You are here

കവളപ്പാറയിൽ മരണം 22 ആയി

18:16 PM
13/08/2019

നിലമ്പൂർ: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ഒമ്പതുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം 22 ആയി. തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ പ്ലാന്തോട്ടത്തിൽ സുബ്രഹ്മണ്യ​​െൻറ ഭാര്യ സുധ (27), പള്ളത്ത് വീട്ടിൽ വർഗീസി​​െൻറ ഭാര്യ അഖിത മാനുവൽ (35), പള്ളത്ത് വീട്​ ശിവ​​െൻറ ഭാര്യ രാജി (38) എന്നിവരുടെയും തിരിച്ചറിയാത്ത രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ്​ കിട്ടിയിരുന്നത്​. ചൊവ്വാഴ്ച നാല്​ മൃതദേഹങ്ങളാണ്​ ലഭിച്ചത്​.

ഒര​ുസ്​ത്രീയുടെയും രണ്ട്​ പുരുഷന്മാരുടെയും മൃതദേഹവും സ്​ത്രീയാണോ പുരുഷനാണോ എന്ന്​ തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ്​ കണ്ടെത്തിയത്. തിരച്ചിൽ ബുധനാഴ്ചയും തുടരുമെന്ന് മലപ്പുറം എസ്.പി യു. അബ്​ദുൽ കരീം അറിയിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും അഗ്​നിരക്ഷ സേനാംഗങ്ങളും സൈന്യവും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകരും ദുരന്ത ഭൂമിയിൽ തിരച്ചിലിന് നേതൃത്വം നൽകുന്നു. 

മലപ്പുറം ജില്ലയിൽ ജീവൻ നഷ്​ടമായത്​ 33 പേർക്ക്
മലപ്പുറം: കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി മലപ്പുറം ജില്ലയിൽ ജീവൻ നഷ്​ടമായത്​ 33 പേർക്ക്​. കവളപ്പാറ ദുരന്തത്തിൽ മാത്രം ജീവൻ നഷ്​ടമായത്​ 22 പേർക്കാണ്​. ഇനിയും 50 പേരെ കണ്ടെത്താനുണ്ടെന്നാണ്​ ഔദ്യോഗിക കണക്ക്​. എടവണ്ണയിൽ നിർമാണത്തിലിരിക്കുന്ന വീട്​ തകർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചിരുന്നു. കോട്ടക്കുന്ന്​ ടൂറിസം പാർക്കിന്​ സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരു മൃതദേഹം കൂടി ലഭിച്ചതോടെ ഇവിടെ മരണം മൂന്നായി. വഴിക്കടവ്​ ആനമറി ചെക്ക്​പോസ്​റ്റിന്​ സമീപം വീടിന്​ മുകളിലേക്ക്​ മണ്ണിടിഞ്ഞ്​ രണ്ട്​ സഹോദരിമാരും പുറത്തൂരിൽ തെങ്ങുവീണ്​ ഒരാളും മരിച്ചിരുന്നു. തിരുനാവായ പല്ലാറിൽ ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷിച്ച യുവാവ് ചൊവ്വാഴ്​ച മുങ്ങിമരിച്ചു. 

വെള്ളം ഇറങ്ങിയതോടെയാണ്​ നിലമ്പൂരിലെ ദുരിതത്തി​​െൻറ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത്​. പോത്തുകല്ല്​ പഞ്ചായത്തിലെ പാതാർ അങ്ങാടി, അമ്പിട്ടാംപൊട്ടി എന്നിവിടങ്ങളിലായി നിരവധി വീടുകളാണ്​ തകർന്നത്​. പാതാർ അങ്ങാടി പുനർനിർമിക്കാൻ സാധ്യമല്ലാത്ത രീതിയിൽ തകർന്നുപോയി. ഇവി​െട 12 വീടുകളും നിരവധി കടകളും നശിച്ചു. അമ്പിട്ടാ​ംപൊട്ടിയിൽ നൂറിലധികം വീടുകളാണ്​ തകർന്നത്​. ജില്ലയിൽ മൊത്തം 210 വീടുകൾ പൂർണമായും 1,744 വീടുകൾ ഭാഗികമായും തകർന്നു. ചൊവ്വാഴ്​ചയോടെ ജില്ലയിൽ 76 ക്യാമ്പുകൾ അവസാനിച്ചു​. നിലവിൽ 165 ക്യാമ്പിലായി 38,446 പേരാണുള്ളത്​. നിലമ്പൂരിലും തിരൂരങ്ങാടിയിലുമാണ്​ കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്​. 


വെള്ളക്കട്ടയിൽ ഉരുൾപൊട്ടിയത്​ മൂന്നിടങ്ങളിൽ
നിലമ്പൂർ: കവളപ്പാറയേക്കാൾ വലിയ ദുരന്തമുണ്ടാകുമായിരുന്ന വഴിക്കടവ് വെള്ളക്കട്ടയിൽനിന്ന്​ പ്രദേശവാസികൾ രക്ഷപ്പെട്ടത്​ മുൻകരുതൽ എടുത്തതിനാൽ. വെള്ളക്കട്ടയിൽ മൂന്നിടങ്ങളിലായാണ് ഉരുൾപൊട്ടലുണ്ടായത്. മലവെള്ള പാച്ചിലിൽ ഒരു പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച വൈകീട്ടാണ് നാടുകാണി ചുരം താഴ്വാര പ്രദേശമായ വെള്ളക്കട്ട അട്ടിയിൽ ഉരുൾപൊട്ടലുണ്ടായത്.

സമീപ പ്രദേശമായ ആനമറിയിൽ ഉരുൾപൊട്ടിയതിന് അര മണിക്കൂറിന് ശേഷമായിരുന്നു ഇത്. ആനമറിയിലെ ഉരുൾപൊട്ടലിൽ സഹോദരികളായ രണ്ടുപേർ മരിച്ചിരുന്നു. ഇ​േതാടെ, സമീപപ്രദേശമായ വെള്ളക്കട്ടയിൽനിന്ന്​ കുടുംബങ്ങളോട്‌ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ആളുകൾ വീടൊഴിഞ്ഞ പിന്നാലെയാണ് ഇവിടെ ഉരുൾപൊട്ടലുകളുണ്ടായത്. 

കാഞ്ഞിരേൽ കോളനി, തേക്കുംകുറ്റിയാൽ പട്ടികജാതി കോളനി, കുറുമ കോളനി എന്നിവിടങ്ങളിലൂടെ മലവെള്ള പാച്ചിലുണ്ടായി. നിരവധി വിടുകളിൽ വെള്ളം കയറി. നാടുകാണി ചുരത്തിലെ പാണ്ടംപാറ, തേൻപാറ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് താഴെ കോളനികളിലൂടെ മലവെള്ളപാച്ചിലുണ്ടായത്. കാഞ്ഞിരേൽ തോട്ടിലൂടെ അതിശക്തമായ വെള്ളപാച്ചിലുണ്ടായി. കോളനികളുടെ നേർരേഖയിൽ ചെങ്കുത്തായ നാടുകാണി ചുരം പർവത പ്രദേശത്താണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണ്. മണിമൂളി സി.കെ.എച്ച്.എസ് സ്കൂളിലെ ക്യാമ്പിലാണ് ഇവിട​െത്ത കുടുംബങ്ങൾ. 


നിലമ്പൂർ മേഖലയിൽ പ്രളയം രൂക്ഷമാക്കിയത് വനത്തിലെ ഉരുള്‍പൊട്ടലുകള്‍
എടക്കര: മേഖലയിൽ പ്രളയദുരന്തം രൂക്ഷമാക്കിയത് അതിര്‍ത്തിവനത്തിലുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകൾ. ചാലിയാറി​​െൻറ പ്രഭവകേന്ദ്രമായ മുണ്ടേരി അതിര്‍ത്തി വനത്തിലുണ്ടായ ഉരുള്‍പൊട്ടലുകളാണ് ഇത്രയേറെ കെടുതികള്‍ക്ക് കാരണമായത്. പോത്തുകല്ല്​-മുണ്ടേരി പാതയില്‍ നിന്നുതന്നെ വനത്തിലുണ്ടായ പത്തോളം വലിയ ഉരുള്‍പൊട്ടലുകള്‍ കാണാം. വന്‍മരങ്ങളും പാറകളുമാണ് ചാലിയാറിലേക്ക് ഒഴുകിയെത്തിയത്. ഇവ വന്നിടിച്ച് അമ്പിട്ടാംപൊട്ടി, ഇരുട്ടുകുത്തി, കൈപ്പിനി എന്നിവിടങ്ങളിലെ പാലങ്ങള്‍ വരെ തകര്‍ന്നു. ചാലിയാർ തീരത്തെ നിരവധി വീടുകളും മരങ്ങള്‍ വന്നിടിച്ചാണ് തകര്‍ന്നത്. ജനവാസകേന്ദ്രമായ കവളപ്പാറയിലെ ഉരുള്‍പൊട്ടലിലാണ് ആള്‍നാശമുണ്ടായതെന്ന് മാത്രം. ഇതേ പഞ്ചായത്തിലെ തന്നെ പാതാറിലും ശക്തമായ ഉരുള്‍പൊട്ടലാണുണ്ടായത്. എന്നാല്‍, ആളപായമില്ല. പാതാര്‍ അങ്ങാടിയിലെ കടകളും മറ്റും പാടെ തകര്‍ന്നു. അങ്ങാടി തന്നെ ഇല്ലാതായതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് നാട്.


 

 

 

Loading...
COMMENTS