ഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്ന് കെ.സി. വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ
ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിന്റെ സ്മരണാർഥം സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കെ.സി. വേണുഗോപാൽ എം.പി. പാർലമെന്റിലെ ശൂന്യവേളയിലെ ചർച്ചയിലായിരുന്നു കെ.സി. വേണുഗോപാൽ ഇക്കാര്യം ഉന്നയിച്ചത്. കേരള നവോത്ഥാന ചരിത്രത്തിലെ നിർണായക കൂടിക്കാഴ്ചയായിരുന്നു അത്. ജാതി വിവേചനം, തൊട്ടു കൂടായ്മ തുടങ്ങിയ ഉച്ചനീചത്വങ്ങളും അക്രമങ്ങളും ഇല്ലാതാക്കി സാമൂഹിക സമത്വം യാഥാർഥ്യമാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഗാന്ധിജിയും ഗുരുവും ആശയവിനിമയം നടത്തിയത്. 1925 മാർച്ച് 12 ന് ശിവഗിരിയിലെ ഈ മഹത്തായ കൂടിക്കാഴ്ച കേരളീയ സമൂഹത്തിലാകെ വലിയ ചലനമാണത് സൃഷ്ടിച്ചത്.
ജാതി വിവേചനത്തിനെതിരായ പോരാട്ടമായ വൈക്കം സത്യാഗ്രഹ കാലത്താണ് ഗാന്ധിജി ശിവഗിരി സന്ദർശിച്ചത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തിലൂടെ ജാതി അസമത്വത്തിന്റെ അടിത്തറ ഇളക്കിയ വ്യക്തിയാണ് ശ്രീനാരായണ ഗുരു. ഈ കൂടിക്കാഴ്ച ലളിതമായിരുന്നെങ്കിലും വളരെ ശക്തമായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയിലെ സംഭാഷണം സാമൂഹിക നീതിക്കായുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ഒരു വഴിത്തിരിവായി മാറി. ഗുരുവിനെ കണ്ടുമുട്ടാനും അദ്ദേഹത്തിൽ നിന്ന് പഠിക്കാനും സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്നാണ് ഗാന്ധിജി ഇതിനെ വിശേഷിപ്പിച്ചത്.
ഈ കൂടിക്കാഴ്ച ചരിത്രത്തിലെ കേവലം ഒരു നിമിഷം മാത്രമായിരുന്നില്ല. അത് ഇന്ത്യയുടെ ധാർമിക ദിശാസൂചികയായിരുന്നു. സമത്വമില്ലാത്ത സ്വാതന്ത്ര്യം അർഥശൂന്യമാണെന്നും രാഷ്ട്രീയ സ്വാതന്ത്ര്യത്തോളം തന്നെ പ്രധാനമാണ് സാമൂഹിക പരിഷ്കരണമെന്നും ആശയ സംവാദത്തിലൂടെ നമ്മെ പഠിപ്പിച്ച ഒരു മഹത്തര കൂടിക്കാഴ്ച കൂടിയായിരുന്നത്. അതിനാൽ ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം ഉൾക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

