Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകായംകുളം കള്ളനോട്ട്...

കായംകുളം കള്ളനോട്ട് കേസ്; പിടിച്ചതിലും വലുത് മാളങ്ങളിൽ

text_fields
bookmark_border
കായംകുളം കള്ളനോട്ട് കേസ്; പിടിച്ചതിലും വലുത് മാളങ്ങളിൽ
cancel

കായംകുളം: ഒാണാട്ടുകരയിലെ കള്ളനോട്ട് ശൃംഖലയിൽ പിടിക്കപ്പെട്ടവരേക്കാൾ കൂടുതൽ കള്ളൻമാർ മാളങ്ങൾക്കുള്ളിൽ. കാലങ്ങളായി നടന്നുവന്നിരുന്ന ഇടപാട് ഒരു നിമിഷത്തെ കൈയ്യബദ്ധത്തിലാണ് പിടിക്കപ്പെട്ടത്. ആദ്യ കണ്ണികൾ പിടിയിലായതോടെയാണ് വിതരണ ശൃംഖലയിൽ സഹായികളായിരുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉൾവലിഞ്ഞത്.

വയനാട് കൽപ്പറ്റയിൽ നിന്നും കോഴിക്കോട് -ആലപ്പുഴ വഴി കായംകുളം വരെയുള്ള കള്ളനോട്ട് വിതരണ ശൃംഖലയിലേക്ക് ചടുല വേഗതയിൽ പൊലീസിന് കടക്കാനായതാണ് മുഖ്യകണ്ണികളായ ഏഴുപേർ പിടിയിലാകാൻ കാരണമായത്. കായംകുളം, വള്ളികുന്നം, കൃഷ്ണപുരം, വവ്വാക്കാവ് എന്നിവിടങ്ങളിലായി ഒാണാട്ടുകരയിൽ നിന്നും പിടിക്കപ്പെട്ടവരുടെ സഹായികളായി പ്രവർത്തിച്ചിരുന്നവരിലേക്ക് അന്വേഷണം നീണ്ടതോടെ പലരും സ്ഥലം കാലിയാക്കിയിരിക്കുകയാണ്. അറസ്റ്റിലായവരുടെ മൊബൈൽ വിശദംശങ്ങൾ ലഭിച്ചാലുടൻ ഇവരെ തേടി യാത്ര തുടങ്ങുന്ന തരത്തിൽ പൊലീസിൽ എല്ലാം സജ്ജമാണ്.


റിമാൻറിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ സഹായികളെ സംബന്ധിച്ച് വ്യക്തത വരുത്താനാകുമെന്നും കരുതുന്നു. അതേസമയം ഒാണാട്ടുകര കേന്ദ്രീകരിച്ച് വർഷങ്ങളായി കള്ളനോട്ട് വ്യാപാരം നടന്നുവരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. നഗരത്തിൽ രാഷ്ട്രീയ പിൻബലത്തിൽ തഴച്ചുവളർന്ന 'മീറ്റർ പലിശ' വ്യാപാരത്തിൽ കള്ളനോട്ട് മാഫിയയുടെ പിൻബലമുണ്ടായിരുന്നതായ സംശയവും ഉയരുന്നു.

ഗൃഹപ്രവേശനം, വിവാഹം തുടങ്ങിയ ചടങ്ങുകളിലൂടെ കള്ളനോട്ടുകൾ വ്യാപകമായി ഡിപ്പോസിറ്റ് ചെയ്യപ്പെട്ടതായ സംശയവും രഹസ്യാന്വേഷണ വിഭാഗം ഉയർത്തുന്നു. ഇവിടങ്ങളിൽ മേശയിട്ട് നടത്തുന്ന പണം സഹായിക്കൽ പദ്ധതിയിൽ വലിയ തുകകൾ സംഭാവന ചെയ്യുക വഴിയാണ് ഇത് സാധ്യമായതെന്നാണ് സംശയം. 500 െൻറ നോട്ടുകളിൽ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയാത്തതും സംശയങ്ങൾക്കിട നൽകാതെ കൈമാറ്റത്തിന് സഹായിച്ചു. നിലവിൽ രണ്ടുവട്ടം പരിശോധിച്ചാണ് 500ന്‍റെ നോട്ടുകൾ വാങ്ങുന്നത്.

അബദ്ധത്തിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ നാട്ടിൽ വ്യാജൻ നന്നായി വിലസുമായിരുന്നെന്നാണ് പൊലീസ് പോലും പറയുന്നത്. ഏറ്റവും ഒടുവിൽ എത്തിയത് അഞ്ച് ലക്ഷമാണ്. ഇതിന്‍റെ പകുതിയാണ് ഇതുവരെ കണ്ടെടുക്കാനായത്. ബാക്കിയുള്ളത് ഒറ്റ തിരിഞ്ഞ് പലരുടെ കൈകളിലായി കറങ്ങി നടക്കുകയാണ്.

കാപ്പിൽ സ്വദേശി സുനിൽ ദത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൽകിയ പണം എസ്.ബി.െഎ ശാഖയിൽ നിക്ഷേപിക്കാൻ എത്തിച്ചതാണ് കള്ളനോട്ട് തിരിച്ചറിയാൻ കാരണമായത്. ഇയാൾ നൽകിയ സൂചനയിൽ ഇടനിലക്കാരനായ ഇലിപ്പക്കുളം ചൂനാട് തടായിൽവടക്കതിൽ അനസും, തുടർന്ന് കായംകുളം സ്വദേശികളായ ജോസഫ്, നൗഫൽ, ചങ്ങൻകുളങ്ങര സ്വദേശികളായ മോഹനൻ, അമ്പിളി, ആലപ്പുഴ സക്കറിയാ ബസാർ സ്വദേശി ഹനീഷ് ഹക്കിം ( 35) എന്നിവരും പിടിയിലാകുകയായിരുന്നു. ഇവരിൽ നിന്നായി നിലവിൽ കണ്ടെടുത്ത കള്ളനോട്ടുകൾ കേന്ദ്രീകരിച്ച് മാത്രമാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിന് മുമ്പും ഇവർ വമ്പൻ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന സംശയം പ്രബലമാണ്. തൊണ്ടി ലഭ്യമല്ലാത്തതിനാൽ ഇൗ വഴിക്ക് അന്വേഷണം പോകാനാകുന്നില്ല. ഇപ്പോൾ പിടികിട്ടിയത് തന്നെ ചങ്ങലയുടെ താഴെയറ്റത്തെ ചില കണ്ണികൾ മാത്രമാണ്. ബംഗളൂരു കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടിന്‍റെ പ്രധാന ഉറവിടത്തിലേക്ക് എത്തിച്ചേരാനുള്ള നീക്കങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്.


Show Full Article
TAGS:Counterfeit note fake currency case 
News Summary - Kayamkulam Counterfeit Case updates
Next Story