ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമിയുമായി കെ.സി.എ
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമികള്‍ നവീകരിക്കുന്നു. എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
ഇടുക്കിയില്‍ പുതിയ സ്റ്റേറ്റ് ബോയിസ് അക്കാദമി ആരംഭിക്കാനും തീരുമാനമായി. ഈ അക്കാദമിയിലേക്കുള്ള ജില്ലാതല സെലക്ഷന്‍ മെയ് മാസം ആരംഭിക്കും. എഴുപത്തി അഞ്ചാം വര്‍ഷം ആഘോഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു.
കൊല്ലം ഏഴുകോണിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിർമാണോദ്ഘാടനം മെയ് മാസം നടക്കും. ഫ്ളഡ് ലൈറ്റ് സൗകര്യത്തോടു കൂടിയ തിരുവനന്തപുരം - മംഗലാപുരം സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം, ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ട് രണ്ടാം ഘട്ട നിർമാണോദ്ഘാടനം എന്നിവ ജൂലൈ മാസം നടക്കും.
വയനാട് വനിതാ അക്കാദമി പുതിയ കെട്ടിട സമുച്ചയം, പാലക്കാട് ചാത്തൻകുളങ്ങര ദേവി ക്ഷേത്രവുമായി സഹകരിച്ചു സ്പോർട്സ് ഹബ്, കോട്ടയം സി.എം.എസ് കോളജ് ഗ്രൗണ്ട് സ്റ്റേഡിയം എന്നിവയുടെ നിർമാണവും ഉടന്‍ ആരംഭിക്കും.
പത്തനംതിട്ട, എറണാകുളം, ത്രിശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റേഡിയം നിർമാണത്തിനുള്ള സ്ഥലങ്ങൾ വാങ്ങാനും, സംസ്ഥാന സ്പോർട്സ് കൌൺസിലുമായി സഹകരിച്ചു മൂന്നാർ ഹൈ അൾട്ടിട്യൂഡ് സെന്ററിൽ ക്രിക്കറ്റ് ഉൾപ്പടെ മറ്റു കായിക ഇനങ്ങളുടെ ട്രെയിനിങ് സെന്റർ ആരംഭിക്കുവാനുള്ള ചർച്ചകൾ നടത്താനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

