'റീല്‍സെടുത്ത് നടന്ന മന്ത്രിയും കേന്ദ്ര സർക്കാറും മാളത്തിൽ ഒളിച്ചപ്പോഴാണ് കെ.സി ഇടപ്പെട്ടത്'; മുഹമ്മദ് റിയാസ് സ്വന്തം വിലകളയുകയാണെന്ന് ഷാഫി പറമ്പിൽ
text_fieldsനിലമ്പൂര്‍: ദേശീയപാത തകര്‍ച്ചയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായത് പി.എ.സി ചെയര്‍മാന്‍ കെ.സി വേണുഗോപാലിന്റെ ഇടപെടലാണെന്നും അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതാണോ മന്ത്രി മുഹമ്മദ് റിയാസിന് പ്രശ്‌നമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി. ചോദിച്ചു.
നിലമ്പൂരിലെ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തെ അപമാനിച്ച് സ്വന്തം വിലകളയുകയാണ് മുഹമ്മദ് റിയാസ്. കൂരിയാട്ടെ ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ച് കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയും അന്വേഷണവുമുണ്ടായത് കെ.സി വേണുഗോപാലിന്റെ ഇടപെടല്‍ കാരണമാണ്. നടപടിയെടുക്കേണ്ട കേന്ദ്ര സര്‍ക്കാരും റീല്‍സെടുത്തു നടന്ന മന്ത്രിയും മാളത്തിലൊളിച്ചപ്പോഴാണ് കെ.സി. വേണുഗോപാൽ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാത 66ന്‍റെ ആറുവരിപ്പാത തകർന്ന സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനുമായ കെ.സി. വേണുഗോപാൽ എം.പിയെ രൂക്ഷമായാണ് മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചത്.
വേണുഗോപാൽ കാലന്‍റെ പണിയെടുക്കാൻ നോക്കിയാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി റിയാസ് പറഞ്ഞു. അതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സുപ്രീംകോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് ഭരിച്ചപ്പോൾ നടപ്പാക്കാൻ ത്രാണിയില്ലാത്തവർ നല്ല രീതിയിൽ പദ്ധതി മുന്നോട്ടു പോകുമ്പോൾ അത് മുടക്കാനായി കാലന്‍റെ പണി എടുത്താൽ അതിനോട് സന്ധി ചെയ്യാൻ ഇടത് സർക്കാർ തയാറല്ല. ദേശീയപാത തകർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെടില്ല. കേന്ദ്ര സർക്കാറിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കരാറിലും ഉപകരാറിലും അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.
അലൈൻമെന്‍റ് മുതൽ നിർമാണം പൂർത്തിയാക്കുന്നത് വരെയുള്ള പൂർണ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണ്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് ചില സഹായ വേണം. ആ സഹായം ചെയ്യുകയും ഇടപെടുകയും സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ട്. നിർമാണത്തിൽ സർക്കാറിനോ പൊതുമരാമത്ത് വകുപ്പിനോ റോളില്ല. ഭൂമി വിട്ടുകൊടുക്കുക മാത്രമാണ് കേരള സർക്കാറിന്‍റെ ദൗത്യമെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.
ലോകത്തിൽ റീൽസ് ഉപയോഗിക്കുന്നവർ താനോ സി.പി.എം പ്രവർത്തകരോ അല്ല. വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സമൂഹമാധ്യമങ്ങളിൽ എല്ലാ വകുപ്പുകളും പരിശോധിക്കുന്നുണ്ട്. ഞങ്ങൾ നല്ലത് ചെയ്യുമ്പോൾ അത് ജനങ്ങളിൽ എത്തിക്കരുതെന്ന് പറയുന്നത് ശരിയാണോ. റീൽസ് എന്ന് വിളിച്ച് രാവിലെ കരയുകയും ഉച്ചക്ക് 10 റീൽസ് ഇടുകയും ചെയ്യുന്ന പ്രതിപക്ഷ നേതാക്കന്മാരാണ് കേരളത്തിലുള്ളതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നിലമ്പൂരിൽ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് ദേശീയപാത തകർന്ന സംഭവത്തിൽ കേരള സർക്കാരിനെ കെ.സി. വേണുഗോപാൽ രൂക്ഷമായി വിമർശിച്ചത്.
ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ നടന്നിരിക്കുന്നതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ദേശീയപാത ചെയര്‍മാനും നല്‍കിയ കണക്കുകള്‍ പറയുന്നതെന്നാണ് വേണുഗോപാൽ ചൂണ്ടിക്കാട്ടിയത്.
പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി പറഞ്ഞിട്ടാണ് ദേശീയപാത ചെയര്‍മാനും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി മലപ്പുറത്ത് വരുമ്പോള്‍ ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിക്കുമെന്നാണ് കരുതിയത്. ദേശീയപാത തകര്‍ച്ചയില്‍ അന്വേഷണം നടത്തണമെന്ന് പോലും ഇതുവരെ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല.
അതെല്ലാം ശരിയാകുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിലെ അഴിമതിയും കൊള്ളയും ശരിയാകുമെന്നാണോ പറയുന്നതെന്നും വേണുഗോപാൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

