കായംകുളം ഗവ. ആശുപത്രി ആക്രമണം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ
text_fieldsഅരുൺ അന്തപ്പൻ
കായംകുളം: വിവാദമായ ഗവ. ആശുപത്രി അക്രമണ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചിറക്കടവം ഗീതാഞ്ജലിയിൽ അരുൺ അന്തപ്പനാണ് (31) പിടിയിലായത്. കഴിഞ്ഞ ഓണനാളിലാണ് സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ഒരുസംഘം ആശുപത്രിയിൽ അഴിഞ്ഞാടിയത്. ഒ.പി കൗണ്ടറിൽ അതിക്രമിച്ചുകയറി ഗൈനക്കോളജി ഒ.പി മുറിയുടെ ഗ്ലാസ് ഡോറും കസേരകളും ടോക്കൺ മെഷീനും മറ്റും തകർത്തു.
സംഭവശേഷം അരുൺ ചെന്നൈ, പാലക്കാട്, വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ സാജിദ്, സുധീർ, വിനോദ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയും കായംകുളത്തെ ഗുണ്ടലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് അരുൺ. സംഭവസമയത്ത് സാജിദ് സി.പി.എം ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗവും അരുണും സുധീറും ബ്രാഞ്ച് സെക്രട്ടറിമാരുമായിരുന്നു.
പ്രതികളുടെ പാർട്ടി ബന്ധം ചർച്ചയായതോടെ ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.വിഷയത്തിൽ അന്വേഷണത്തിന് ഏരിയ സെന്റർ അംഗങ്ങളായ എസ്. നസീം, ബി. അബിൻഷ എന്നിവരെ കമീഷനെയും നിശ്ചയിച്ചിരുന്നു. പ്രതികളിൽനിന്ന് മൊഴി രേഖപ്പെടുത്താനായില്ലെന്ന കാരണത്താൽ അന്വേഷണം തടസ്സപ്പെട്ടിരുന്നു.
മുഖ്യപ്രതി അറസ്റ്റിലായതോടെ സമിതി നിലപാടും ചർച്ചയാകും.ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശാനുസരണം സി.ഐ മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ ഉദയകുമാർ, എ.എസ്.ഐ നവീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

