കയ്പമംഗലം അപകടം: ഗഡ്കരിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ‘ദേശീയപാതയുടെ സുരക്ഷ സമഗ്രമായി പരിശോധിക്കണം’
text_fieldsതിരുവനന്തപുരം: കയ്പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ന്റെ മുഴുവൻ ഭാഗങ്ങളിലും സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി കത്തയച്ചു.
സെപ്റ്റംബർ അഞ്ചിന് കയ്പമംഗലം പനമ്പിക്കുന്നിലാണ് തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കണം.
കേരളത്തിന്റെ ഗതാഗത സംവിധാനത്തിലും സാമ്പത്തിക വികസനത്തിലും വലിയ മാറ്റം സൃഷ്ടിക്കുന്ന സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് എൻ.എച്ച്-66 വികസനം. എന്നാൽ നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ, വീതികുറഞ്ഞ പാതകൾ, പൂർത്തിയാകാത്ത ഭാഗങ്ങൾ, നിർമാണ മേഖലകൾ എന്നിവയിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഈ മേഖലകളിൽ സുരക്ഷ മുന്നിർത്തിയുള്ള ഗതാഗത നിയന്ത്രണം ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു.
കയ്പമംഗലം അപകടത്തെ ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാതെ, കേരളത്തിലെ എൻ.എച്ച്-66 നിർമാണ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ സമഗ്രമായി വിലയിരുത്താനുള്ള അവസരമായി കാണണം. നിർമാണം നടക്കുന്ന എല്ലാ ഭാഗങ്ങളിലും സ്വതന്ത്രവും സമഗ്രവുമായ സുരക്ഷാ പരിശോധന ഉടൻ നടത്താൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി ഗഡ്കരിയോട് ആവശ്യപ്പെട്ടു.
താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകളുടെ സുരക്ഷ, ലൈറ്റിങ്, മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടീവ് മാർക്കിങ്ങുകൾ, ബാരിക്കേഡുകൾ, ഡെലിനേറ്ററുകൾ, ക്രാഷ് ബാരിയറുകൾ തുടങ്ങിയ സംവിധാനങ്ങൾ മതിയായ രീതിയിൽ ഒരുക്കിയിട്ടുണ്ടോയെന്ന് പരിശോധനയിൽ വിലയിരുത്തണം. പ്രത്യേകിച്ച് നിലവിലുള്ള പാതയിൽനിന്ന് ഗതാഗതം മറ്റൊരു ഭാഗത്തേക്ക് മാറ്റുന്ന ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.
നിർമാണ മേഖലകളിൽ നിർമാണ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും എങ്ങനെ പാർക്ക് ചെയ്യുന്നു, അവയുടെ സഞ്ചാരവും പാർക്കിങ്ങും നിയന്ത്രിക്കാൻ മതിയായ സംവിധാനം നിലവിലുണ്ടോ, അപകടകരമായതോ അനധികൃതമായതോ ആയ പാർക്കിങ് തടയാൻ നടപടികളുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയുടെ ഭാഗമാക്കണം. കയ്പമംഗലം അപകടത്തിൽ ലോറി നിയമവിരുദ്ധമായി പാർക്ക് ചെയ്തിരുന്നതും വെളിച്ചവും റിഫ്ലക്ടീവ് സംവിധാനങ്ങളും അപര്യാപ്തമായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
എൻ.എച്ച്.എ.ഐ നിർദേശിച്ച സുരക്ഷാ നിബന്ധനകളും ട്രാഫിക് മാനേജ്മെന്റ് പദ്ധതികളും കരാറുകാർ കർശനമായി പാലിക്കുന്നുണ്ടോയെന്നും ബന്ധപ്പെട്ട അധികൃതർ ഫലപ്രദമായ മേൽനോട്ടവും നിരീക്ഷണവും നടത്തുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എൻ.എച്ച്-66ന്റെ നിർമാണം പുരോഗമിക്കുന്ന മുഴുവൻ ഭാഗങ്ങളിലും സ്വതന്ത്രവും സമയബന്ധിതവുമായ സുരക്ഷാ പരിശോധന നടത്താൻ കേന്ദ്രമന്ത്രി വ്യക്തിപരമായി ഇടപെടണമെന്നും പരിശോധനയിൽ കണ്ടെത്തുന്ന വീഴ്ചകൾ അടിയന്തരമായി പരിഹരിക്കാൻ എൻ.എച്ച്.എ.ഐക്ക് നിർദേശം നൽകണമെന്നും വി.ഡി. സതീശൻ കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

