മോദി- അമിത്ഷാ ക്വട്ടേഷന്‍ പണിയാണ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നത് -കെ.സി. വേണുഗോപാല്‍
text_fieldsകൊച്ചി: മോദിക്കും അമിത് ഷായ്ക്കും വേണ്ടി കമ്യൂണിസ്റ്റുകാര്‍ പോലും ഏറ്റെടുക്കാത്ത ക്വട്ടേഷന്‍ പണിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസിനെതിരെ ഏറ്റെടുത്തിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
ഭാരത് ജോഡോ യാത്ര തുടങ്ങിയത് മുതല്‍ ഇന്നുവരെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളില്‍ അദ്ദേഹം ബി.ജെ.പിയെ കടന്നാക്രമിക്കുകയാണ്. അതൊന്നും മുഖ്യമന്ത്രിയുടെ ചെവിയില്‍ കേള്‍ക്കുന്നില്ല. എന്തിനാണ് മുഖ്യമന്ത്രി ഈ യാത്രയെ വിമര്‍ശിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കെതിരേ പിണറായി വിജയന് നടത്തുന്ന വിമര്‍ശനത്തിനു പിന്നിലെ രാഷ്ട്രീയം കൃത്യമാണ്. അത് ബി.ജെ.പിയെ സുഖിപ്പിക്കാനാണ്. കമ്മ്യൂണിസ്റ്റ് അണികള്‍ പോലും അവരുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന യാത്രയാണിത്. യാത്രയില്‍ ഒരിക്കല്‍പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം വിളിക്കുകയോ, അവര്‍ക്കെതിരെ സംസാരിക്കുകയോ രാഹുല്‍ ഗാന്ധി ചെയ്തിട്ടില്ല -വേണുഗോപാൽ പറഞ്ഞു.
ദേശീയ തലത്തില്‍ ബി.ജെ.പിയും സംഘപരിവാറും നടത്തുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ യാത്രക്കുള്ളത്. അതിനെതിരെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

