മതസ്വാതന്ത്ര്യം എടുത്തുമാറ്റാൻ തന്ത്രങ്ങൾ മെനയുന്നവർക്ക് വ്യാഖ്യാനിക്കാനുള്ളതല്ല ഭരണഘടന -കെ.സി.ബി.സി
text_fieldsകോട്ടയം: മതസ്വാതന്ത്ര്യം എടുത്തുമാറ്റാൻ തന്ത്രങ്ങൾ മെനയുന്നവർക്ക് വ്യാഖ്യാനിക്കാനുള്ളതുല്ല ഭരണഘടനയെന്ന് കെ.സി.ബി.സി. തീവ്രഹിന്ദുത്വ സംഘടനകളാൽ നയിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ അവരോട് വിധേയപ്പെടുകയോ ചെയ്യുന്ന സർക്കാരുകളാണ് മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നത് എന്നത് ഗൗരവമേറിയ വസ്തുതയാണെന്നും കെ.സി.ബി.സി ഐക്യ-ജാഗ്രത കമീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ സി.എം.ഐ. ദീപിക ദിനപത്രത്തിൽ ‘അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തനത്തെ അനുകൂലിക്കുന്നില്ല എന്നു മാത്രമല്ല അത്തരം ശ്രമങ്ങളെ ഒരുവന്റെ മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി വീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ലേഖനത്തിൽ പറയുന്നു. കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തന നിലപാടുകൾ സ്വീകരിക്കുന്നു എന്ന ചിലരുടെ ആരോപണം വസ്തുത മനസിലാക്കാത്തതിനാലും അന്ധമായ വർഗീയ നിലപാടുകൾ പുലർത്തുന്നതിനാലും രൂപപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എല്ലാവരോടും സുവിശേഷം പ്രസംഗിക്കുക എന്ന കടമ, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സഭ ലോകത്തിൽ എല്ലായിടത്തും തുടരുന്നു. അതു സാമൂഹിക നീതിക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിലപാടുകളാണ്. അംഗീകരിക്കാനുള്ള വൈമനസ്യംകൊണ്ടോ അറിവില്ലായ്മകൊണ്ടോ ഇത്തരം ശ്രമങ്ങളെ മതപരിവർത്തനശ്രമങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണു വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നത്.
മതപരിവർത്തനത്തെ നിരോധിക്കാൻ രാജസ്ഥാൻ പാസാക്കിയ നിയമം നിയമ പരിരക്ഷയല്ല, ഭീതിയാണ് നൽകുന്നത്. മതംമാറ്റത്തിനായുള്ള ഒരാളുടെ അപേക്ഷയും അതിനുള്ള ശ്രമങ്ങളും പ്രസ്തുത വ്യക്തിയെ ദീർഘകാലം ജയിൽവാസത്തിലേക്കു നയിക്കാനുള്ള ഭീതികരമായ സാധ്യതകൂടിയാണ് ഈ നിയമം തുറന്നിടുന്നത്. ഒരാളുടെ പൂർണ സമ്മതപ്രകാരമുള്ള മതപരിവർത്തനംപോലും അധികാരികൾ തീരുമാനിക്കുന്നത് പൗരാവകാശങ്ങളുടെ കടുത്ത നിഷേധമാണ് എന്നു പറയാതിരിക്കാനാവില്ല. മതപരിവർത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരെ അടിച്ചമർത്താൻ ഈ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്.
സ്വമേധയാ മറ്റൊരു മതം സ്വീകരിച്ചവരെയും തലമുറകളായി മറ്റൊരു മതവിശ്വാസത്തിൽ കഴിയുന്നവരെയും നിർബന്ധിച്ചും ഊരു വിലക്കിയുമൊക്കെ ‘ഘർ വാപ്പസി’ നടത്തുന്നത് നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൽ ഉൾപ്പെടുത്താത്തതുകൊണ്ടുതന്നെ ഇത്തരം നിയമങ്ങൾ വർഗീയലക്ഷ്യങ്ങളോടെ നിർമിക്കപ്പെട്ടതാണ് എന്നതു വ്യക്തമാണ്. വർഗീയതയുടെ അണുബാധയേറ്റു തളർന്നുകിടക്കാനുള്ളതല്ല നമ്മുടെ ഭരണഘടന; മതസ്വാതന്ത്ര്യം എടുത്തുമാറ്റാൻ തന്ത്രങ്ങൾ മെനയുന്നവർക്കു വ്യാഖ്യാനിക്കാനുള്ളതുമല്ല നമ്മുടെ ഭരണഘടനയെന്നും ഫാ. ഡോ. മൈക്കിൾ പുളിക്കൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

