‘തോൽവി അംഗീകരിക്കാതെ പാട്ടെഴുതിയവരെ കണ്ടെത്താനാണ് സി.പി.എമ്മിന്‍റെ ശ്രമം, അതിലും വർഗീയത കാണുന്നു’
text_fieldsകെ.സി. വേണുഗോപാൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ പാട്ടെഴുതിയവരെ വേട്ടയാടുകയാണ് സർക്കാറും സി.പി.എമ്മുമെന്ന് കെ.സി. വേണുഗോപാൽ എം.പി. ഏതെങ്കിലും പാട്ട് കാരണമാണോ തെരഞ്ഞെടുപ്പ് ജയിക്കുന്നത്? സോണിയയേയും മോദിയേയും പിണറായിയേയും കുറിച്ച് എന്തെല്ലാം പാട്ടുകളാണ് ആളുകൾ എഴുതുന്നത്. അതിലും വർഗീയത കാണാനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് താൻ മനസിലാക്കുന്നതെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘പോറ്റിയേ.. കേറ്റിയേ..’ എന്ന പാരഡി ഗാനത്തിനെതിരെ സി.പി.എം രംഗത്തുവന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
“തെരഞ്ഞെടുപ്പിൽ തോറ്റാൽ, തോൽവിയുടെ യഥാർഥ കാരണം കണ്ടുപിടിക്കണം. എന്തുകൊണ്ട് തോറ്റെന്ന് കണ്ടെത്താതെ, പാട്ടെഴുതിയവരെ കണ്ടുപിടിക്കാനാണ് സർക്കാറും സി.പി.എമ്മും ശ്രമിക്കുന്നത്. ഇവരുടെ എല്ലാ ശ്രമങ്ങളും വീണ്ടും വീണ്ടും കുഴിയിലേക്ക് വീഴുന്ന തരത്തിലുള്ളതാണ്. ഏതെങ്കിലും പാട്ട് കാരണമാണോ തെരഞ്ഞെടുപ്പ് ജയിക്കുന്നത്? സോണിയ ഗാന്ധിയേയും നരേന്ദ്ര മോദിയേയും പിണറായി വിജയനേയും കുറിച്ച് എന്തെല്ലാം പാട്ടുകളാണ് ആളുകൾ എഴുതുന്നത്. അതിനെ വേറൊരു രീതിയിൽ കാണാൻ ശ്രമിക്കുന്നത് എന്തിനാണ്? അതിലും വർഗീയത കാണാനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്” -കെ.സി. വേണുഗോപാൽ പറഞ്ഞു.
പാരഡി ഗാനത്തിനെതിരെ സി.പി.എം രംഗത്തുവരുന്നത് കൈവിട്ട കളിയാണെന്നും കേരളം ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം രംഗത്തുവന്നിരുന്നു. പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സി.പി.എം വഴിതുറക്കുന്നത്. പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സി.പി.എമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സി.പി.എം ഇതും വർഗീയ വിഷയമാക്കുകയാണെന്നും ബൽറാം പറയുന്നു.
ഭക്തിഗാനത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വികലമായി ഉപയോഗിച്ചുവെന്നും പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’... എന്ന പാട്ടിന്റെ വരികൾ എഴുതിയത്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.
ഓർമയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം ശബരിമല അടക്കം ജനവിരുദ്ധമായ ഇടതു സർക്കാറിന്റെ നയങ്ങൾക്കെതിരായ തിരിച്ചടിയാണെന്നും ആ നിലപാടുകൾ തിരുത്താൻ അവർ സന്നദ്ധമാകണമെന്നും ഇടതുപക്ഷക്കാർ തന്നെ പിണറായിസത്തിനെതിരെ രംഗത്തുവന്നെന്നും അദ്ദേഹം ഗൾഫ് മാധ്യമത്തോട് പങ്കുവെച്ചു. നാട്ടിൽനിന്ന് സുഹൃത്തുക്കളും ബന്ധുക്കളും തുടർച്ചയായി വിളിച്ച് സന്തോഷങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

