‘കലുങ്ക് സംവാദസദസ് ദുരന്തഭൂമിയിൽ നടത്താൻ കേന്ദ്രമന്ത്രിക്ക് ധൈര്യമുണ്ടോ?’; വയനാട് പുനർനിർമാണത്തിൽ രാഷ്ട്രീയ വിവേചനമെന്ന് കെ.സി. വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ
തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് കേരളം ആവശ്യപ്പെട്ട തുക അനുവദിക്കാതെ രാഷ്ട്രീയ വിവേചനമാണ് കേന്ദ്ര സർക്കാർ കാട്ടിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രസഹമന്ത്രിമാരാണുള്ളത്. കേരളത്തോട് ഈ സമീപനം മതിയോ എന്നതിൽ ഇരുവരും വ്യക്തത വരുത്തണമെന്നും വേണുഗോപാൽ പറഞ്ഞു.
അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന ദുരന്തബാധിതരായ ജനങ്ങളോട് തങ്ങൾക്ക് ഒരു മനഃസാക്ഷിയും ആഭിമുഖ്യവും താൽപര്യവും ഇല്ലേ എന്നതിൽ ഇവർ മറുപടി പറയണം. കേന്ദ്ര നിലപാടിനെ തിരുത്തിക്കാൻ ഇരുവരും തയാറാകുമോ? ഇക്കൂട്ടത്തിൽ ഒരു കേന്ദ്ര സഹമന്ത്രി നടത്തിവരുന്ന കലുങ്ക് സംവാദ സദസ് വയനാടിന്റെ ദുരന്തഭൂമിയിൽ നടത്താൻ തയാറുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രസർക്കാർ 260.56 കോടി രൂപ മാത്രമാണ് അനുവദിച്ചത്. അതേസമയം, കഴിഞ്ഞ വർഷം മഹാരാഷ്ട്രക്ക് 1492 കോടി രൂപയും ഈ വർഷം അസമിന് 1270 കോടി രൂപയും വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് അനുവദിച്ചു. അനഭിമതരായ കേരള ജനതയോട് കാണിക്കുന്ന രാഷ്ട്രീയ വിവേചനം തിരുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടാണ് കണ്ടത്. എന്നാൽ, പി.ആർ ഏജൻസികൾ ഒരുക്കിയ ഫോട്ടോഷൂട്ടിൽ മുതലക്കണ്ണീരൊഴുക്കിയ പ്രധാനമന്ത്രി കേരളത്തെ പൂർണമായും തഴഞ്ഞു. ബി.ജെ.പിയോട് ആഭിമുഖ്യം കാണിക്കാത്ത കേരളജനതയെ രാഷ്ട്രീയമായും സാമ്പത്തികമായും തകർക്കുക എന്നതാണ് മോദി സർക്കാറിന്‍റെ നയം.
തങ്ങൾക്ക് എതിർചേരിയിലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുകയാണ് കേന്ദ്രസർക്കാർ. ഒരിക്കലും രാഷ്ട്രീയ പിന്തുണ കിട്ടില്ലെന്നുറപ്പുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ ജനങ്ങളായി കാണാൻ കഴിയാത്ത മനുഷ്യത്വരഹിതമായ മാനസിക നിലയാണ് ബി.ജെ.പി സർക്കാറിന്‍റെ മുഖമുദ്രയെന്നും വേണുഗോപാൽ പറഞ്ഞു.
ഫെഡറൽ സമ്പ്രദായത്തെ അട്ടിമറിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്‍റേത്. അർഹമായ ധനസഹായം ലഭിക്കാൻ വയനാട്ടിലെ ജനതക്ക് അവകാശമുണ്ടെന്നും മനുഷ്യത്വപരമായ സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാവേണ്ടതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

