You are here

കവളപ്പാറയിൽ തിരച്ചില്‍ അവസാനിപ്പിച്ചു; മരിച്ചവര്‍ക്കും കാണാതായവര്‍ക്കും രക്ഷാസേനയുടെ ആദരാഞ്ജലി 

kavalappara

എടക്കര: കവളപ്പാറ ദുരന്തഭൂമിയില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 19 ദിവസത്തെ ദുഷ്കര ദൗത്യത്തിനുശേഷം, 11 മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകാത്ത വേദനയോടെയാണ് രക്ഷാസേനയുടെ പിന്‍വാങ്ങല്‍. 

ദുരന്തത്തില്‍ മരിച്ചവര്‍ക്കും കാണാതായവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രക്ഷാസേന ചൊവ്വാഴ്​ച വൈകീട്ട്​ മൂ​േന്നാടെ മടങ്ങി. അവസാന ദിനത്തിൽ മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളാണ് തിരച്ചിലിന് ഒരുക്കിയിരുന്നത്. എന്നാല്‍, തലേദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് ഇവ പ്രവര്‍ത്തിപ്പിക്കാനായില്ല. തോട് ഗതിമാറ്റി വിട്ടെങ്കിലും മണ്ണും ചളിയും നിറഞ്ഞതിനാല്‍ യന്ത്രം ഈ ഭാഗത്ത് ഇറക്കാനായില്ല. ഫയര്‍ ഓഫിസര്‍മാരടക്കം മുപ്പത്തിയഞ്ചംഗ സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

രക്ഷാദൗത്യത്തില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത് ഫയര്‍ ആന്‍ഡ് ​െറസ്ക്യൂ, ദുരന്തനിവാരണ സേന, എന്‍.ഡി.ആര്‍.എഫ്, ട്രോമാകെയര്‍, വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ നേട്ടമാണ്​. എങ്കിലും 11 മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകാത്തത് ബന്ധുക്കളെയും പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും ദുഃഖിതരാക്കി. ദുരന്തഭൂമിയില്‍നിന്ന്​ പിന്‍വാങ്ങുമ്പോള്‍ മരിച്ചവര്‍ക്കും കാണാതായവര്‍ക്കും ജില്ല ഫയര്‍ ഓഫിസര്‍ മൂസ വടക്കേതില്‍, നിലമ്പൂര്‍ ഫയര്‍ ഓഫിസര്‍ എം. അബ്​ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സന്നദ്ധ സംഘടന പ്രവര്‍ത്തകരെ നന്ദിയറിയിക്കുകയും ചെയ്തു. 


നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങിനില്‍ക്കും, കണ്ണീർപ്രണാമം 
എടക്കര: ഞങ്ങള്‍ മടങ്ങുന്നു... തീരാത്ത വേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും, കണ്ണീര്‍പ്രണാമം. പതിനെട്ടുനാള്‍ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മഞ്ചേരി ഫയര്‍ സ്​റ്റേഷനിലെ അസിസ്​റ്റൻറ്​ സ്​റ്റേഷന്‍ ഓഫിസര്‍ ഇ.കെ. സലീം നവമാധ്യമങ്ങളില്‍ കോറിയിട്ട വരികളാണിത്. അതിങ്ങനെ തുടരുന്നു- 

‘‘മനുഷ്യപ്രയത്നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്. പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായർ. അമ്പത്തൊമ്പത് പേരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഒരു നിമിഷംകൊണ്ട് പെയ്തിറങ്ങിയ അശനിപാതം. കവളപ്പാറയിലെ തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്. 

ഹതഭാഗ്യരായ 59 പേരില്‍ 48 പേരെ ഉപചാരങ്ങളോടെ മണ്ണി​​െൻറ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി എന്ന ചാരിതാര്‍ഥ്യത്തോടെ. മായാത്ത വേദനയായി ഇനിയും ആ 11 പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു. മുത്തപ്പന്‍കുന്നിടിഞ്ഞ് വീണ 40 അടിയോളമുള്ള മണ്ണി​​െൻറ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സി​​െൻറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങിനില്‍ക്കും, ഞങ്ങളുടെ പാഠപുസ്തകങ്ങളില്‍ നിന്ന്​ പ്രകൃതി കീറിയെടുത്ത പാഠങ്ങളുടെ പ്രതീകമെന്നോണം.’’ ദുരന്തഭൂമിയില്‍ കൈമെയ്​ മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ മനസ്സില്‍, കണ്ടെടുക്കാനാകാത്ത 11 പേരുടെ ദുഃഖസ്മരണകള്‍ അലയടിക്കുന്നെന്ന് ഈ വരികള്‍ വിളിച്ചു പറയുന്നു. 


ദുരന്തനിവാരണ സേനക്ക്​ ജില്ല ഭരണകൂടത്തി​​െൻറ സ്നേഹാദരം
മലപ്പുറം: ജില്ലയിലെ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ ജില്ല ഭരണകൂടത്തി​​െൻറ ആഭിമുഖ്യത്തില്‍ ആദരിച്ചു. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതോടെയാണ് ക്യാമ്പിലേക്ക് മടങ്ങുന്ന സേനാംഗങ്ങളെ ആദരിച്ചത്. 

മൂന്ന്​ സംഘങ്ങളായി 83 സേനാംഗങ്ങൾ 18 ദിവസം നീണ്ട തിരച്ചിലില്‍ പങ്കെടുത്തിരുന്നു. മാഞ്ചീരി കോളനി, വാണിയമ്പുഴ കോളനി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ദുരന്തങ്ങളിലും ഇവർ രക്ഷാപ്രവർത്തനം നടത്തി. ജില്ല കലക്ടര്‍ ജാഫര്‍ മലിക് പ്രശസ്തിപത്രവും മെമ​േൻറായും സമ്മാനിച്ചു. 

കവളപ്പാറയിൽ 11 പേരൊഴികെ മറ്റുള്ളവരെയെല്ലാം കണ്ടെത്താന്‍ കഴിഞ്ഞെന്നത് വിവിധ സേനകളും ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധ സംഘടനകളും ഒരുമയോടെ പ്രവര്‍ത്തിച്ചതി​​​െൻറ ഫലമാണെന്ന് ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡൻറ് വിനോജ് ജോസഫ് പറഞ്ഞു. അസി. കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം എൻ.എം മെഹറലി, ​െഡപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍. പുരുഷോത്തമന്‍, ഡോ. ജെ.ഒ. അരുണ്‍, അബ്​ദുസമദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ സംസാരിച്ചു.


ബന്ധുക്കൾ മരിച്ചയാൾക്ക്​ ജാമ്യം
മഞ്ചേരി: കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചു. പോത്തുകല്ല് ഭൂദാനം കവളപ്പാറ ശങ്കരന്‍കുട്ടിക്കാണ് ജില്ല കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യസംഖ്യക്കുള്ള രണ്ടാൾ ജാമ്യവും എന്ന വ്യവസ്ഥയോടെയാണിത്. എന്നാൽ, ജാമ്യവ്യവസ്ഥ പാലിക്കാൻ സാധിക്കാത്തതിനാൽ ഇയാൾക്ക് പുറത്തിറങ്ങാനായില്ല. 

ഭാര്യ സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ശങ്കരന്‍കുട്ടി. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ ബന്ധുക്കളെ നഷ്​ടപ്പെട്ടതിന് തുടർന്ന് കഴിഞ്ഞദിവസം ജില്ല സെഷൻസ് കോടതി ഒരു ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. ജാമ്യമെടുക്കാന്‍ ആളില്ലാത്തതിനാൽ 2018 ഒക്‌ടോബര്‍ 25 മുതല്‍ മഞ്ചേരി സ്‌പെഷല്‍ സബ്ജയിലിലാണ്​.

Loading...
COMMENTS