Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചായക്കടയിലെ 'മാസ്റ്റർ...

ചായക്കടയിലെ 'മാസ്റ്റർ ഷെഫ്' കൊലക്കേസ് പ്രതി; കാൽനൂറ്റാണ്ടിന് ശേഷം കുടുങ്ങിയത് ഇങ്ങനെ

text_fields
bookmark_border
ചായക്കടയിലെ മാസ്റ്റർ ഷെഫ് കൊലക്കേസ് പ്രതി; കാൽനൂറ്റാണ്ടിന് ശേഷം കുടുങ്ങിയത് ഇങ്ങനെ
cancel

കണ്ണൂർ: കതിരൂർ വേറ്റുമ്മൽ ടി.കെ. രതീഷ് (19) വധക്കേസിൽ കാൽനൂറ്റാണ്ടായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. കേസിലെ ഏഴാം പ്രതിയായ കതിരൂർ സ്വദേശി സി.എച്ച്. അഷ്‌റഫിനെയാണ് (58) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 25 വർഷങ്ങൾക്ക് ശേഷമാണ് പിടികിട്ടാപ്പുള്ളി പൊലീസിന്റെ വലയിലാകുന്നത്.

2001ൽ നടന്ന കൊലപാതകത്തിനുശേഷം മൈസൂരു, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി, കഴിഞ്ഞ 15 വർഷമായി തളിപ്പറമ്പിനു സമീപം താമസിച്ചുവരികയായിരുന്നു. കുറുമാത്തൂരിൽ തട്ടുകട നടത്തിവരുന്നതിനിടയിലാണ് ബുധനാഴ്ച പുലർച്ചെ പൊലീസ് ഇയാളെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കുടുക്കിയത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ മറ്റു പ്രതികളുടെ വിചാരണ നേരത്തേ പൂർത്തിയായിരുന്നു.

വേറ്റുമ്മലിൽ വെച്ചാണ് അക്രമിസംഘം ബോംബെറിഞ്ഞും വെട്ടിയും രതീഷിനെ കൊലപ്പെടുത്തിയത്. വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം. ആണിക്കാംപൊയിൽ സ്‌കൂൾപറമ്പിലെ ഗീതാലയത്തിൽ രവീന്ദ്രന്റെയും ഗീതയുടെയും മകനാണ് രതീഷ്.

ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിപ്രശ്നവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. ബി.ജെ.പി. പ്രവർത്തകരെ ആക്രമിക്കാൻ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി നൽകിയ നിർദേശത്തെത്തുടർന്ന് ചുവന്ന കുപ്പായം ധരിച്ചവരെ ലക്ഷ്യമിട്ടെത്തിയെങ്കിലും, കൃത്യം നടപ്പിലാക്കുന്നതിനിടയിൽ ആളുമാറി രതീഷ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് അറസ്റ്റിലായവർ അന്നേദിവസം പൊലീസിന് നൽകിയ മൊഴി. സംഭവത്തിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ച് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

തട്ടുകടയിലെ 'മാസ്റ്റർ ഷെഫ്'; ഒടുവിൽ കുടുങ്ങി

കുറുമാത്തൂരിൽ ദിവസേന പുലർച്ചെ അഞ്ചിന് തുറക്കുന്ന തട്ടുകടയിലെ സ്ഥിരം കാഴ്ചയായിരുന്നു അഷ്‌റഫ്. റബ്ബർ ടാപ്പിംഗിന് പോകുന്നവരുടെ പ്രധാന ആശ്രയമായ ഈ കടയിൽ നാലര വർഷമായി പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. നല്ലൊരു പാചകക്കാരനായ അഷ്‌റഫിനെക്കുറിച്ച് നാട്ടുകാർക്കും ഒപ്പമുള്ളവർക്കും നല്ല അഭിപ്രായമേ ഉണ്ടായിരുന്നുള്ളൂ. 15 വർഷംമുൻപ് കേരളത്തിലെത്തിയ പ്രതി പഴയ പേരിൽത്തന്നെ പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നിവിടങ്ങളിൽ തട്ടുകട നടത്തി. ഇതിനിടെ 2 വിവാഹവും കഴിച്ചു.

കുടുംബത്തെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ബുധനാഴ്ച പുലർച്ചെ പതിവില്ലാത്തവിധം തട്ടുകടയിലെത്തിയ പൊലീസ് സംഘം അഷ്‌റഫിന്റെ ഫോട്ടോ മൊബൈലിൽ കാണിച്ച് ഉറപ്പുവരുത്തുകയായിരുന്നു. സ്വന്തം മുഖം മൊബൈൽ സ്ക്രീനിൽ കണ്ട ഞെട്ടലിൽ നിൽക്കെത്തന്നെ പൊലീസ് ഇയാളെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പ്രതിയുടെ 25 വർഷം മുൻപത്തെ ഫോട്ടോയും വിലാസവുംവച്ച് പൊലീസ് നടത്തിയ സമർഥമായ അന്വേഷണമാണ് കുടുക്കിയത്. ചില സുഹൃത്തുക്കളിൽനിന്നു ലഭിച്ച സൂചനകൾ അന്വേഷണത്തിൽ വഴിത്തിരിവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedKerala PolieMurder Casekannur
News Summary - ചായക്കടയിലെ 'മാസ്റ്റർ ഷെഫ്' കൊലക്കേസ് പ്രതി; കാൽനൂറ്റാണ്ടിന് ശേഷം കുടുങ്ങിയത് ഇങ്ങനെ
Next Story