തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുക വിശ്വാസ സമൂഹത്തിനുണ്ടായ വേദന -കെ.സി. വേണുഗോപാല്‍
text_fieldsചേര്‍ത്തല: വിശ്വാസ സമൂഹത്തിനുണ്ടായ വേദന പ്രതിഫലിക്കുന്ന ഫലം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷ്ടിച്ച് വിശ്വാസങ്ങളെ വെല്ലുവിളിച്ച സര്‍ക്കാരാണിത്. യഥാർഥ പ്രതികളെ പിടികൂടാന്‍ ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടും അതിലെ ഉദ്യോഗസ്ഥരുടെ കൈകള്‍ ഈ സര്‍ക്കാര്‍ ബന്ധിച്ചിരിക്കുകയാണ്.
അന്വേഷണം സംഘത്തെ പോലും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായി. അനഭിമതനായ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ ശ്രമം സര്‍ക്കാറിന്‍റെ ഇടപെടലിന് തെളിവാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശബരിമലയില്‍ നേരത്തെയുണ്ടായ യുവതി പ്രവേശനം പോലെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണ് ഇപ്പോഴും സര്‍ക്കാരെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തട്ടിപ്പ് നടത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കോണ്‍ക്ലേവുകളും പി.ആര്‍. പരസ്യങ്ങളും അതു മറക്കാനുള്ള വ്യായാമങ്ങളാണെന്നും അതിലൊന്നും കേരള ജനത വീഴില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം യു.ഡി.എഫിനുണ്ടാകും.
യു.ഡി.എഫിന്‍റെ മുന്നേറ്റമുണ്ടാകും. കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ പിണറായി ഭരണം അവസാനിപ്പിക്കാനുള്ള അവരസമായിട്ടാണ് ജനം തെരഞ്ഞെടുപ്പിനെ കാണുന്നത്. കഴിഞ്ഞ എല്ലാ ഉപതെരഞ്ഞെടുപ്പിലും ജനം സര്‍ക്കാറിനെതിരായണ് വിധിയെഴുതിയത്. വരാന്‍ ഇരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തിന്റെ നാന്നിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. തര്‍ക്കരഹിതമായിട്ടാണ് സ്ഥാനാർഥി നിര്‍ണ്ണയം നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് കച്ചവടമില്ല. ആ പണി ചെയ്യുന്നത് സി.പി.എമ്മും ബി.ജെ.പിയുമാണ്. ബി.ജെ.പിയെ സഹായിക്കാനുള്ള സി.പി.എമ്മിന്റെ ഒത്തുതീര്‍പ്പുകളാണ് കേരളത്തില്‍ നടക്കുന്നത്. അതിനാലാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്താത്തത്. എൽ.ഡി.എഫിനാണ് അവിശുദ്ധ കൂട്ടുകെട്ടുള്ളതെന്നും അതല്ലാതെ യു.ഡി.എഫിനല്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

