ബി.ജെ.പിയുടെ അടുക്കള വിഭവങ്ങൾ വിൽക്കുന്നത് സി.പി.എം കൗണ്ടറിൽ -കെ.സി. വേണുഗോപാൽ
text_fieldsആലപ്പുഴ: ബി.ജെ.പിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സി.പി.എം മാറിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവിഭാഗത്തെ ലക്ഷ്യമിട്ട് തെരഞ്ഞെടുത്ത പത്രങ്ങൾക്ക് മാത്രം പരസ്യം നൽകിയത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണ്. ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫിലേക്ക് വരുന്നത് തടയാനുള്ള ബി.ജെ.പിയുടെ ആഗ്രഹമനുസരിച്ചാണ് സി.പി.എം പരസ്യം നൽകിയത്.
കേരളത്തിലെ മുനമ്പം വിഷയം മണിപ്പൂരാക്കാനാണ് ചിലർ ശ്രമിക്കുന്നത്. അവിടെ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം കിട്ടണം. ഇതിന് മുന്നിട്ടിറങ്ങിയ പാണക്കാട് തങ്ങളെ അഭിനന്ദിക്കുന്നതിനുപകരം, സി.പി.എം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് കേരളത്തിൽ സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

