കായംകുളം: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കായംകുളം മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗൺസിലർ നിസാം കാവിലാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സിയാദ് ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. സിയാദിനെ കുത്തി കൊലപ്പെടുത്തിയ മുഖ്യ പ്രതി മുജീബ് നേരത്തേ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടത് നിസാമിന്‍റെ വാഹനത്തിലായിരുന്നു. കൊലപാതക വിവരം അറിഞ്ഞിട്ടും നിസാം മറച്ചുവെച്ചെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് കായംകുളത്തെ എം.എസ്.എം സ്‌കൂളിന് സമീപത്ത് വെച്ചാണ് സിയാദിനെ മുജീബ് റഹ്മാൻ കുത്തി കൊലപ്പെടുത്തിയത്. ഇതിനുശേഷം രക്ഷപ്പെട്ട മുജീബിനെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി. സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ മറ്റൊരു സംഘർഷത്തിൽ വെട്ടേറ്റ മുഖ്യപ്രതി മുജീബ് റഹ്മാൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് അറസ്റ്റിലായത്. കൊലപാതക കേസുകളിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുജീബ്.