കായംകുളത്ത് എലവേറ്റഡ് ഹൈവേ വേണം; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെക്കണ്ട് മന്ത്രി എം. ലിജു
text_fieldsകേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ മന്ത്രി എം. ലിജു സന്ദർശിക്കുന്നു
കായംകുളം: ദേശീയപാത 66ൽ കായംകുളത്ത് എലവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് മന്ത്രി എം. ലിജു. ഇതിനാവശ്യമായ നിർദേശങ്ങൾ ദേശീയപാത അതോറിറ്റിക്ക് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിലെ ദേശീയപാത വികസനം യാഥാർഥ്യമാകുമ്പോൾ കായംകുളം നഗരം രണ്ടായി വെട്ടിമുറിക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആലപ്പുഴ ജില്ലയിൽ ദേശീയപാത 66ന്റെ ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഡീവിയേഷൻ റോഡുകളുടെ പുനർനിർമാണത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് തയാറാക്കിയ 122.25 കോടി രൂപയുടെ എസ്റ്റിമേറ്റും മന്ത്രി കൈമാറി.
കായംകുളം ടൗണിലെ ഷഹീദാർ ജുമാമസ്ജിദ് മുതൽ ടെക്സ്മോ ജങ്ഷൻ വരെയുള്ള എൻ.എച്ച് 66ന്റെ 2.2 കിലോമീറ്റർ ഭാഗത്ത് മേൽപ്പാലം നിർമിക്കണമെന്നത് ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി പ്രധാന വാണിജ്യ സ്ഥാപനങ്ങളും പാർപ്പിട മേഖലകളും സർക്കാർ ഓഫിസുകളുമായി കായംകുളം വളർന്നുകഴിഞ്ഞു.
എന്നാൽ, നിലവിൽ നിർദേശിച്ചിട്ടുള്ള, മണ്ണുനിറച്ച ആർ.ഇ മതിൽ വഴിയുള്ള ഹൈവേ നിർമാണം നഗരത്തെ രണ്ടാക്കി വെട്ടിമുറിക്കുകയും ഇത് ജനങ്ങളുടെ യാത്രയെയും ദൈനംദിന ജീവിതത്തെയും കച്ചവട സ്ഥാപനങ്ങളെയും ബാധിക്കും. ഈ പ്രദേശത്തെ മണ്ണ് വളരെ ബലഹീനവും മൃദുവായതുമാണ്. എന്നാൽ തൂണുകളിൽ നിർമിക്കുന്ന മേൽപ്പാലം കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിലുള്ള തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുമെന്ന് മാത്രമല്ല, കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യും.
മറ്റൊരു പ്രധാന പ്രശ്നം, നിർദിഷ്ട തീരസംരക്ഷണ ഭിത്തി പടിഞ്ഞാറൻ ഭാഗത്തെയും പ്രധാന നഗരഭാഗത്തെയും തമ്മിൽ ഒറ്റപ്പെടുത്തും. കായംകുളത്തിന്റെ പടിഞ്ഞാറൻ തീരം അതിന്റെ ദൃശ്യവും അദൃശ്യവുമായ സമ്പത്തിന് പേരുകേട്ടതാണ്. കൂടാതെ ഇത് ഏറെ സാധ്യതകളുള്ള ഒരു മത്സ്യബന്ധന തുറമുഖവുമാണ്. മികച്ച വിനോദസഞ്ചാര സാധ്യതകളുള്ള ഈ പ്രദേശത്ത്, ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ദേശീയപാത മുറിച്ചുകടന്നുള്ള പ്രദക്ഷിണങ്ങളടക്കം നടക്കാറുണ്ട്. നിലവിൽ നിർദ്ദേശിച്ചിട്ടുള്ള പരിമിതമായ അടിപ്പാതകൾ ഇത്തരം സാംസ്കാരിക ആഘോഷങ്ങളെയും ചരക്കുനീക്കത്തെയും ബാധിക്കും.
കായംകുളത്തെ ജനങ്ങളുടെ ന്യായമായ ആശങ്കകളും ആഗ്രഹങ്ങളും കണക്കിലെടുത്ത്, ഈ 2.2 കി.മീ ഭാഗത്ത് പൂർണമായും മേൽപ്പാലം നിർമിക്കുന്നതിനായുള്ള നിർദേശം വിശദമായി പുനഃപരിശോധിക്കണമെന്നും അത് നടപ്പാക്കുന്നതിന് വേണ്ട നിർദേശങ്ങൾ ദേശീയപാത അതോറിറ്റിക്ക് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒപ്പം, ആലപ്പുഴ ജില്ലയിൽ ദേശീയപാത 66ന്റെ ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുന്നതിനും അതിനോട് അനുബന്ധിച്ചുള്ള ഡീവിയേഷൻ റോഡുകളുടെ പുനർനിർമാണത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് തയാറാക്കിയ 122.25 കോടിയുടെ എസ്റ്റിമേറ്റും മന്ത്രി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

