‘ശബരിമലയിലെ ഭയാനക അവസ്ഥക്ക് കാരണം സര്‍ക്കാറിന്‍റെ കെടുകാര്യസ്ഥത’; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
text_fieldsന്യൂഡല്‍ഹി: ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാറിന്‍റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായവരെ രക്ഷിക്കാനുമുള്ള സര്‍ക്കാറിന്‍റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം. ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാതെ യുദ്ധകാല അടിസ്ഥാനത്തില്‍ ഭക്തര്‍ക്ക് സുഗമമായ അയ്യപ്പ ദര്‍ശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയിലെ തിരക്കിന് കാരണം മുന്നൊരുക്കങ്ങളുടെ അപര്യാപ്തയാണെന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാറിന്റെ പ്രതികരണം സംസ്ഥാന സർക്കാറിന്‍റെ പരാജയം സമ്മതിച്ചു കൊണ്ടുള്ള കുറ്റസമ്മതമാണ്. ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷിത ദര്‍ശന സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിന്‍റേതാണ്. എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സ്വര്‍ണ്ണക്കടത്തുകാരെ രക്ഷിക്കാനും കൊള്ളമറക്കാനുമുള്ള തിരക്കിലായിരുന്നു സര്‍ക്കാരും ദേവസ്വം ബോര്‍ഡും.
അതിനിടെയില്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ അവര്‍ മറന്നു. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ പേര് പറഞ്ഞ് ശബരിമലയില്‍ സംഭവിച്ച വീഴ്ചയില്‍ നിന്ന് രക്ഷപെടാനാവില്ല. സര്‍ക്കാറിന്‍റെ അത്തരം വാദം വിചിത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ട് ഒരാഴ്ച മാത്രമാണായത്. മാസങ്ങള്‍ക്ക് മുന്നേ നടത്തേണ്ടതാണ് ശബരിമല മണ്ഡലകാല മുന്നൊരുക്കം. എന്നാല്‍, ഇത്തവണ അതൊന്നും സര്‍ക്കാര്‍ ചെയ്തില്ലെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

