കേരള സിലബസിലുള്ളവർക്ക് നൽകിയത് ശിക്ഷ; വിദ്യാർഥികളെ രക്ഷിക്കാൻ സമയവും കാലവും നോക്കാതെയിറങ്ങി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിൽ മാർക്ക് കുറയുന്ന അനീതിയിൽനിന്ന് കേരള സിലബസിലുള്ള വിദ്യാർഥികളെ രക്ഷിക്കാൻ സമയവും കാലവും നോക്കാതെയിറങ്ങിയ സർക്കാർ നടപടി ഒടുവിൽ ചെന്നെത്തിയത് കുട്ടികളെ ശിക്ഷിക്കുന്നതിൽ. കോടതി ഉത്തരവിനെ തുടർന്ന് പട്ടിക പുതുക്കിയപ്പോൾ, ആദ്യ റാങ്ക് പട്ടികയിൽ സർക്കാർ, എയ്ഡഡ്, മികച്ച സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ഉറപ്പിച്ച വിദ്യാർഥികളുടെ ഭാവിതന്നെ അവതാളത്തിലാകുന്ന നിലയായി.
സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികൾ 5000 റാങ്ക് വരെ പിറകിൽ പോകുന്നതാണ് പുതിയ റാങ്ക് പട്ടികയുടെ ദുരന്തചിത്രം. പ്രോസ്പെക്ടസ് പരിഷ്കരണത്തിന് സ്വീകരിക്കേണ്ട പതിവ് രീതികളും സമയവും തെറ്റിച്ചാണ് പ്ലസ് ടു മാർക്ക് പരിഗണിക്കുന്ന അനുപാതത്തിൽ മാറ്റംവരുത്തിയുള്ള പ്രധാന ഭേദഗതി സർക്കാർ കൊണ്ടുവന്നത്. എല്ലാവർഷവും പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ റീവാമ്പിങ് കമ്മിറ്റി യോഗം ചേരാറുണ്ട്. ഈ വർഷവും ജനുവരിയിൽ യോഗം ചേരുകയും ആവശ്യമായ മാറ്റങ്ങൾ ശിപാർശ ചെയ്യുകയും സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
ഇതുപ്രകാരമാണ് കഴിഞ്ഞ ഫെബ്രുവരി 19ന് പ്രോസ്പെക്ടസ് അംഗീകരിച്ച് ഉത്തരവിറക്കിയത്. പ്രവേശന നടപടികളുടെ അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ തലേദിവസം മാറ്റാൻ തീരുമാനിക്കുകയും പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ മണിക്കൂറുകൾക്ക് മുമ്പ് മാത്രം ഉത്തരവിറക്കുകയും ചെയ്ത സർക്കാർ നടപടിയാണ് ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ വർഷം റാങ്ക് പട്ടിക ജൂലൈ 11ന് പ്രസിദ്ധീകരിച്ചപ്പോൾതന്നെ കേരള സിലബസിലുള്ള കുട്ടികൾ പിറകിൽ പോകുന്നത് സംബന്ധിച്ച പരാതികളുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർക്ക് ഏകീകരണത്തിലെ പ്രശ്നം പഠിക്കാൻ റിവ്യൂ കമ്മിറ്റി രൂപവത്കരിക്കാൻ പ്രവേശനപരീക്ഷ കമീഷണർ സർക്കാറിലേക്ക് കത്ത് നൽകിയിരുന്നു. ഇതിൽ തുടർനടപടികൾ വൈകിയതാണ് പ്രതിസന്ധിയായി മാറിയത്.
പ്രോസ്പെക്ടസിൽ മാറ്റംവരുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ:
• റിവ്യൂ കമ്മിറ്റിക്കായി 2024 നവംബർ മൂന്നിന് എൻട്രൻസ് കമീഷണർ കത്ത് നൽകി
• 2025 മാർച്ച് നാലിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് റിവ്യൂ കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു.
• 2025 ഫെബ്രുവരി 19ന് പ്രോസ്പെക്ടസ് അംഗീകരിച്ച് ഉത്തരവിറങ്ങി.
• റിവ്യൂ കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കിയത് ഏപ്രിൽ ഒമ്പതിന്.
• ഈ വർഷം പരിഷ്കരണം വേണ്ടെന്ന ശിപാർശയിൽ കമ്മിറ്റി റിപ്പോർട്ട് നൽകിയത് ജൂൺ രണ്ടിന്.
• ജൂൺ 30ന് ചേർന്ന മന്ത്രിസഭ യോഗം ഭേദഗതിക്ക് അംഗീകാരം നൽകി.
• പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത് ജൂലൈ ഒന്നിന് ഉത്തരവിറങ്ങി.
• മണിക്കൂറുകൾക്കകം കോഴിക്കോട്ട് അടിയന്തിര വാർത്തസമ്മേളനം വിളിച്ച് മന്ത്രി ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

