ബിന്ദു പൊലീസിൽ നിന്ന് നേരിട്ട ക്രൂരത അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി -കെ.സി. വേണുഗോപാൽ
text_fieldsആലപ്പുഴ: തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശിനിയായ ദലിത് സ്ത്രീ പേരൂർക്കട പൊലീസിൽനിന്ന് നേരിട്ട ക്രൂരതയെ കുറിച്ച് അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഏറെനേരം നിന്നുപോയയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അരികുവത്കരിക്കപ്പെട്ടവരെ ശത്രുപക്ഷത്ത് നിർത്തുകയും സമ്പന്നർക്ക് മുന്നിൽ കാക്കിക്കുപ്പായം പണയം വെയ്ക്കുകയും ചെയ്യുന്ന പ്രാകൃത മനോഭാവത്തിലേക്ക് കേരളത്തിന്റെ നിയമപാലകരും ക്രമസമാധാന സംവിധാനവും മാറിയെന്നതാണ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് കേരളത്തിലുണ്ടായ മാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാല മോഷ്ടിച്ചുവെന്ന പരാതി ലഭിച്ചതോടെ ജാതിയും നിറവും നോക്കി പ്രതിയാരെന്ന് തീർപ്പുകല്പിച്ച പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബിന്ദുവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചത്. പെണ്മക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ചെയ്യാത്തത് സമ്മതിക്കേണ്ടി വന്ന ഒരു നിർധനയായ അമ്മയായി ബിന്ദു മാറുകയായിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാൻ പറയുന്ന മനുഷ്യത്വമില്ലായ്മയിൽ വരെയെത്തിനിൽക്കുന്നു കേരളത്തിലെ പൊലീസ് എന്ന് കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നു. ഒരു പകൽ മുഴുവൻ സ്വന്തം അമ്മയെവിടെയെന്നറിയാതെ ആ പെൺകുട്ടികൾ ആധി പിടിച്ചിരുന്നു. ഏത് നിയമത്തിന്റെ പിൻബലത്തിലാണ് അറസ്റ്റ് വിവരം ഉറ്റവരെ അറിയിക്കാതെ മറച്ചുവെയ്ക്കാൻ പൊലീസ് തയ്യാറായത്? ഒടുവിൽ മാല കിട്ടിയെന്ന് വീട്ടുകാർ പറയുമ്പോൾ, കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്ന് പറഞ്ഞ് ഒരു നിരപരാധിയെ സ്റ്റേഷനിൽ നിന്നെ ആട്ടിയിറക്കി വിട്ടത് എത്ര ക്രൂരമാണ് -വേണുഗോപാൽ ചോദിച്ചു.
പ്രസ്താവനയുടെ പൂർണരൂപം:
‘ചെയ്യാത്ത തെറ്റിന്റെ പേരിൽ 20 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ ക്രൂരമായ മാനസിക പീഡനം നേരിടേണ്ടി വരിക. തന്നെ കാത്തിരിക്കുന്ന സ്വന്തം പെണ്മക്കളെയോർത്ത് ചെയ്യാത്ത കുറ്റം ഏറ്റെടുക്കുക. ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞിട്ടുപോലും അധിക്ഷേപം നേരിട്ട് അതേ സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വരിക. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശിനിയായ ദലിത് സ്ത്രീ നേരിട്ടതൊക്കെ അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയിരുന്നു ഏറെനേരം. അരികുവത്കരിക്കപ്പെട്ടവരെ ശത്രുപക്ഷത്ത് നിർത്തുകയും സമ്പന്നർക്ക് മുന്നിൽ കാക്കിക്കുപ്പായം പണയം വെയ്ക്കുകയും ചെയ്യുന്ന പ്രാകൃത മനോഭാവത്തിലേക്ക് കേരളത്തിന്റെ നിയമപാലകരും ക്രമസമാധാന സംവിധാനവും മാറിയെന്നതാണ് കഴിഞ്ഞ 9 വർഷം കൊണ്ട് കേരളത്തിലുണ്ടായ മാറ്റം.
മാല മോഷ്ടിച്ചുവെന്ന പരാതി ലഭിച്ചതോടെ ജാതിയും നിറവും നോക്കി പ്രതിയാരെന്ന് തീർപ്പുകല്പിച്ച പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബിന്ദുവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചത്. പെണ്മക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ചെയ്യാത്തത് സമ്മതിക്കേണ്ടി വന്ന ഒരു നിർധനയായ അമ്മയായി ബിന്ദു മാറുകയായിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാൻ പറയുന്ന മനുഷ്യത്വമില്ലായ്മയിൽ വരെയെത്തിനിൽക്കുന്നു കേരളത്തിലെ പൊലീസ് എന്ന് കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നു. ഒരു പകൽ മുഴുവൻ സ്വന്തം അമ്മയെവിടെയെന്നറിയാതെ ആ പെൺകുട്ടികൾ ആധി പിടിച്ചിരുന്നു. ഏത് നിയമത്തിന്റെ പിൻബലത്തിലാണ് അറസ്റ്റ് വിവരം ഉറ്റവരെ അറിയിക്കാതെ മറച്ചുവെയ്ക്കാൻ പൊലീസ് തയ്യാറായത്? ഒടുവിൽ മാല കിട്ടിയെന്ന് വീട്ടുകാർ പറയുമ്പോൾ, കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്ന് പറഞ്ഞ് ഒരു നിരപരാധിയെ സ്റ്റേഷനിൽ നിന്നെ ആട്ടിയിറക്കി വിട്ടത് എത്ര ക്രൂരമാണ്.
ബിന്ദു ഒരു പ്രതീകമാണ്. പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള ഒട്ടേറെ മനുഷ്യരുടെ പ്രതീകം. ഭരണകൂടത്തിൽ നിന്ന് അവർ നേരിടുന്ന മനുഷ്യത്വമില്ലാത്ത പ്രവൃത്തികളുടെ പ്രതീകം. സിപിഎം ലോക്കൽ കമ്മിറ്റി നേരിട്ട് നിയന്ത്രിക്കുന്ന നിലയിലേക്ക് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ എത്തിച്ച ആഭ്യന്തര വകുപ്പാണ് ഈ ഹീനമായ കാഴ്ചകളുടെ, മനം മരവിക്കുന്ന വാർത്തകളുടെ ഉത്തരവാദികൾ. അടിയന്തരമായി സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ഒട്ടും കാലതാമസമില്ലാതെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരവും കർശനവുമായ നടപടിയെടുക്കണം. അല്ലാത്തപക്ഷം നീതിക്ക് വേണ്ടി തെരുവിലിറങ്ങാൻ കോൺഗ്രസുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

