‘സാറയെവിടെ, ഫോട്ടോ എങ്ങനെയുണ്ട്’; ചിരിപടർത്തി എ.കെ ആന്‍റണി
text_fieldsകെ.സി. ജോസഫിന്‍റെ നിയമസഭ പ്രസംഗങ്ങൾ അടങ്ങിയ പുസ്തകം പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്യും മുമ്പ് കെ.സി ജോസഫിന്‍റെ പത്നി സാറ ജോസഫിനെ കാണിക്കുന്ന എ.കെ ആന്‍റണി. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് സമീപം ചിത്രം -പി.ബി.ബിജു
തിരുവനന്തപുരം: ‘സാറയെവിടെ’? പ്രകാശനത്തിനായി പൊതിയഴിച്ച കെ.സി ജോസഫിന്‍റെ പുസ്തകം കയ്യിൽ പിടിച്ച് എ.കെ ആന്‍റണി ചുറ്റും നോക്കിയപ്പോൾ സദസ്സിലൊന്നാകെ ചിരി. ‘ഇതാ ഇവിടെയുണ്ടെന്ന്’ ജോസഫിന്‍റെ പത്നി സാറ. ‘ആദ്യം സാറ കാണട്ടെ, ഈ ഫോട്ടോ എങ്ങനെയുണ്ട്’ എന്ന ആന്‍റണിയുടെ ചോദ്യവും അകമ്പടിയായി കൂട്ടച്ചിരിയും.
പുറം ചട്ടയിലെ ഫോട്ടോ കൊള്ളാമെന്ന ഭാവത്തിൽ സാറ തലയാട്ടി. കെ.സി.ജോസഫിന്റെ നിയമസഭാ പ്രസംഗങ്ങള്‍ അടങ്ങുന്ന പുസ്തകത്തിന്റെ ഇന്ദിരാഭവനില്‍ നടന്ന പ്രകാശന ചടങ്ങിലായിരുന്നു രസകരമായ നിമിഷങ്ങൾ. ‘ജോസഫ് ചെറുപ്പമായിരിക്കുന്നു, മനോഹരമായിട്ടുണ്ടെന്ന് കൂടി ആന്‍റണി പറഞ്ഞുവെച്ചു. വോട്ടുപിടിച്ച ഫോട്ടോയാണെന്ന് ഇതിനിടയിൽ വേദിയിലുണ്ടായിരുന്ന കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ കമന്‍റും.
ആന്‍റണി പ്രസംഗം തുടങ്ങിയതും അൽപം കുടുംബകാര്യം പറഞ്ഞാണ്. ‘കാലണ വരുമാനമില്ലാത്ത കാലത്ത് ബാങ്ക് ഓഫീസർ ആയിരുന്ന സാറ എന്ത് കണ്ടിട്ടാണ് കെ.സി ജോസഫിന്റെ കൂടെ സാഹസികമായി ഇറങ്ങിപ്പുറപ്പെട്ടതെന്നായിരുന്നു ചോദ്യം. സമകാലീന കേരള രാഷ്ട്രീയത്തിലെ പൊതുപ്രവർത്തകർക്കും പ്രത്യേകിച്ച് നിയമസഭ സാമാജികർക്ക് മാതൃകയാണ് കെ.സിയെന്ന ആമുഖത്തോടെ പിന്നെ അൽപം ഗൗരവ രാഷ്ട്രീയകാര്യത്തിലേക്ക് ആൻറണി ചുവടുമാറി.
പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ദീപാ ദാസ് മുന്‍ഷി, വി.എം.സുധീരന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, ബി.എസ്.ബാലചന്ദ്രന്‍, ബെന്നി ബഹനാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, എന്‍.ശക്തന്‍, എ.പി. അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍, ഉമാ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

