കീം ഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിന് ഒന്നാം റാങ്ക്
text_fieldsകീം പ്രവേശന പരീക്ഷയിൽ എൻജിനീയറിങ്ങിൽ ഒന്നാംറാങ്ക് നേടിയ റോഷൻ രാജുവിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റോജി എം. ജോൺ കാലടി അയ്യമ്പുഴയിലെ വീട്ടിലെത്തി അഭിനന്ദിക്കുന്നു
കൊച്ചി: 2026ലെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങിൽ എറണാകുളം അയ്യമ്പുഴ അമലാപുരം കച്ചപ്പിള്ളി വീട്ടിൽ റോഷൻ രാജുവും ബി.ഫാമിൽ തൃശൂർ പോട്ട പളമ്പിള്ളി കൊഞ്ചാത്ത് വീട്ടിൽ വിനായക് നാരായണനും ഒന്നാം റാങ്ക് കരസ്ഥമാക്കി.
എൻജിനീയറിങിൽ കണ്ണൂർ ചെറുവാഞ്ചേരി പൂവത്തൂർ മണിയാറ്റപറമ്പിൽ ധ്യാൻ തേജ് മണപ്പാട്ടി, തൃശൂർ എരവത്തൂർ കൊച്ചുകടവ് കോഴിപ്പിള്ളി വീട്ടിൽ കെ.ആർ. വിസ്മയ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ബി.ഫാമിൽ തൃശൂർ ഒല്ലൂർ പള്ളിക്ക് സമീപം കിഴക്കേനട അക്കര ഹൗസിൽ ജെസെയ് ജസ്റ്റിൻ, മലപ്പുറം കാവനൂർ തഖ്വാബാദ് നടുക്കണ്ടിയിൽ എ.എൻ. ദിയ ഫാത്തിമ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എൻജിനീയറിങിൽ ഒന്നും രണ്ടും റാങ്ക് നേടിയ റോഷൻ രാജുവും ധ്യാൻ തേജ് മണപ്പാട്ടിയും പ്രവേശന പരീക്ഷയിൽ ഒരേ മാർക്കാണ് നേടിയത്. കണക്കിന് കൂടുതൽ മാർക്ക് നേടാൻ സാധിച്ചതാണ് റോഷനെ ഒന്നാം റാങ്കിന് അർഹനാക്കിയത്.
വിനായക് നാരായണൻ
എൻജിനീയറിങ് വിഭാഗത്തിൽ 79,717 പേർ ഉന്നതപഠന യോഗ്യത നേടി. ഇതിൽ യഥാസമയം മാർക്ക് വിവരം സമർപ്പിച്ചവരെ ഉൾപ്പെടുത്തി 64,759 പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കി. ഫാർമസിയിൽ 26,943 പേർ റാങ്ക്ലിസ്റ്റിൽ ഇടംപിടിച്ചു. കേരള ഹയർസെക്കൻഡറി വിഭാഗത്തിൽനിന്ന് എൻജീനീയറിങ് പ്രവേശന പരീക്ഷയെഴുതിയ 44,921 പേരിൽ 2,721 പേരും സി.ബി.എസ്.ഇയിൽനിന്ന് പരീക്ഷയെഴുതിയ 18,482 പേരിൽ 2,029 പേരും ആദ്യ 5,000 പേരുടെ പട്ടികയിൽ ഇടംനേടിയെന്ന് മന്ത്രി പറഞ്ഞു. ചില സാങ്കേതിക വിഷയങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസം നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി. സാമുദായിക സംവരണം, പ്രത്യേക സംവരണം, നേറ്റിവിറ്റി, വരുമാനം എന്നിവക്ക് അർഹരായവരുടെ കാറ്റഗറി ലിസ്റ്റ് ജൂലൈ 29ന് പ്രസിദ്ധീകരിക്കും.
ഒന്നാംഘട്ട അലോട്ട്മെന്റിന് വേണ്ടിയുള്ള ഓപ്ഷൻ രജിസ്ട്രേഷൻ 30ന് ആരംഭിച്ച് ജൂലൈ നാലിന് അവസാനിക്കും. ജൂലൈ എട്ടിന് ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. എ.ഐ.സി.ടി.ഇ അക്കാദമിക് കലണ്ടർ അനുസരിച്ച് ആഗസ്റ്റ് 14നകം ബി.ടെക് പ്രവേശന നടപടികൾ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

