പൊലീസിന്‍റെ വൈകൃതമുഖമാണ് പുറത്തുവന്നത്; ക്രിമിനലുകളാക്കിയതിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് -കെ.സി. വേണുഗോപാല്‍
text_fieldsആലപ്പുഴ: കേരള പൊലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പൊലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. ഗര്‍ഭിണിയായ സ്ത്രീയെയാണ് എറണാകുളത്ത് സി.ഐ മര്‍ദിച്ചത്. സ്ത്രീകളോടുള്ള പൊലീസിന്റെ സമീപനത്തിന്റെ ചിത്രമാണ് എറണാകുളത്തെ മര്‍ദനദൃശ്യങ്ങള്‍. കേരള പൊലീസ് ഇങ്ങനെയായിരുന്നില്ല. ഇത്തരമൊരു അവസ്ഥയിലെത്തിച്ചത് സര്‍ക്കാരിന്റെ ഭരണ നയങ്ങളാണ്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സി.പി.എം ഉപയോഗിച്ച് ഇപ്പോള്‍ പൊലീസ് സേന ക്രിമിനലുകളുടെ താവളമായി മാറി. ലജ്ജാകരമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.
കസ്റ്റഡിയിലെടുക്കുന്നവരെ ഭീകരമായി മര്‍ദിക്കുന്നത് ജനം അറിയുന്നില്ല. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ മാത്രമെ അത് പുറത്തുവരുന്നുള്ളൂ. തൃശൂരില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിന് നേരിട്ടതും അതുപോലെയൊരു പീഡനമാണ്. നിയമപരിപാലനത്തിന് പേരുകേട്ട കേരള പൊലീസിനെ മര്‍ദനോപകരണമാക്കി മാറ്റി. ലോക്കപ്പ് മര്‍ദനങ്ങളുടെ പരമ്പരകളാണ് സമീപകാലത്ത് പുറത്തുവന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയത് യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെയാണെന്ന് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വേണുഗോപാല്‍ പറഞ്ഞു. യു.ഡി.എഫിന്റെ വിജയത്തില്‍ എല്ലാ ഘടകകക്ഷികള്‍ക്കും പങ്കുണ്ട്. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പിലേത്. എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനം വെറുത്തു. ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തെയും കെ.സി വേണുഗോപാല്‍ പരിഹസിച്ചു.
സി.പി.എമ്മും ബി.ജെ.പിയും തുടര്‍ച്ചായി നടത്തുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് വിസി നിയമനം. പി.എം ശ്രീ, ലേബര്‍കോഡ്, ദേശീയപാത അഴിമതി ഇതിലെല്ലാം അത് പ്രകടമാണ്. ദേശീപതായിലെ അഴിമതി ലോക്‌സഭയില്‍ താന്‍ ഉന്നയിച്ചപ്പോള്‍ ഉപരിതല ഗതാഗതമന്ത്രി തന്നെ അത് സമ്മതിച്ചു. എന്നിട്ടും അഴിമതിയെ സംബന്ധിച്ച് കേരള സര്‍ക്കാരിന് പരാതിയില്ല. ബി.ജെ.പിയുടെ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ധൃതികാണിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരാണ്.
വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി ഒത്ത് തീര്‍പ്പും അന്തര്‍ധാരയുടെ ഭാഗമാണ്. ഇരുവരും പരസ്പരം വി.സിമാര്‍ക്കെതിരെ നേരത്തെ ഉന്നയിച്ച ആക്ഷേപവും ആരോപണവും മറന്നു. അതിന് കാരണം എന്താണ്? അതില്‍ മധ്യസ്ഥത വഹിക്കാനും ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയുടെയും മുഖ്യമന്ത്രിയുടെയും ഒത്തുകളി രാഷ്ട്രീയമാണ് വി.സി നിയമനത്തിലും കണ്ടത്.
വിദ്യാർഥികളുടെ ഭാവി തുലച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരങ്ങള്‍ വെറും നാടകമായിരുന്നുവെന്ന് ഭരണകൂടത്തിന്റെ ഈ മലക്കംമറിച്ചിലിലൂടെ തെളിഞ്ഞു. ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ബി.ജെ.പിയുമായി പരസ്പരം ഡീല്‍ നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രി പോയി. ഇതിനെതിരെ സി.പി.എമ്മില്‍ അമര്‍ഷം ഉയര്‍ന്നിട്ടുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്.
മുന്നണി വിപുലീകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് യു.ഡി.എഫാണെന്നും അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

