Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതല്ലും തലോടലും...

തല്ലും തലോടലും ഒരുമിച്ച് പോകില്ല -ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി

text_fields
bookmark_border
തല്ലും തലോടലും ഒരുമിച്ച് പോകില്ല -ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി
cancel

കൊച്ചി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിലെ ലേഖനത്തിൽ കെ.സി.ബി.സി. ന്യൂനപക്ഷങ്ങൾക്ക് വിശിഷ്യാ ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരികയാണെന്നും അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി എഴുതുന്നു.

ഇന്ത്യയിൽ പ്രതിദിനം ശരാശരി രണ്ട് അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ആൾക്കൂട്ട ആക്രമണങ്ങൾ, കള്ളക്കേസുകളിൽ പെടുത്തൽ, ദേവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ ക്ലാസുകളും തടസപ്പെടുത്തൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നുള്ളത് വാസ്‌തവമാണ്. മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ അത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ്. ഇത്തരമൊരു അപകടകരമായ അവസ്ഥ രാജ്യത്തുടനീളം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുമായി ഐക്യം രൂപപ്പെടുത്താൻ ബി.ജെ.പി രാഷ്ട്രീയ നേതൃത്വം ശ്രമം നടത്തുന്നതും.

ക്രൈസ്തവസമൂഹവുമായുള്ള ബന്ധം വളർത്തുന്നതിനായി തിരുനാളുകളോടനുബന്ധിച്ച് വിരുന്നുകൾ സംഘടിപ്പിക്കുകയും സൗഹാർദ സന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന ശൈലി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ അവലംബിച്ചുതുടങ്ങിയിട്ട് ചില വർഷങ്ങളായി. ബി.ജെ.പിക്ക് ഇനിയും കാര്യമായ രാഷ്ട്രീയ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കേരളത്തിൽ ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താൻ പാർട്ടി തലത്തിൽ സമീപകാലത്തായി ഊർജിത ശ്രമങ്ങളുണ്ട്. ഇത്തരം നീക്കങ്ങൾക്ക് കത്തോലിക്കാ സഭയുടെയോ മറ്റ് ക്രൈസ്‌തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വങ്ങളിൽനിന്ന് പ്രോത്സാഹനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ലെങ്കിൽ പോലും, ദേശീയതലത്തിൽതന്നെ ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിക്ക് ക്രൈസ്തവരോട് അനുകൂല നിലപാടുകളാണ് എക്കാലത്തും ഉള്ളതെന്നും സൗഹാർദ സമീപനം ആരോഗ്യകരമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നിരന്തരം കണ്ടുവരുന്നുണ്ട്.

സമാധാനാന്തരീക്ഷം പൂർണമായി നഷ്ടപ്പെട്ടുകഴിഞ്ഞ മണിപ്പൂർ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്നു. ഗോത്ര കലാപത്തിന്റെ മറപിടിച്ച് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് അസൂത്രിതമായി അവിടെ നടപ്പിലാക്കിയത്. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം വീണ്ടും ചർച്ചകളിൽ നിറയാൻ വഴിയൊരുക്കിയ ബിൽക്കിസ് ബാനു കേസ് സംഘപരിവാർ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നുണ്ട്.

ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൽ സമീപനാളുകളിൽ പോലും കടുത്ത ക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി ക്രിസ്‌മസ് വിരുന്നൊരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്‌മസ് അവഹേളിക്കപ്പെടുകയായിരുന്നു -ലേഖനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCBCBJP
News Summary - KCBC criticism against BJP
Next Story