‘കേരളത്തിലെ റിയാലിറ്റി അറിയാതെയുള്ള പ്രതികരണം’; ശശി തരൂരിനെ തള്ളി കെ.സി. വേണുഗോപാൽ
text_fieldsതിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ച ശശി തരൂരിനെയും ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെയും തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിലെ വ്യവസായ മേഖലയില്‍ മുരടിപ്പിലാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ റിയാലിറ്റി അറിയാതെയുള്ള പ്രതികരണമാണ് ശശി തരൂര്‍ നടത്തിയത്. എന്ത് പശ്ചാത്തലത്തിലാണ് തരൂർ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് ചോദിക്കാമെന്നും വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ വ്യവസായ മേഖല പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കയര്‍ മേഖലയിലും മത്സ്യമേഖലയിലും എവിടെയാണ് വ്യവസായം വളരുന്നത്. കശുവണ്ടി മേഖലയുടെയും കെ.എസ്.ഡി.പിയുടെയും സ്ഥിതി വളരെ മോശമാണ്. ഈ രണ്ട് മേഖലയിലുമുള്ളവര്‍ പാക്കേജ് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. നമ്മുടെ നാട്ടിലെ യാഥാര്‍ഥ്യം ഇതായിരിക്കെ രക്ഷപ്പെടാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ശശി തരൂരിന്‍റെ പ്രസ്താവനയെ ഏറ്റുപിടിച്ചിരിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
അതേസമയം, ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അനുമോദന ലേഖനത്തോട് രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. മുരളീധരനും പ്രതികരിച്ചത്. ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് ലേഖനത്തിലെ അവകാശവാദങ്ങൾ തള്ളി. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശശി തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടല്ലെന്നാണ് കെ. മുരളീധരനും പറഞ്ഞു. തരൂരിന്‍റേത് കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ സാധിക്കുന്ന നിലപാടല്ല. ശശി തരൂർ ദേശീയ നേതാവും വിശ്വപൗരനുമാണ്. ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്‍റെ പ്രസ്താവനയെ വിലയിരുത്താൻ താൻ ആളല്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.
എന്നാൽ, സംസ്ഥാന സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കുമെന്ന് ശശി തരൂ്ർ മാധ്യമങ്ങൾക്ക് മുമ്പിൽ ആവർത്തിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയത്. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണം. സ്റ്റാർട്ടപ്പുകൾ അത്യാവശ്യമാണ്. ഇതെല്ലാം എൽ.ഡി.എഫ് സർക്കാറിന് ചെയ്യാൻ സാധിക്കില്ലെന്നാണ് താൻ വിചാരിച്ചിരുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി.
രണ്ട് വർഷം മുമ്പ് വരെ കേരളം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ 28ഉം 26ഉം സ്ഥാനത്തായിരുന്നു. ഇതിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തുമ്പോൾ അത് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. കേരളത്തിന്‍റെ ഭാവിയെകുറിച്ച് ആലോചിക്കുന്നെങ്കിൽ രാഷ്ട്രീയത്തിന് അതീതമായി നമ്മൾ കാണണം. ആര് ഭരിച്ചാലും കേരളത്തിൽ വികസനം അത്യാവശ്യമാണെന്നും ശശി തരൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

