ക്രൈസ്തവരെ നാടിന്‍റെ ശത്രുപക്ഷത്ത് നിർത്താനുള്ള ആർ.എസ്.എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാൻ ബി.ജെ.പി തയാറുണ്ടോ? കെ.സി. വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന തലക്കെട്ടിൽ ആർ.എസ്.എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽകൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹം. ഛത്തീസ്‌ഗഢിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ യഥാർഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം തുപ്പി ശീലിച്ച ആർ.എസ്.എസിന്റെ ശീലം അവസാന ശ്വാസം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇതേ നിലപാട് തന്നെയാണോ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബി.ജെ.പിയുടേതെന്ന് അറിയാൻ താൽപര്യമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
സംഘപരിവാർ സംഘടനകളുടെ അന്ധമായ ന്യൂനപക്ഷ വിരോധത്തിനെതിരെ നാട് ജാഗ്രത പുലർത്തണം. ഓർഗനൈസറും കേസരിയുമൊക്കെ അച്ചടിക്കുന്നത് തന്നെ വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണെന്ന് ജനം തിരിച്ചറിയുന്നുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

