കെ.സി വേണുഗോപാലിനെതിരെയുള്ള സൈബർ ആക്രമണം: കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ
text_fieldsആലപ്പുഴ: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളായ അഞ്ചുപേരും കോൺഗ്രസ് അനുഭാവികളാണെന്നാണ് കണ്ടെത്തൽ. ഇതിൽ രണ്ടുപേരുടെ പ്രൊഫൈൽ ഫോട്ടോകൾ മുഖ്യമന്ത്രിയോടൊപ്പമുള്ളതായിരുന്നു. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ നിലനിന്നിരുന്ന സമയത്താണ് കെ.സി. വേണുഗോപാലിനെതിരെ വ്യാപകമായ സൈബർ ആക്രമണം അരങ്ങേറിയത്.
കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതികളുടെ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാൽ ഡിജിപിക്ക് നേരിട്ട് പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരൻ ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം നൽകുകയായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം അന്വേഷണത്തിന്റെ ചുമതല സൈബർ വിഭാഗം ഐജിക്ക് കൈമാറി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പോലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

