണ് കീഴാറ്റൂർ പ്രശ്നത്തിന് പരിഹാരമായി ഉയരുന്ന ബദൽ നിർദേശം. തളിപ്പറമ്പ് ടൗണിൽ നഗരത്തിരക്ക് ആരംഭിക്കുന്ന ഏഴാം മൈൽ മുതൽ ലൂർദ് ഹോസ്പിറ്റൽ വരെ രണ്ടു കി.മീ. ദൂരത്തിൽ 10 മീറ്റർ വീതിയിൽ എലവേറ്റഡ് പാത എന്നതാണ് ആശയം.
ആകാശപ്പാത യാഥാർഥ്യമാകുേമ്പാൾ താഴെയും മുകളിലുമായി രണ്ടുവരി പാത ഉണ്ടാകും. ആകാശപ്പാത കഴിച്ചുള്ള നാലു കി.മീ. ഭാഗത്ത് റോഡ് വീതികൂട്ടാൻ 10 ഹെക്ടർ ഭൂമി മാത്രം ഏറ്റെടുത്താൽ മതി. 30 വീടുകൾ മാത്രമേ പൊളിക്കേണ്ടിവരുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.