‘സിദ്ദീഖിനെ കൂലിക്ക് കൂകിവിളിക്കാൻ നിങ്ങൾ 10 പേരെ വെച്ചാൽ ചേർത്തുപിടിക്കാൻ ദുരിതബാധിതർ ഉണ്ട്’ -കെ.സി. വേണുഗോപാൽ
text_fieldsതിരുവനന്തപുരം: ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനവേദിയിൽ ടി. സിദ്ദീഖ് എം.എൽ.എയെ സി.പി.എം പ്രവർത്തകർ കൂക്കിവിളിച്ചതിനെതിരെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കൂലിക്ക് നിങ്ങൾ കൂകിവിളിക്കാൻ പത്ത് പേരെ സജ്ജമാക്കിയാൽ സിദ്ദീഖിനെ ചേർത്തുപിടിക്കാൻ ദുരിതബാധതിരായ മനുഷ്യരും കേരളക്കര മുഴുവനും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘മുണ്ടക്കൈ-ചൂരൽമല ദുരിതമുണ്ടായ നാൾ മുതൽ വിശ്രമല്ലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് ടി. സിദ്ദീഖ് എം.എൽ.എ. കോരിച്ചൊരിയുന്ന മഴയിൽ ചെളിയിൽ പുതഞ്ഞു നില്ക്കുമ്പോഴും സാധാരണക്കാരന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയും അവസാന മനുഷ്യനെയും രക്ഷിക്കാനായി സജീവമായി പ്രവർത്തിക്കുകയും ചെയ്ത സിദ്ദീഖിനെ കേരളക്കര മുഴുവൻ കണ്ടതും വയനാട്ടിലെ ജനങ്ങൾ അവരുടെ ഹൃദയത്തോട് ചേർത്തുപിടിച്ചതുമാണ്.
അത്തരമൊരു ജനപ്രതിനിധിയെ ദുരന്തബാധിതർക്കായുള്ള വയനാട് മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തി പാർട്ടി പ്രവർത്തകരെ കൊണ്ട് കൂകിവിളിപ്പിച്ച് അപമാനിച്ച സിപിഎമ്മിന്റെ പ്രവർത്തി അപലപനീയമാണ്.
രാഷ്ട്രീയത്തിനതീതമായി ഏവരും ഒറ്റക്കെട്ടായി കൈകോർത്തു നിന്നത് കൊണ്ടാണ് നാം നിരവധി ദുരന്തങ്ങളെ അതിജീവിച്ചത്. എന്നാൽ, ആപത്ത് കാലത്ത് താങ്ങായിരുന്നവരെ രാഷ്ട്രീയം നോക്കി അവഹേളിക്കാനുള്ള ശ്രമം മലയാളി ഈ കാലത്തോളം കൈവരിച്ച ഐക്യത്തിനോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാന സർക്കാരിന്റെ ഈ നികൃഷ്ട രാഷ്ട്രീയം കേരള ജനത തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. കൂലിക്ക് നിങ്ങൾ കൂകിവിളിക്കാൻ പത്ത് പേരെ സജ്ജമാക്കിയാൽ സിദ്ധിഖിനെ ചേർത്തുപിടിക്കാൻ ദുരിതബാധതിരായ മനുഷ്യരും കേരളക്കര മുഴുവനും ഉണ്ടാകും’ -അദ്ദേഹം പറഞ്ഞു.
ഇനനലെ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനത്തിനിടെ വേദിയിൽനിന്ന് എം.എൽ.എയുടെ പേര് വിളിക്കുമ്പോഴൊക്കെ സദസ്സിൽനിന്ന് ഒരുവിഭാഗം കൂക്കിവിളിയും പ്രതിഷേധവും നടത്തിയിരുന്നു. പ്രതിപക്ഷത്തുനിന്ന് ടി. സിദ്ദീഖിന് മാത്രമാണ് പ്രസംഗിക്കാൻ അവസരം ഉണ്ടായത്. അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റതുമുതൽ സദസ്സിൽനിന്ന് ഒരു വിഭാഗം വീണ്ടും കൂക്കിവിളി ആരംഭിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കൾ എത്തി പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സിദ്ദീഖിന്റെ പ്രസംഗം അവസാനിക്കുന്നതുവരെ കൂക്കിവിളി തുടരുകയായിരുന്നു.
ദുരന്തബാധിതരായ ഒരാൾക്കുപോലും തന്നെക്കുറിച്ച് അസ്വസ്ഥത ഉണ്ടാകില്ലെന്നും പുറത്തുനിന്നുള്ളവർ കാണിക്കുന്ന അപശബ്ദങ്ങൾ കാര്യമാക്കുന്നില്ലെന്നും ടി. സിദ്ദീഖ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ടൗൺഷിപ് നിർമാണ തുടർപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സദസ്സിൽനിന്ന് തനിക്കെതിരെ കൂവൽ ഉയർന്നത് കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും ഇത്തരം തെറ്റായ പ്രവണത ബന്ധപ്പെട്ടവർ തടയേണ്ടിയിരുന്നുവെന്നും സിദ്ദീഖ് പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

