മതംമാറ്റ നിരോധനം: ബൈബിളും കുരിശും റെയ്ഡിൽ പിടിച്ചെടുത്ത് നിയമലംഘന വസ്തുക്കളായി പ്രദർശിപ്പിക്കുന്നു -കെ.സി.ബി.സി മുഖപത്രം
text_fieldsകോഴിക്കോട്: തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരെ അടിച്ചമർത്താൻ മതപരിവർത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗിക്കുന്നതായി കെ.സി.ബി.സി മുഖപത്രം. ‘മതപരിവർത്തന നിരോധന നിയമങ്ങൾ പിടിമുറുക്കുന്ന ഇന്ത്യ’ എന്ന തലക്കെട്ടിൽ കെ.സി.ബി.സി ജാഗ്രത കമീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ, ജാഗ്രത വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സന്യസ്ഥരും വൈദികരും വിശ്വാസികളും സ്വകാര്യമായി ഉപയോഗിക്കുന്ന ബൈബിളും പ്രാർത്ഥനാ പുസ്തകങ്ങളും കുരിശുരൂപവും മറ്റും റെയ്ഡുകളിൽ കണ്ടെടുത്ത് അവയുടെ ഉപയോഗം വലിയ നിയമ ലംഘനമെന്ന വിധത്തിൽ പ്രദർശിപ്പിക്കുന്നതായും ലേഖനത്തിൽ പറയുന്നു.
ബി.ജെ.പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വിവാദ മതപരിവർത്തന നിരോധന നിയമം രാജസ്ഥാനിലും നടപ്പാക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ലേഖനം. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനും അവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25ാം ആർട്ടിക്കിളിന് തികച്ചും വിരുദ്ധമാണ് ഇത്തരം നിയമ നിർമ്മാണങ്ങളും കോടതി ഇടപെടലുകളും എന്ന് ഇതിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടാൻ ഈ നിയമം വഴിയൊരുക്കുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. ഏറ്റവും ഒടുവിൽ ഉത്തരപ്രദേശിലെ അംബേദ്‌കർ നഗറിൽ മതപരിവർത്തന ശ്രമങ്ങൾ നടത്തിയെന്ന കുറ്റം ചുമത്തി ജോസ് പാപ്പച്ചൻ, ഷീജ പാപ്പച്ചൻ എന്നീ ദമ്പതികൾക്ക് ഈ ജനുവരി 24 ന് പ്രത്യേക കോടതി അഞ്ചുവർഷം തടവ് ശിക്ഷയും 25000 രൂപ വീതം പിഴയും ചുമത്തി. 2022 ഡിസംബർ 25 ന് ആദിവാസികൾക്കിടയിൽ ക്രിസ്മസ് ആഘോഷം നടത്തിയതാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന് പ്രകോപനമായത്. തുടർന്ന് ബിജെപിയുടെ ജില്ലാ സെക്രട്ടറിയായ ചന്ദ്രിക പ്രസാദ് ജലാൽപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമത്തിലെ 3, 5 (1) വകുപ്പുകൾ ചുമത്തപ്പെട്ടതിനെ തുടർന്ന് വിചാരണ കാലയളവ് മുഴുവൻ അവർക്ക് ജയിലിൽ കഴിയേണ്ടതായി വന്നിരുന്നു. വില്ലേജ് സന്ദർശിക്കുകയും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു, ബൈബിൾ വിതരണം ചെയ്തു, ക്രിസ്മസിന് കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു, ക്രിസ്മസ് ആഘോഷം നടന്നയിടത്ത് ഉണ്ണീശോയുടെ ചിത്രം പ്രദർശിപ്പിച്ചു എന്നീ “കുറ്റ കൃത്യങ്ങൾ” ചെയ്തതായി ഗ്രാമവാസികളുടെ മൊഴികളിൽനിന്ന് വ്യക്തമായതോടെയാണ് കോടതി അവരെ കുറ്റക്കാരെന്നു കണ്ട് ശിക്ഷ വിധിച്ചത്.
വ്യാപകമായി ദുരുപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തരപ്രദേശിലെയും മധ്യപ്രദേശിലേയും മതപരിവർത്തന നിരോധന നിയമങ്ങൾക്ക് ഏറെക്കുറെ സമാനമാണ് രാജസ്ഥാൻ നിയമസഭയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന പുതിയ ബിൽ. ഒരു വ്യക്തിക്ക് സ്വമേധയാ മതം മാറണമെങ്കിൽ മാസങ്ങൾ നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. മതപരിവർത്തനത്തിന് തയ്യാറെടുക്കുന്ന വ്യക്തി രണ്ടു മാസങ്ങൾക്ക് മുമ്പും മതപരിവർത്തന പ്രക്രിയയ്ക്ക് കാർമ്മികനാകുന്ന വ്യക്തി ഒരു മാസം മുമ്പും ജില്ലാ കലക്ടർക്ക് അപേക്ഷ സമർപ്പിക്കണം. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ പോലും യഥാക്രമം മൂന്നും അഞ്ചും വർഷം വരെ നീളുന്ന ജയിൽ ശിക്ഷയ്ക്കും പതിനായിരത്തിലും ഇരുപത്തയ്യായിരത്തിലും കുറയാത്ത പിഴ ശിക്ഷയ്ക്കും കാരണമായേക്കാം.
അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ അഡീഷണൽ ജില്ലാ കലക്ടറിൽ കുറയാത്ത റാങ്കുള്ള ഒരു ഓഫീസറുടെ മേൽനോട്ടത്തിൽ വിശദമായ പോലീസ് അന്വേഷണം നടക്കേണ്ടതുണ്ട്. ഒപ്പം അപേക്ഷകന്റെ വിശദമായ വിവരങ്ങൾ പൊതുജനശ്രദ്ധയ്ക്കായി ജില്ലാ കലക്ടറുടെ ഓഫീസ് പരിസരത്ത് പതിക്കുകയും ചെയ്യും. പോലീസ് അന്വേഷണം അപേക്ഷകന് അനുകൂലമാവുകയും പൊതുജനങ്ങൾക്ക് എതിർപ്പില്ലാതിരിക്കുകയും ചെയ്‌താൽ മതം മാറ്റം അനുവദനീയമാണ്. ഫലത്തിൽ നിയമം പ്രാബല്യത്തിൽ വന്നാൽ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കണമെങ്കിൽ അതിനുള്ള കടമ്പകൾ അത്യന്തം ദുഷ്കരമായിരിക്കുമെന്ന് തീർച്ച.
പ്രത്യേകമായി, മതപരിവർത്തനം സംബന്ധിച്ചുള്ള പരാതികൾ, പരിവർത്തനം ചെയ്യപ്പെട്ടതോ അതിന് ഒരുങ്ങുന്നതോ ആയ ആളുടെ രക്തബന്ധത്തിൽ പെട്ട ആർക്കും നൽകാനാവും എന്ന വ്യവസ്ഥകൂടി രാജസ്ഥാൻ മതപരിവർത്തന നിരോധന ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരിവർത്തനം സംബന്ധിച്ചുള്ള പരാതികൾ അതിനു കാരണക്കാരനായ വ്യക്തിയ്ക്ക് അഞ്ചു വർഷം വരെ തടവ് ശിക്ഷയ്‌ക്കോ ചുരുങ്ങിയത് പതിനായിരം രൂപ പിഴ ശിക്ഷയ്‌ക്കോ വഴിയൊരുക്കിയേക്കാം. സ്ത്രീയെയോ, പ്രായപൂർത്തിയാകാത്ത വ്യക്തിയെയോ, ഒന്നിൽ കൂടുതൽ വ്യക്തികളെ ഒരുമിച്ചോ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയോ വിധേയരാക്കുകയോ ചെയ്യുന്ന പക്ഷം ശിക്ഷ പത്തുവർഷം വരെയുള്ള തടവും അമ്പതിനായിരത്തിൽ കുറയാത്ത പിഴയുമായിരിക്കും.
വിവിധ സംസ്ഥാനങ്ങളെ കലാപഭൂമിയാക്കി മാറ്റാൻ പദ്ധതികൾ മെനയുന്ന വർഗീയവാദികൾക്ക് നിയമ നിർമ്മാണങ്ങളിലൂടെ ആയുധങ്ങൾ നിർമ്മിച്ച് നൽകുന്ന സംസ്ഥാന സർക്കാരുകൾ അത്തരം നീക്കങ്ങളിൽനിന്ന് പിന്മാറണമെന്ന് ലേഖനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരും രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തെ ഗൗരവമായെടുക്കുകയും വർഗീയതയും സാമൂഹിക വിഭജനവും വളർത്തുന്ന നീക്കങ്ങൾക്ക് യഥാവിധി പ്രതിവിധി കണ്ടെത്തുകയും ചെയ്യുന്നിടത്താണ് ഇന്ത്യ യാഥാർത്ഥത്തിൽ തിളങ്ങുന്നതെന്നും ലേഖനത്തിൽ പറഞ്ഞു.
ലേഖനത്തിന്റെ പൂർണരൂപം:
മതപരിവർത്തന നിരോധന നിയമങ്ങൾ പിടിമുറുക്കുന്ന ഇന്ത്യ
മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 നടപ്പാകാൻ സാധ്യതകൾ ഏറെയാണ്. രാജസ്ഥാന്റെ മൂന്ന് അയൽ സംസ്ഥാനങ്ങളിൽ നിലവിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിലുണ്ട് എന്നതും ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ എന്നതും ബിൽ നിയമമാകാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.
വേട്ടയാടാൻ മതപരിവർത്തന നിരോധന നിയമം
മതപരിവർത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരെ അടിച്ചമർത്താൻ ഈ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടാൻ ഈ നിയമം വഴിയൊരുക്കുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. ഏറ്റവും ഒടുവിൽ ഉത്തരപ്രദേശിലെ അംബേദ്‌കർ നഗറിൽ മതപരിവർത്തന ശ്രമങ്ങൾ നടത്തിയെന്ന കുറ്റം ചുമത്തി ജോസ് പാപ്പച്ചൻ, ഷീജ പാപ്പച്ചൻ എന്നീ ദമ്പതികൾക്ക് ഈ ജനുവരി 24 ന് പ്രത്യേക കോടതി അഞ്ചുവർഷം തടവ് ശിക്ഷയും 25000 രൂപ വീതം പിഴയും ചുമത്തുകയുണ്ടായിരുന്നു. 2022 ഡിസംബർ 25 ന് ആദിവാസികൾക്കിടയിൽ ക്രിസ്മസ് ആഘോഷം നടത്തിയതാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന് പ്രകോപനമായത്. തുടർന്ന് ബിജെപിയുടെ ജില്ലാ സെക്രട്ടറിയായ ചന്ദ്രിക പ്രസാദ് ജലാൽപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമത്തിലെ 3, 5 (1) വകുപ്പുകൾ ചുമത്തപ്പെട്ടതിനെ തുടർന്ന് വിചാരണ കാലയളവ് മുഴുവൻ അവർക്ക് ജയിലിൽ കഴിയേണ്ടതായി വന്നിരുന്നു. വില്ലേജ് സന്ദർശിക്കുകയും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു, ബൈബിൾ വിതരണം ചെയ്തു, ക്രിസ്മസിന് കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു, ക്രിസ്മസ് ആഘോഷം നടന്നയിടത്ത് ഉണ്ണീശോയുടെ ചിത്രം പ്രദർശിപ്പിച്ചു എന്നീ “കുറ്റ കൃത്യങ്ങൾ” ചെയ്തതായി ഗ്രാമവാസികളുടെ മൊഴികളിൽനിന്ന് വ്യക്തമായതോടെയാണ് കോടതി അവരെ കുറ്റക്കാരെന്നു കണ്ട് ശിക്ഷ വിധിച്ചത്.
സന്യസ്ഥരും വൈദികരും വിശ്വാസികളും സ്വകാര്യമായി ഉപയോഗിക്കുന്ന ബൈബിളും പ്രാർത്ഥനാ പുസ്തകങ്ങളും കുരിശുരൂപവും മറ്റും റെയ്ഡുകളിൽ കണ്ടെടുക്കുന്നതും പ്രദർശിപ്പിക്കപ്പെടുന്നതും അവയുടെ ഉപയോഗം വലിയ നിയമ ലംഘനമെന്ന വിധത്തിലാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തഞ്ചാം ആർട്ടിക്കിളിന് തികച്ചും വിരുദ്ധമാണ് ഇപ്രകാരമുള്ള നിയമ നിർമ്മാണങ്ങളും കോടതി ഇടപെടലുകളും എന്നത് സംശയമില്ലാത്ത കാര്യമാണ്.
രാജസ്ഥാനിലെ മതപരിവർത്തന നിരോധന ബിൽ
വ്യാപകമായി ദുരുപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തരപ്രദേശിലെയും മധ്യപ്രദേശിലേയും മതപരിവർത്തന നിരോധന നിയമങ്ങൾക്ക് ഏറെക്കുറെ സമാനമാണ് രാജസ്ഥാൻ നിയമസഭയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന പുതിയ ബിൽ. ഒരു വ്യക്തിക്ക് സ്വമേധയാ മതം മാറണമെങ്കിൽ മാസങ്ങൾ നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. മതപരിവർത്തനത്തിന് തയ്യാറെടുക്കുന്ന വ്യക്തി രണ്ടു മാസങ്ങൾക്ക് മുമ്പും മതപരിവർത്തന പ്രക്രിയയ്ക്ക് കാർമ്മികനാകുന്ന വ്യക്തി ഒരു മാസം മുമ്പും ജില്ലാ കലക്ടർക്ക് അപേക്ഷ സമർപ്പിക്കണം. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ പോലും യഥാക്രമം മൂന്നും അഞ്ചും വർഷം വരെ നീളുന്ന ജയിൽ ശിക്ഷയ്ക്കും പതിനായിരത്തിലും ഇരുപത്തയ്യായിരത്തിലും കുറയാത്ത പിഴ ശിക്ഷയ്ക്കും കാരണമായേക്കാം.
അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ അഡീഷണൽ ജില്ലാ കലക്ടറിൽ കുറയാത്ത റാങ്കുള്ള ഒരു ഓഫീസറുടെ മേൽനോട്ടത്തിൽ വിശദമായ പോലീസ് അന്വേഷണം നടക്കേണ്ടതുണ്ട്. ഒപ്പം അപേക്ഷകന്റെ വിശദമായ വിവരങ്ങൾ പൊതുജനശ്രദ്ധയ്ക്കായി ജില്ലാ കലക്ടറുടെ ഓഫീസ് പരിസരത്ത് പതിക്കുകയും ചെയ്യും. പോലീസ് അന്വേഷണം അപേക്ഷകന് അനുകൂലമാവുകയും പൊതുജനങ്ങൾക്ക് എതിർപ്പില്ലാതിരിക്കുകയും ചെയ്‌താൽ മതം മാറ്റം അനുവദനീയമാണ്. ഫലത്തിൽ നിയമം പ്രാബല്യത്തിൽ വന്നാൽ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കണമെങ്കിൽ അതിനുള്ള കടമ്പകൾ അത്യന്തം ദുഷ്കരമായിരിക്കുമെന്ന് തീർച്ച.
പ്രത്യേകമായി, മതപരിവർത്തനം സംബന്ധിച്ചുള്ള പരാതികൾ, പരിവർത്തനം ചെയ്യപ്പെട്ടതോ അതിന് ഒരുങ്ങുന്നതോ ആയ ആളുടെ രക്തബന്ധത്തിൽ പെട്ട ആർക്കും നൽകാനാവും എന്ന വ്യവസ്ഥകൂടി രാജസ്ഥാൻ മതപരിവർത്തന നിരോധന ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരിവർത്തനം സംബന്ധിച്ചുള്ള പരാതികൾ അതിനു കാരണക്കാരനായ വ്യക്തിയ്ക്ക് അഞ്ചു വർഷം വരെ തടവ് ശിക്ഷയ്‌ക്കോ ചുരുങ്ങിയത് പതിനായിരം രൂപ പിഴ ശിക്ഷയ്‌ക്കോ വഴിയൊരുക്കിയേക്കാം. സ്ത്രീയെയോ, പ്രായപൂർത്തിയാകാത്ത വ്യക്തിയെയോ, ഒന്നിൽ കൂടുതൽ വ്യക്തികളെ ഒരുമിച്ചോ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയോ വിധേയരാക്കുകയോ ചെയ്യുന്ന പക്ഷം ശിക്ഷ പത്തുവർഷം വരെയുള്ള തടവും അമ്പതിനായിരത്തിൽ കുറയാത്ത പിഴയുമായിരിക്കും.
ഇത്തരത്തിലുള്ള വകുപ്പുകൾ ഉൾച്ചേർത്തുകൊണ്ട് തയ്യാറാകുന്ന രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് തീർച്ച. മധ്യപ്രദേശിലും ഉത്തരപ്രദേശിലും ഇതിനകം എണ്ണമറ്റ വ്യാജ പരാതികൾ അനേക നിരപരാധികളുടെ ജയിൽവാസത്തിനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും വഴിയൊരുക്കി കഴിഞ്ഞിരിക്കുന്നതിന് സമാനമായ കാഴ്ചകൾ രാജസ്ഥാനിലും ഭാവിയിൽ അവർത്തിക്കപ്പെട്ടേക്കാം.
ക്രൈസ്തവ വിരുദ്ധതയുടെ വ്യാപനം – “സനാതനി – കർമ്മ ഹി ധർമ്മ”
വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ക്രൈസ്തവ മിഷനറിമാർക്കും കത്തോലിക്കാ വൈദികർക്കും സന്യസ്തർക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള വ്യാജ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലം ഇവിടെ പ്രസക്തമാണ്. തെറ്റിദ്ധാരണകളിൽ അകപ്പെടുന്ന ഗ്രാമീണർ ശത്രുതയോടെ ക്രൈസ്തവരെ കാണുകയും അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സംഭവങ്ങളും ഒട്ടേറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ വിരുദ്ധമായി നിർമ്മിക്കപ്പെടുന്ന നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്ന അവസരങ്ങൾ നിരന്തരമായി സൃഷ്ടിക്കപ്പെടുന്നത് അത്യന്തം ഗൗരവമായി കാണേണ്ട കാര്യമാണ്.
2008 ലെ കാന്ധമാൽ കലാപത്തിന്റെ ചോരപ്പാടുകൾ ഉണങ്ങാത്ത ഒഡീഷയുടെ മണ്ണിൽ തീവ്ര ക്രൈസ്തവ വിരുദ്ധത പ്രമേയമാക്കിക്കൊണ്ട് ഒരു ചലച്ചിത്രം റിലീസ് ആയത് ഈ ഫെബ്രുവരി ഏഴാംതിയ്യതിയാണ്. ക്രൈസ്തവ വിശ്വാസികൾക്കെതിരെ ശത്രുതാ മനോഭാവം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നതിന്റെ സൂചനയാണ് “സനാതനി – കർമ്മ ഹി ധർമ്മ” എന്ന ചലച്ചിത്രം. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് കടുത്ത വെല്ലുവിളിയാണ് എന്നത് നിസ്തർക്കമാണ്.
നിർബന്ധിത മതപരിവർത്തനത്തെ തടയാനുള്ള ശ്രമങ്ങളിൽ പൗരൻമാർക്ക് ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടാനിടയാകരുത്. മാത്രവുമല്ല, വിവിധ സംസ്ഥാനങ്ങളെ കലാപഭൂമിയാക്കി മാറ്റാൻ പദ്ധതികൾ മെനയുന്ന വർഗീയവാദികൾക്ക് നിയമ നിർമ്മാണങ്ങളിലൂടെ ആയുധങ്ങൾ നിർമ്മിച്ച് നൽകുന്ന സംസ്ഥാന സർക്കാരുകൾ അത്തരം നീക്കങ്ങളിൽനിന്ന് പിന്മാറണം. കേന്ദ്ര സർക്കാരും രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തെ ഗൗരവമായെടുക്കുകയും വർഗീയതയും സാമൂഹിക വിഭജനവും വളർത്തുന്ന നീക്കങ്ങൾക്ക് യഥാവിധി പ്രതിവിധി കണ്ടെത്തുകയും ചെയ്യുന്നിടത്താണ് ഇന്ത്യ യാഥാർത്ഥത്തിൽ തിളങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.